Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തദ്ദേശം; വോട്ടർ ഗൈഡ്
cancel

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ സജ്ജമായിക്കഴിഞ്ഞു. നാടും നഗരവുമിളക്കി പ്രചാരണം അന്തിമ ഘട്ടത്തിലാണ്. ഏറ്റവും തഴെ തട്ടിൽ ഭരണം നിർവഹിക്കുന്ന പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന ഈ പ്രക്രിയയിൽ ഓരോ വോട്ടും നിർണായകമാണ്. നമ്മുടെ വോട്ടവകാശം വിനിയോഗിച്ച് ജനാധിപത്യത്തിന് കരുത്ത് പകരാം.

പോളിങ് സ്റ്റേഷനുകൾ സജ്ജം

ഓരോ വാർഡിലും ഒന്നോ ഒന്നിലധികമോ പോളിങ് ബൂത്തുകൾ ഉണ്ടാകും. ഗ്രാമപഞ്ചായത്തിൽ 1200 വരെയും നഗരങ്ങളിൽ 1500 വരെയും സമ്മതിദായകർ പോളിങ് ബൂത്തിൽ ഉണ്ടാകും. ബ്ലോക്ക്- ജില്ല പഞ്ചായത്തുകൾക്ക് പ്രത്യേക പോളിങ് സ്റ്റേഷൻ ഉണ്ടാകില്ല. നഗരമേഖലയിൽ 5620 ഉം ഗ്രാമീണമേഖലയിൽ 28137 പോളിങ് സ്റ്റേഷനുകളുമാണ് സജ്ജമാക്കിയിരിക്കുന്നത്.

വോട്ടുചെയ്യാൻ പട്ടികയിൽ പേര് വേണം

വോട്ട് ചെയ്യണമെങ്കിൽ വോട്ടർപട്ടികയിൽ പേര് വേണം. മത്സരിക്കാനും പട്ടികയിൽ പേര് നിർബന്ധമാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെ www.sec.kerala.gov.in എന്ന സൈറ്റിൽ വോട്ടർ സെർച്ച് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത്താൽ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം. സംസ്ഥാനം, തദ്ദേശ സ്ഥാപനം, വാർഡ് എന്നിങ്ങനെ മൂന്ന് തലങ്ങളിൽ പട്ടികയിൽ പേര് തിരയാം. പേര്, കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്‍റെ എപിക് നമ്പർ, സംസ്ഥാന കമീഷൻ നൽകിയ വോട്ടർ സവിശേഷ തിരിച്ചറിയൽ നമ്പർ എന്നിവയും ഉപയോഗിക്കാം. SEC എന്ന ഇംഗ്ലീഷ് അക്ഷരങ്ങളും ഒമ്പത് അക്കങ്ങളും ചേർന്നതാണ് സവിശേഷ തിരിച്ചറിയൽ നമ്പർ.

നോട്ടയില്ല, വിവിപാറ്റും

തദ്ദേശ തെരഞ്ഞെടുപ്പിൽ നോട്ടക്ക് വോട്ടു ചെയ്യാനാകില്ല. നിയമസഭ, ലോക്സഭാ തെഞ്ഞെടുപ്പിൽ നോട്ട ഉണ്ട്. മത്സരിക്കുന്ന സ്ഥാനാർഥികളിലാർക്കും വോട്ട് ചെയ്യുന്നില്ലെങ്കിൽ നോട്ടക്ക് ചെയ്യാം. എന്നാൽ പഞ്ചായത്തിരാജ്-മുനിസിപ്പാലിറ്റി നിയമങ്ങളിൽ നോട്ടക്ക് വ്യവസ്ഥയില്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിൽ അത് ഉൾപ്പെടുത്തിയിട്ടില്ല. ഒരു സ്ഥാനാർഥിയോടും താൽപര്യമില്ലാത്ത വോട്ടർമാർക്ക് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള ‘ഓപ്ഷ’നാണ് ‘നോട്ട’. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് സ്ഥാനാർഥികളിൽ ആർക്കും വോട്ടുചെയ്യാൻ താൽപര്യമില്ലെങ്കിൽ ‘എൻഡ്’ ബട്ടൺ അമർത്തി മടങ്ങാം. ജില്ല പഞ്ചായത്തിലേക്കുള്ള ബാലറ്റിന്റെ അവസാനമാണ് ‘എൻഡ് ബട്ടൺ’ ഉള്ളത്. ഇഷ്ടമുള്ള ഒരു സ്ഥാനാർഥിക്കുമാത്രം വോട്ടുചെയ്തശേഷം എൻഡ് ബട്ടൺ’ അമർത്താനും അവസരമുണ്ട്. വോട്ടർ എൻഡ്ബട്ടൺ അമർത്തിയില്ലെങ്കിൽ പോളിങ് ഉദ്യോഗസ്ഥൻ ബട്ടൺ അമർത്തി യന്ത്രം സജ്ജീകരിക്കും. മുനിസിപ്പാലിറ്റിയിലും കോർപറേഷനിലും ബാലറ്റിൽ എൻഡ് ബട്ടണില്ല.

തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടു യന്ത്രത്തിൽ വിവി പാറ്റ് (വോട്ടര്‍ വെരിഫൈയബിള്‍ ഓഡിറ്റ് പേപ്പര്‍ ട്രയല്‍) സംവിധാനമില്ല. മൂന്നുതലത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ആയതിനാലാണിത്. കോർപറേഷൻ, മുനിസിപ്പാലിറ്റി തലങ്ങളിൽ ഒരു വോട്ട് ആണെങ്കിലും പഞ്ചായത്ത് തലത്തിൽ മൂന്ന് വോട്ട് ചെയ്യണം. അത് പ്രായോഗികമല്ലാത്തതാണ് ഒഴിവാക്കാൻ കാരണം. വോട്ട് രേഖപ്പെടുത്തിയാലുടന്‍ ബീപ് ശബ്ദത്തോടൊപ്പം ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ ഏഴ് സെക്കന്‍ഡ് തെളിയുന്നതാണ് വിവിപാറ്റ് മെഷീനിലെ സംവിധാനം. വിവിപാറ്റില്‍ പ്രിന്റ് ചെയ്യുന്ന സ്ലിപ് മെഷീനുള്ളില്‍ തന്നെ ശേഖരിക്കാനും സംവിധാനമുണ്ടായിരുന്നു.

വോട്ട്, യന്ത്രത്തിൽ

വോട്ടിങ് യന്ത്രം (ഇ.വി.എം) ഉപയോഗിച്ചാണ് വോട്ടെടുപ്പ്. പേപ്പർ ബാലറ്റില്ല. ഓരോ ബൂത്തിലും ഒരു പ്രിസൈഡിങ് ഓഫിസറും മൂന്ന് പോളിങ് ഓഫിസർമാരും ഉണ്ടാകും.

ഒരു കൺട്രോൾ യൂനിറ്റും ഒരു ബാലറ്റ് യൂനിറ്റും ചേരുന്ന സിംഗിൾ പോസ്റ്റ് ഇ.വി.എമ്മുകളാകും കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഉപയോഗിക്കുക.

ത്രിതല പഞ്ചായത്തുകളിൽ മൾട്ടി പോസ്റ്റ് ഇ.വി.എമ്മുകളാകും. ഒരു കൺട്രോൾ യൂനിറ്റും മൂന്ന് ബാലറ്റ് യൂനിറ്റുകളും ഇതിലുണ്ടാകും.

വോട്ടിങ് കമ്പാർട്ട്മെന്‍റിൽ വെച്ച മൂന്ന് ബാലറ്റ് യൂനിറ്റുകളിൽ ആദ്യത്തേത് ഗ്രാമപഞ്ചായത്തിന്‍റേതാകും. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത്, ശേഷം ജില്ല പഞ്ചായത്ത് ക്രമത്തിലാകും സജ്ജീകരിക്കുക. 16ൽ കൂടുതൽ സ്ഥാനാർഥികൾ ഉണ്ടെങ്കിൽ മറ്റൊരു ബാലറ്റ് യൂനിറ്റ് കൂടി സജ്ജമാക്കും. എന്നാൽ, ഇക്കുറി 15ൽ കൂടുതൽ സ്ഥാനാർഥികൾ ഒരു വാർഡുമില്ല.

