അരൂർ -കുമ്പളം പാലത്തിൽ അടിപ്പാത അത്യാവശ്യം
text_fieldsഅരൂർ- കുമ്പളം പാലത്തിനടിയിലൂടെ അടിപ്പാത പണിയാനുള്ള സ്ഥലം ജില്ലാ പഞ്ചായത്ത് അംഗം ചൂണ്ടിക്കാണിക്കുന്നു
അരൂർ: അരൂർ- കുമ്പളം പാലത്തിന്റെ അരൂർ ഭാഗത്ത് അടിപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അരൂർ- തുറവൂർ ഉയരപ്പാത നിർമാണം പൂർത്തിയാകുന്നതോടെ അരൂരിന്റെ വടക്കൻ മേഖലയിലെ ഗതാഗത സംവിധാനങ്ങൾ താറുമാറാകുമെന്നാണ് വിലയിരുത്തുന്നത്. ഇത് പരിഹരിക്കാൻ പാലത്തിനടിയിലൂടെ പാത നിർമിക്കുന്നത് അനിവാര്യമായിരിക്കുകയാണ്.
അരൂർ ബൈപ്പാസ് കവലയിലാണ് ഉയരപ്പാത അവസാനിക്കുന്നത്. തോപ്പുംപടിയിൽ നിന്നും എത്തുന്ന സംസ്ഥാന പാതയും ബൈപ്പാസ് കവലയിൽ സന്ധിക്കും. ഇതോടെ അരൂർ ബൈപ്പാസ് കവല ഗതാഗത കുരുക്കിലമരും. പ്രാദേശിക ഗതാഗത സംവിധാനം ആകെ തകരും. അരൂർ- കുമ്പളം പാലത്തിന്റെ അരൂർ ഭാഗത്തെ അപ്രോച്ച് റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ളവർക്ക് വാഹനങ്ങളുമായി അരൂർ പള്ളി, അരൂർ മാർക്കറ്റ്, സ്കൂളുകൾ, പൊതു ശ്മശാനം, സെമിത്തേരി മുതലായ സ്ഥലങ്ങളിലെത്താൻ കഴിയാത്ത സ്ഥിതിയുണ്ട്.
എതിർ ദിശയിൽ വാഹനങ്ങൾ ഓടിക്കാൻ സാധിക്കാത്തതാണ് കാരണം. അപ്രോച്ച് റോഡിന്റെ കിഴക്ക് ഭാഗത്ത് വാഹനങ്ങൾ എത്തണമെങ്കിൽ പാലത്തിനടിയിലൂടെ അടിപ്പാത പണിയേണ്ടി വരും. അടിപ്പാത പണിഞ്ഞാൽ കിഴക്കുഭാഗത്തുള്ളവർക്ക് പടിഞ്ഞാറ് ഭാഗത്ത് എത്തുന്നത് എളുപ്പമാകും. പ്രാദേശികമായ ഈ ഗതാഗത ആവശ്യത്തിന് അടിപ്പാത പണിയണമെന്ന ആവശ്യം അധികൃതർക്കും മുന്നിൽ ഉന്നയിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.
ഉയരപ്പാത നിർമാണത്തിനു ശേഷം കരാർ കമ്പനി സ്ഥലം വിട്ടു കഴിഞ്ഞാൽ അടിപ്പാത നിർമാണം ദുഷ്കരമാകും. കൈതപ്പുഴ കായലോരത്ത് ഇരുപാലങ്ങളുടെയും അടിയിലൂടെ പാത പണിയാനുള്ള പ്രദേശവാസികളുടെ ആവശ്യം ജില്ലാ പഞ്ചായത്തിൽ ഉന്നയിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ മെമ്പർ ജ്യോതിലക്ഷ്മി സ്ഥലം സന്ദർശിച്ച ശേഷം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

