Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചേർത്തല എൽ.ഡി.എഫ്...

ചേർത്തല എൽ.ഡി.എഫ് കുത്തക; തിരിച്ചുപിടിക്കാൻ യു.ഡി.എഫ്

text_fields
bookmark_border
ചേർത്തല എൽ.ഡി.എഫ് കുത്തക; തിരിച്ചുപിടിക്കാൻ യു.ഡി.എഫ്
cancel
camera_alt

ചേർത്തല മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർഥി പി. പ്രസാദിന്‍റെ ചുവരെഴുത്ത്

ചേർത്തല: രണ്ടു പതിറ്റാണ്ടായി എൽ.ഡി.എഫ് കുത്തകയാണ് ചേർത്തല മണ്ഡലം. തുടർവിജയം കൂടെ പോരുമെന്ന ഉറച്ചവിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്‍റെ പടയോട്ടം. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ‘മേൽകൈ’ നേടാനായതിന്‍റെ ആത്മവിശ്വാത്തിലാണ് യു.ഡി.എഫ്. ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 843 വോട്ട് അധികമായി നേടാനായി. തദ്ദേശത്തിലെത്തിയപ്പോൾ നില കൂടുതൽ മെച്ചപ്പെടുത്തി. 12710 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ലഭിച്ചത്.

15 വർഷമായി സി.പി.ഐയിലെ പി. തിലോത്തമൻ എം.എൽ.എയായിരുന്നു. 2021ലെ തെരഞ്ഞെടുപ്പിലാണ് സി.പി.ഐയിലെ പി. പ്രസാദ് വിജയിച്ചത്. 6,146 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രസാദ് മന്ത്രിയുമായി. ഇക്കുറിയും പി. പ്രസാദ് തന്നെയാണ് എൽ.ഡി.എഫിനായി കളത്തിലിറങ്ങുന്നത്. യു.ഡി.എഫ് പ്രഖ്യാപനം ഇനിയുമെത്തിയിട്ടില്ല. മൂന്നു പേർ ഇതിനായി ചരട് വലിക്കുന്നുണ്ട്. കെ.പി.സി.സി സെക്രട്ടറി എസ്. ശരത്ത്, യു.ഡി.എഫ് ജില്ല ചെയർമാൻ സി.കെ. ഷാജി മോഹനൻ, കെ.ആർ. രാജേന്ദ്രപ്രസാദ് എന്നിവരാണ് സീറ്റിനായി പിടിവലി മുറുക്കുന്നത്.

അന്ന് കിറ്റിന്‍റെ പേരിൽ തർക്കം; ഭിന്നത

2021ൽ സി.പി.ഐ സ്ഥാനാർഥി പി. പ്രസാദിന്‍റെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറിയുണ്ടായിരുന്നു. പ്രളയ കാലത്ത് കിറ്റ് കൊടുത്ത് പ്രശസ്തി നേടിയ എൽ.ഡി.എഫ് സർക്കാറിലെ ഭക്ഷ്യ മന്ത്രിയായിരുന്ന പി. തിലോത്തമനെ മത്സരിപ്പിക്കുമെന്ന് അദ്ദേഹം വളരെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗമായ പി. പ്രസാദിനെ സ്ഥാനാർഥിയായി അന്നത്തെ സി.പി.ഐ ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ തീരുമാനിച്ചത് പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടാക്കി. സ്ഥാനാർഥിയായ പി. പ്രസാദിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിച്ചില്ലെന്ന കാരണത്താൽ മന്ത്രി പി. തിലോത്തമന്‍റെ പേഴ്സനൽ സ്റ്റാഫിനെ സി.പി.ഐയിൽനിന്നും പുറത്താക്കിയ സംഭവം വൻ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നീട് കരുവ ലോക്കൽ കമ്മിറ്റി യോഗം പി. പ്രത്യുദിനെ പുറത്താക്കി. പി. പ്രസാദിനായി പ്രവർത്തിച്ചില്ലെന്നായിരുന്നു ആരോപണം. എന്നാൽ, ഇതൊന്നും പി. പ്രസാദിന്‍റെ ജയത്തെ ബാധിച്ചില്ല. കോൺഗ്രസിലെ എസ്. ശരത്തിനെയാണ് തോൽപിച്ചത്.