ഇ.വി.എമ്മുകളിലെ മെക്രോ കൺട്രോളർ ചിപ്പിൽ ഒരു പ്രാവശ്യം മാത്രമേ പ്രോഗ്രാം ചെയ്യാൻ കഴിയൂ. ചിപ്പിലെ സോഫ്റ്റ് വെയർ കോഡ് വായിക്കാനോ തിരുത്താനോ സാധ്യമല്ല. ഇ.വി.എമ്മുകളിൽ നെറ്റ് കണക്ടിവിറ്റി ഇല്ലാത്തതിനാലും നെറ്റ് വർക്ക് മുഖേന കടന്നുകയറാൻ സാധ്യമല്ലാത്തതിനാലും അവ സ്വതന്ത്രമായിരിക്കും. കൃത്രിമത്വം തടയാൻ ടാമ്പെർ ഡിറ്റ്ക്റ്റ് മെക്കാനിസം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരിക്കുന്നു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ 137922 ബാലറ്റ് യൂനിറ്റുകളും 50693 കൺട്രോൾ യൂനിറ്റുകളും ഒരുക്കിയിട്ടുണ്ട്. ഇവയിൽ ബാലറ്റുകൾ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്.

നിർഭയമായി വോട്ട് ചെയ്യാം

വോട്ടർമാർക്ക് നിർഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കാൻ കമീഷൻ സംവിധാമൊരുക്കും. സമ്മതിദായകർ ഒഴികെ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിയമാനുസൃത പാസില്ലാത്തവർക്ക് ബൂത്തിൽ പ്രവേശനമില്ല. പ്രവേശനാനുവാദമുള്ളവർ:

സമ്മതിദായകർ, പോളിങ് ഓഫിസർമാർ, സ്ഥാനാർഥിയും തെരഞ്ഞെടുപ്പ് ഏജന്‍റും, സ്ഥാനാർഥിയുടെ ഒന്ന് വീതം പോളിങ് ഏജന്‍റുമാർ, തെരഞ്ഞെടുപ്പ് കമീഷൻ അധികാരപ്പെടുത്തിയവർ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ, കമീഷന്‍റെ നിരീക്ഷകർ, സമ്മതിദായകന്‍റെ ഒപ്പമുള്ള കൈക്കുഞ്ഞ്, പരസഹായം കൂടാതെ സഞ്ചരിക്കാൻ കഴിയാത്ത അന്ധയോ അവശയോ ആയ സമ്മതിദായകനെ അനുധാവനം ചെയ്യുന്ന പ്രായപൂർത്തിയായ വ്യക്തി, സമ്മതിദായകനെ തിരിച്ചറിയാനോ വോട്ടെടുപ്പിന് മറ്റു വിധത്തിൽ സഹായിക്കുന്നതിനോ പ്രസൈഡിങ് ഓഫിസർ പ്രവേശിപ്പിക്കുന്നവർ എന്നിവർക്കാണ് ബൂത്തിൽ പ്രവേശിക്കാൻ അനുവാദം.

സമ്മതിദായർക്ക് നൽകുന്ന അനൗദ്യോഗിക സ്ലിപ്പുകൾ വെള്ള കടലാസിലാകണം. അവയിൽ സ്ഥാനാർഥിയുടേയോ കക്ഷിയുടെയോ പേരോ ചിഹ്നമോ പാടില്ല.

വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെ

വോട്ടെടുപ്പ് രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയായിരിക്കും. രാവിലെ ആറിന് ഹാജരായ സ്ഥാനാർഥികളുടെയോ ഏജന്‍റുമാരുടെയോ സാന്നിധ്യത്തിൽ മോക്പോൾ നടത്തും.

വൈകുന്നേരം ആറിന് ബൂത്തിൽ ക്യൂ നിൽക്കുന്നവർക്കെല്ലാം വോട്ട് ചെയ്യാം. ഇവർക്ക് പ്രിസൈഡിങ് ഓഫിസർമാർ സ്ലിപ്പ് നൽകും. ഏറ്റവും അവസാനത്തെ ആൾക്ക് ഒന്ന് എന്ന ക്രമത്തിലാകും ഇത്. വോട്ടെടുപ്പ് അവസാനിക്കുന്ന സമയം കഴിഞ്ഞാലും ക്യൂവിലുള്ള എല്ലാവരും വോട്ട്ചെയ്ത് കഴിയുന്നത് വരെ വോട്ടെടുപ്പ് തുടരും.

