നിർത്താതെപോയ കാർ പൊലീസ് പിന്തുടർന്ന് പിടികൂടി
text_fieldsമാന്നാർ: ചെന്നിത്തല കോട്ടമുറിയിൽ വാഹന പരിശോധനക്കിടെ മാന്നാർ പൊലീസിനെ വെട്ടിച്ച് അമിതവേഗത്തിൽപോയ കാർ പിന്തുടർന്ന് പിടികൂടി. ഹരിപ്പാട് കാർത്തികപ്പള്ളി ചിങ്ങോലി ലക്ഷ്മി പ്രഭയിൽ പ്രവീൺ രാജിനെതിരെ കേസെടുത്തു. കഴിഞ്ഞദിവസം രാവിലെ മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചുവന്ന കാർ ഡ്രൈവറെ ഗ്രേഡ് എസ്.ഐ ഹരിദാസ് കൈകാണിച്ചുനിർത്തി. അപ്പോഴാണ് വാഹനത്തിെൻറ മുൻഭാഗത്തെയും പിൻഭാഗത്തെയും നമ്പർ പ്ലേറ്റുകൾക്ക് വ്യത്യാസമുള്ളതായി കണ്ടെത്തിയത്.
നമ്പർപ്ലേറ്റിന് മുകളിലായി ചെയർമാൻ സനാതന വേദപാഠശാല എന്ന ബോർഡും ഘടിപ്പിച്ചിരുന്നു. പരിശോധനക്കായി വാഹന രേഖകൾ ആവശ്യപ്പെട്ടപ്പോൾ കാറിനുള്ളിൽ കയറി അമിതവേഗത്തിൽ മുന്നോട്ടെടുത്തുപോയി. വാഹനത്തിന് സമീപംനിന്ന പൊലീസ് ഡ്രൈവർ ജഗദീഷ്, ഗ്രേഡ് എസ്.ഐ ഹരിദാസ്, ഹോം ഗാർഡ് മുരളീധരൻ എന്നിവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തുടർന്ന് വാഹനത്തെ പിന്തുടർന്ന് മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തുവെച്ച് പിടികൂടുകയായിരുന്നു.