ഒറ്റപ്പുന്ന മേൽപാലത്തിൽനിന്ന് കാർ താഴേക്ക് പതിച്ചു
text_fieldsഅപകടത്തിൽപെട്ട കാർ
ചേർത്തല: ദേശീയപാതയിൽ ഒറ്റപ്പുന്ന മേൽപാലത്തിൽനിന്ന് കാർ നിയന്ത്രണംവിട്ട് താഴേക്ക് പതിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. ഗുരുവായൂർ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊല്ലം അഞ്ചൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
എറണാകുളത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകവേ ഒറ്റപ്പുന്നയിൽ മേൽപാലത്തിലേക്ക് കയറി 100 മീറ്ററോളം മുകളിലെത്തിയപ്പോൾ നിയന്ത്രണം വിട്ട കാർ നിർമാണം നടക്കുന്ന മേൽപാലത്തിന്റെ കൈവരിക്കായി സ്ഥാപിച്ച കമ്പികളിൽ തട്ടി താഴേക്ക് പതിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. അപകടം കണ്ട് ഓടിക്കൂടിയ യാത്രക്കാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിവരമറിഞ്ഞ് ചേർത്തലയിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. പരിക്കേറ്റവരെ ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവതിയുടെ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ചേർത്തല പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