ത്രി​ത​ല വോ​ട്ട് ഇ​ങ്ങ​നെ

ഗ്രാ​മ /​ ബ്ലോ​ക്ക് /​ ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​​ലേ​ക്ക് ഒ​രേ സ​മ​യം വോ​ട്ട് ചെ​യ്യു​ന്ന വി​ധം

പോളിങ് ഓഫിസർ -1

വോട്ട് രേഖപ്പെടുത്തുന്നതിനായി സമ്മതിദായകൻ പോളിങ് ബൂത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ, പോളിങ് ഉദ്യോഗസ്ഥൻ തിരിച്ചറിയൽ രേഖയും വോട്ടർപട്ടികയിലെ പേരും മറ്റു വിവരങ്ങളും പരിശോധിച്ച് ബോധ്യപ്പെടും.

പോളിങ് ഓഫിസർ -2

രണ്ടാമത്തെ പോളിങ് ഓഫിസറുടെ അടുത്തുചെന്ന് കൈവിരലിൽ മഷി അടയാളം പതിപ്പിക്കണം. തുടർന്ന് അവിടെ സൂക്ഷിച്ച രജിസ്റ്ററിൽ വോട്ടറുടെ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തും. അവിടെനിന്ന് സമ്മതിദായകന് വോട്ട് ചെയ്യാനുള്ള സ്ലിപ് ലഭിക്കും.

പോളിങ് ഓഫിസർ -3

സ്ലീപ്പുമായി, വോട്ടുയന്ത്രത്തിന്റെ കൺട്രോൾ യൂനിറ്റിന്റെ ചുമതലയുള്ള പോളിങ് ഓഫിസറുടെ മുന്നിലെത്തി സ്ലിപ് ഏൽപിക്കണം. ഈ ഉദ്യോഗസ്ഥൻ സമ്മതിദായകന് വോട്ട് ചെയ്യുന്നതിനായി കൺട്രോൾ യൂനിറ്റിലെ ബട്ടൺ അമർത്തി ബാലറ്റ് യൂനിറ്റുകൾ വോട്ടിങ്ങിന് സജ്ജമാക്കും.

വോട്ടിങ് കമ്പാർട്ട്‌മെന്റ്

സമ്മതിദായകൻ ഉടൻ വോട്ടിങ് കമ്പാർട്ട്‌മെന്റിന് മുന്നിലെത്തണം. അതിനുള്ളിൽ മൂന്ന് ബാലറ്റ് യൂനിറ്റുകൾ (സ്ഥാനാർഥികളുടെ എണ്ണത്തിനനുസരിച്ച് ഇതിൽ മാറ്റം വരാം) വോട്ട് രേഖപ്പെടുത്താൻ പാകത്തിൽ സജ്ജമായിട്ടുണ്ടാകും. ഓരോ ബാലറ്റ് യൂനിറ്റിന്റെയും ഏറ്റവും മുകളിൽ ഇടതു ഭാഗത്തായി പച്ച നിറത്തിലുള്ള ഓരോ ചെറിയ ലൈറ്റ് തെളിഞ്ഞുനിൽക്കുന്നത് കാണാവുന്നതാണ്. ഇത് ബാലറ്റ് യൂനിറ്റുകൾ വോട്ട് രേഖപ്പെടുത്താൻ തയാറാണെന്ന് വ്യക്തമാക്കുന്നു.

ബാലറ്റ് യൂനിറ്റിൽ വോട്ട് രേഖപ്പെടുത്തൽ

ഓരോ സമ്മതിദായകനും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് എന്നീ തലങ്ങളിലേക്ക് ഓരോ വോട്ട് വീതം ആകെ മൂന്ന് വോട്ടുകളാണ് രേഖപ്പെടുത്തേണ്ടത്.

വോട്ടിങ് കമ്പാർട്ട്മെന്റിൽ വെച്ച മൂന്ന് ബാലറ്റ് യൂനിറ്റുകൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് എന്ന ക്രമത്തിലായിരിക്കും.

