ബിനീഷ് കോടിയേരിയെ കാണാൻ ഇന്നും അഭിഭാഷകരെ അനുവദിച്ചില്ല
text_fieldsബംഗളൂരു: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകരെ ഇന്നും അനുവദിച്ചില്ല. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതെ കാണാൻ അനുമതി നൽകില്ലെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞതായി ബിനീഷിന്‍റെ അഭിഭാഷകർ മാധ്യമങ്ങളോട് പ്രതികരിച്ചു.
അഭിഭാഷകർക്ക് ബിനീഷിനെ കാണാനുള്ള അനുമതി കോടതി നൽകിയിരുന്നു. എന്നാൽ കോടതി നിർദേശത്തിന് എതിരായി ഇ.ഡി പ്രവർത്തിക്കുകയാണെന്നും കോടതിയെ സമീപിക്കുമെന്നും അഭിഭാഷകർ വ്യക്തമാക്കി.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതിനിടെയായിരുന്നു ബിനീഷിനെ കാണാന്‍ അഭിഭാഷകര്‍ ബംഗളൂരുവിലെ ഇ.ഡി.ആസ്ഥാനത്തെത്തിയത്.
ബന്ധുക്കളേയും അഭിഭാഷകരേയും കാണാന്‍ അനുവദിക്കുന്നില്ലെന്ന് തിങ്കളാഴ്ച ബിനീഷ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അഭിഭാഷകരെ കാണാമെന്ന് കോടതി അറിയിച്ചു. ഒരാള്‍ക്ക് മാത്രം ബിനീഷുമായി സംസാരിക്കാനും അനുമതി നൽകി. എന്നാല്‍ അഭിഭാഷകര്‍ കോവിഡ് പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റുമായി വന്നാല്‍ മാത്രമേ കാണാന്‍ അനുവദിക്കൂ എന്ന് നിലപാടെടുക്കുകയായിരുന്നു ഇ.ഡി.