കോൺഗ്രസിന് ഗ്രൂപ്പിസം തലവേദന

തുടർച്ചയായ വിജയം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് ഇടതുക്യാമ്പ്. കൃഷി മന്ത്രി പി. പ്രസാദിനെ തന്നെയാണ് അവർ കളത്തിലിറക്കുന്നത്. ഗ്രൂപ്പിസമാണ് കോൺഗ്രസിന്‍റെ പ്രധാന തലവേദന. എ, ഐ ഗ്രൂപ്പുകൾ തമ്മിൽ അടിവലിവ് നടത്തുന്നതാണ് പ്രശ്നം.

സി.കെ. ഷാജി മോഹനും എസ്. ശരതും സീറ്റിനായി പിടിമുറുക്കിയിട്ടുണ്ട്. എന്നാൽ, കെ.സി വേണുഗോപാലിന്‍റെ ആശീർവാദത്തോടെ കയർ ഫെഡ് മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ കെ.ആർ. രാജേന്ദ്ര പ്രസാദിനെ ഉറപ്പിച്ചതായുള്ള വിവരവും പുറത്തുവരുന്നുണ്ട്. സ്ഥാനാർഥി പട്ടിക പുറത്തുവരുന്നതിന് മുമ്പേ രാജേന്ദ്ര പ്രസാദ് മണ്ഡലത്തിൽ സജീവമായി പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.

ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി പി.എസ് ജ്യോതിസിന്‍റെ പേരാണ് എൻ.ഡി.എ പരിഗണനയിലുള്ളത്. എന്നാൽ, ഇത്തവണ മറ്റൊരു നേതാവിനെ മണ്ഡലത്തിൽ ഇറക്കുമെന്ന സൂചനയും നേതൃത്വം നൽകിയിട്ടുണ്ട്. സീറ്റുറപ്പിച്ച മന്ത്രി പി. പ്രസാദിന്‍റെ ചുവരെഴുത്ത് പലയിടത്തും തുടങ്ങിയിട്ടുണ്ട്.

ഗൗരിയമ്മയെയും ആൻറണിയെയും ചേർത്തുപിടിച്ച മണ്ഡലം

ചേർത്തല മുനിസിപ്പാലിറ്റി, ചേർത്തല തെക്ക്, കടക്കരപ്പള്ളി, കഞ്ഞിക്കുഴി, മുഹമ്മ, പട്ടണക്കാട്, തണ്ണീർമുക്കം, വയലാർ എന്നീ പഞ്ചായത്തുകളും അടങ്ങുന്നതാണ് ചേർത്തല നിയമസഭ മണ്ഡലം. 1957ലാണ് നിയമസഭ മണ്ഡലം നിലവിൽ വരുന്നത്.

ആദ്യ പ്രതിനിധിയായി വന്നത് കേരളത്തിന്‍റെ വിപ്ലവനായിക കെ.ആർ. ഗൗരിയമ്മയാണ്. കോൺഗ്രസിന്‍റെ എ. സുബ്രഹ്മണ്യം പിള്ളയെ തോൽപിച്ച് ആദ്യമന്ത്രിസഭയിൽ അംഗമായി. 1960ലും വിജയം ആവർത്തിച്ചു. 1965ൽ ഗൗരിയമ്മ അരൂരിലേക്ക് കളംമാറ്റി. 1970ൽ കന്നിയങ്കത്തിനിറങ്ങിയ എ.കെ. ആന്‍റണിയും 1982ൽ വയലാർ രവിയും വിജയിച്ചു. 1991ൽ വയലാർ രവിയെ തോൽപിച്ച് സി.കെ. ചന്ദ്രപ്പൻ നിയമസഭയിലെത്തി. 1996ൽ വീണ്ടും ആന്‍റണിയെ കളത്തിലിറക്കി യു.ഡി.എഫിന് വിജയം. 2001ലും വിജയത്തുടർച്ച നേടി. 2006ൽ പി. തിലോത്തമനിലൂടെ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cherthalaelectionlocalnews
News Summary - Cherthala LDF monopoly; UDF to regain it
Next Story