ആദ്യത്തെ ബാലറ്റ് യൂനിറ്റിൽ ഗ്രാമപഞ്ചായത്ത് വാർഡിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പേരും അവരുടെ ചിഹ്നവും അടങ്ങുന്ന വെള്ളനിറത്തിലുള്ള ലേബൽ ആയിരിക്കും പതിച്ചിരിക്കുന്നത്. സമ്മതിദായകൻ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നത് ഇതിൽ ഏതു സ്ഥാനാർഥിക്കാണോ ആ സ്ഥാനാർഥിയുടെ ചിഹ്നത്തിനു നേരെയുള്ള ബട്ടണിൽ വിരലമർത്തിയാൽ ചെറിയ ബീപ് ശബ്ദം കേൾക്കാം. അതോടൊപ്പം സ്ഥാനാർഥിയുടെ ചിഹ്നത്തിനുനേരെ ചെറിയ ചുവന്ന ലൈറ്റ് പ്രകാശിക്കും. ശബ്ദം കേൾക്കുകയും ലൈറ്റ് പ്രകാശിക്കുകയും ചെയ്‌താൽ ഒന്നാമത്തെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.

ആദ്യത്തെ ബാലറ്റ് യൂനിറ്റിൽ രേഖപ്പെടുത്തിയ അതേ രീതിയിൽതന്നെ മറ്റു രണ്ടു തലത്തിലേക്കുള്ള യൂനിറ്റുകളിലും വോട്ട് രേഖപ്പെടുത്തണം. ബ്ലോക്ക് പഞ്ചായത്ത് ബാലറ്റ് യൂനിറ്റിൽ പിങ്ക് നിറത്തിലെ ലേബലും ജില്ല തലത്തിലേക്കുള്ള ബാലറ്റ് യൂനിറ്റിൽ ഇളംനീല നിറത്തിലുള്ള ലേബലും ആയിരിക്കും പതിച്ചിരിക്കുന്നത്. മേൽപ്രകാരം മൂന്ന് തലത്തിലേക്കുമുള്ള ബാലറ്റ് യൂനിറ്റുകളിലും ക്രമമായി വോട്ട് രേഖപ്പെടുത്തിക്കഴിയുമ്പോൾ ഒരു നീണ്ട ബീപ് ശബ്ദ‌ം കേൾക്കുന്നതും വോട്ടിങ് പൂർത്തിയാകുന്നതുമാണ്.

ഒന്നോ അതിലധികമോ തലത്തിൽ വോട്ട് രേഖപ്പെടുത്താൻ താൽപര്യമില്ലാത്തവർക്ക്, താൽപര്യമുള്ള തലത്തിൽ മാത്രം വോട്ട് രേഖപ്പെടുത്തിയശേഷം അവസാനത്തെ ബാലറ്റ് യൂനിറ്റിലെ അവസാന ബട്ടൺ (END ബട്ടൺ, ചുവപ്പ് നിറം) അമർത്തി വോട്ടിങ് പൂർത്തിയാക്കേണ്ടതാണ്. ഈ ബട്ടൺ അമർത്തുമ്പോൾ വോട്ടിങ് പൂർത്തിയായി എന്ന് വ്യക്തമാക്കുന്ന നീണ്ട ഒരു ബീപ് ശബ്ദം കേൾക്കാം.

ഭാഗികമായി മാത്രം വോട്ടുകൾ രേഖപ്പെടുത്തുമ്പോൾ (ഒന്നോ രണ്ടോ തലത്തിലേക്ക് മാത്രം) യന്ത്രത്തിലെ വോട്ടിങ് പ്രക്രിയ പൂർത്തിയാക്കുന്നതിന് വേണ്ടി മാത്രമേ END ബട്ടൺ ഉപയോഗിക്കാവൂ. മൂന്ന് തലത്തിലേയും വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ടെങ്കിൽ END ബട്ടൺ അമർത്തേണ്ടതില്ല. END ബട്ടൺ അമർത്തിക്കഴിഞ്ഞാൽ ആ വോട്ടർക്ക് പിന്നെ ആർക്കും വോട്ട് ചെയ്യാൻ സാധിക്കുന്നതല്ല.

ഒരേസമയം ഒന്നിൽ കൂടുതൽ ബട്ടൺ അമർത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തൂ. ഒന്നിൽ കൂടുതൽ തവണ ഒരേ ബട്ടണിൽ അമർത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ.

വോട്ടർമാർക്ക് എന്തെങ്കിലും സംശയമോ പ്രയാസമോ അനുഭവപ്പെടുന്നുവെങ്കിൽ പ്രിസൈഡിങ് ഓഫിസറോട് പറയാൻ മടിക്കരുത്. അദ്ദേഹം വോട്ടർമാരെ സഹായിക്കുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Body ElectionnewselectionLatest News
News Summary - local body election
Next Story