തലസ്ഥാനത്ത് ചെങ്കൊടുങ്കാറ്റ്
text_fieldsതിരുവനന്തപുരം: തലസ്ഥാനജില്ല തുണക്കുന്നവർ കേരളം ഭരിക്കുമെന്ന വിശ്വാസം അരക്കിട്ടുറപ്പിച്ച് തിരുവനന്തപുരത്ത് എൽ.ഡി.എഫിെൻറ സമഗ്രാധിപത്യം. 14 ൽ 13 സീറ്റും അവർ സ്വന്തമാക്കി. യു.ഡി.എഫിൽനിന്ന് രണ്ടും ബി.ജെ.പിയിൽനിന്ന് ഒരു സീറ്റും പിടിച്ചെടുത്തു.
കഴക്കൂട്ടം, വട്ടിയൂർക്കാവ്, വാമനപുരം, നെയ്യാറ്റിൻകര, പാറശ്ശാല, കാട്ടാക്കട, നെടുമങ്ങാട്, ചിറയിൻകീഴ്, ആറ്റിങ്ങൽ, വർക്കല എന്നിവക്കുപുറമെ യു.ഡി.എഫിൽനിന്ന് തിരുവനന്തപുരവും അരുവിക്കരയും ബി.ജെ.പിയിൽനിന്ന് നേമവുമാണ് പിടിച്ചെടുത്തത്. എം. വിൻെസൻറിലൂടെ കോവളം നിലനിർത്താൻ മാത്രമേ യു.ഡി.എഫിന് സാധിച്ചുള്ളൂ. അരുവിക്കരയിൽ രണ്ടുതവണ ജയിച്ച കെ.എസ്. ശബരീനാഥനെ സി.പി.എം കാട്ടാക്കട ഏരിയ സെക്രട്ടറി ജി. സ്റ്റീഫൻ അട്ടിമറിച്ചതും തിരുവനന്തപുരത്ത് ഹാട്രിക് ജയം തേടിയിറങ്ങിയ വി.എസ്. ശിവകുമാർ ജനാധിപത്യ കേരള കോൺഗ്രസിലെ ആൻറണി രാജുവിന് മുന്നിൽ അടിതെറ്റിവീണതും അമ്പരപ്പിക്കുന്ന ജയമായി.
കെ. മുരളീധരന് നേമത്ത് മൂന്നാം സ്ഥാനമേ കിട്ടിയുള്ളൂ. കേരളത്തിലെ ഗുജറാത്താണ് നേമമെന്ന് പ്രഖ്യാപിച്ചിറങ്ങിയ ബി.ജെ.പിയുടെ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി എൽ.ഡി.എഫിെൻറ വി. ശിവൻകുട്ടി ബി.ജെ.പിയുടെ ഏക അക്കൗണ്ടും പൂട്ടിച്ചു. ശക്തമായ ത്രികോണ മത്സരപ്രതീതി ഉയർത്തിയ മണ്ഡലങ്ങളിലൊന്നും അതുണ്ടായില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്.
ശബരിമല വിഷയത്തിൽ ഏറെ പഴി കേൾക്കേണ്ടിവന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ 19,744 വോട്ടിനാണ് കഴക്കൂട്ടത്ത് ജയിച്ചത്. വിജയം ഉറപ്പെന്ന നിലയിൽ പ്രവർത്തിച്ച ബി.ജെ.പിയുടെ ശോഭ സുരേന്ദ്രന് രണ്ടും യു.ഡി.എഫിെൻറ എസ്.എസ്. ലാലിന് മൂന്നും സ്ഥാനത്തേ എത്താൻ കഴിഞ്ഞുള്ളൂ. വട്ടിയൂർക്കാവിൽ സിറ്റിങ് എം.എൽ.എ വി.കെ. പ്രശാന്ത് ഉപതെരഞ്ഞെടുപ്പിലെ 14,465 വോട്ടിെൻറ ഭൂരിപക്ഷം 21,515 ലേക്ക് ഉയർത്തി. ബി.ജെ.പിയുടെ വി.വി. രാജേഷിന് 39,596 ഉം യു.ഡി.എഫിെൻറ വീണ എസ്. നായർക്ക് 35,455 ഉം വോട്ട് നേടാനേ സാധിച്ചുള്ളൂ.
എൽ.ഡി.എഫിെൻറ സിറ്റിങ് എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ (പാറശ്ശാല), െക. ആൻസലൻ (നെയ്യാറ്റിൻകര), ഡി.കെ. മുരളി (വാമനപുരം), വി. ജോയി (വർക്കല), വി. ശശി (ചിറയിൻകീഴ്), െഎ.ബി. സതീഷ് (കാട്ടാക്കട) എന്നിവരും പുതുമുഖങ്ങളായി എത്തിയ ഒ.എസ്. അംബിക (ആറ്റിങ്ങൽ), ജി.ആർ. അനിൽ (നെടുമങ്ങാട്) എന്നിവരും മികച്ച ജയം നേടി.