ഹാരിസൺസ് ഭൂമി : നിയമവകുപ്പിൻെറ വാദം തെറ്റെന്ന് നിയമവിദഗ്ധർ
text_fieldsതിരുവനന്തപുരം : ഹാരിസൺസിൻെറ കൈവശമുള്ള ഭൂമിക്ക് നികുതി അടയ്ക്കാൻ കോടതി അനുവദിച്ച് എന്ന നിയമവകുപ്പിൻെറ വാദം തെറ്റെന്ന് നിയമവിദഗ്ധർ. ഇതു സംബന്ധിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിെൻറ വിധി, നിയമ വകുപ്പ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് അഡ്വക്കേറ്റ് സുശീല ആർ. ഭട്ട് അടക്കമുള്ളവർ പറയുന്നു. സുപ്രീംകോടതിയും ഹൈകോടതി ഡിവിഷൻ ബെഞ്ചും നേരത്തെ നടത്തിയ വിധി പ്രസ്താവനയിൽ കവിഞ്ഞ ഒന്നും സിംഗിൾ ബെഞ്ചിൽ നിന്ന് ഉണ്ടായിട്ടില്ലെന്നാണ് നിയമവിദഗ്ധർ പറയുന്നത്. ഭൂമിയുടെ ഉടമസ്ഥത പ്രഖ്യാപിക്കണമെന്ന് കമ്പനികൾ ഡിവിഷൻബെഞ്ചിനോട് ആവശ്യപ്പെട്ടുവെങ്കിലും ഹൈക്കോടതി നിരസിക്കുകയായിരുന്നു. ഉടമസ്ഥത തെളിയിക്കാൻ സർക്കാരിനോടും സിവിൽ കോടതിയെ സമീപിക്കാനാണ് കോടതി നിർദേശിച്ചത്. സിവിൽ കോടതിയുടെ വിധി സിവിൽ എന്തായാലും അതിനു വിധേയമായി പരാതിക്കാരിൽ നിന്ന് അടിസ്ഥാന നികുതി സ്വീകരിക്കാമെന്നാണ് ജസ്റ്റിസ് അനു ശിവരാമൻ ഉത്തരവിട്ടത്. അതയാത്, സിവിൽ കോടതിയാണ് ഇൗ കാര്യത്തിൽ നികുതി സ്വീകരിക്കാമോ അല്ലയോ എന്ന് തീർപ്പു കൽപ്പിക്കേണ്ടത് എന്നർത്ഥം. ആ വിധി ഇനിയും വന്നിട്ടില്ലാത്തതിനാലും സിവിൽ കോടതിയുടെ വിധി അനുസരിച്ച് മാത്രമേ നികുതി സ്വീകരിക്കാവൂ എന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പറഞ്ഞതിനെയാണ് ഹൈക്കോടതി നികുതി സ്വീകരിക്കാൻ അനുവദിച്ചു എന്ന മട്ടിൽ നിയമവകുപ്പ് വ്യാഖ്യാനിക്കുന്നതെന്നാണ് നിയമരംഗത്തെ പ്രമുഖർ പറയുന്നത്. ഹാരിസൺസ് അടക്കമുള്ള കമ്പനികളിൽനിന്ന് കരം സ്വീകരിക്കാമെന്ന് ഹൈക്കോടതി വിധിയിൽ നിർദേശിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ പോലും പറഞ്ഞത്.
ഹാരിസൺസ് മലയാളം, ഗോസ്പൽ ഫോർ ഏഷ്യ, ട്രാവൻകൂർ റബ്ബർ ആൻഡ് ടീ കമ്പനി, റിയ റിസോർട്സ് ആൻഡ് പ്രോപ്പർട്ടീസ്, ബോയ്സ് റബ്ബർ എസ്റ്റേറ്റ് എന്നീ ആഞ്ച് കമ്പനികൾ 10 കേസുകളാണ് ഹൈക്കോടതിയിൽ ഫയൽ ചെയ്തിരുന്നത്. കഴിഞ്ഞവർഷം ഏപ്രിൽ 11 ഹൈക്കോടതിയുടെ വിധിന്യായത്തിന് പിന്നാലെയാണ് അഞ്ച് കമ്പനികൾ ഫയൽ ചെയ്ത കേസുകളിൽ ഹൈക്കോടതിയുടെ സിംഗിൾബെഞ്ച് വിധി പുറപ്പെടുവിച്ചത്. സിവിൽ കേസിൽ പരാതിക്കാരുടെ ഉടമസ്ഥത സ്ഥാപിക്കപ്പെട്ടാൽ ഭൂനികുതി സ്വീകരിക്കാനാണ് ഇൗ വിധിയിൽ നിർദേശിച്ചത്. ഈ നിർദ്ദേശത്തെ നിയമ വകുപ്പ് ഇപ്പോൾ തെറ്റായിട്ടാണ് വ്യാഖ്യാനിക്കുന്നത്. ഹാരിസൺസ് അടക്കമുള്ള കമ്പനികൾക്ക് ഭൂനികുതി അടക്കുന്നതിന് അനുകൂലമായി ഹൈക്കോടതി സിംഗിൾ ബെഞ്ചിെൻറ വിധി ഉണ്ടായെന്നാണ് അവർ പറയുന്നത്. ഈ കേസിൽ ശാശ്വതവും അന്തിമവുമായ പരിഹാരമാർഗം ഹൈക്കോടതി നിർദേശിച്ചത് സുപ്രീം കോടതി അംഗീകരിച്ച സിവിൽ കേസുകളിൽ ഉള്ള പരിഹാരമാണ്. എന്നിട്ടും നിയമവകുപ്പ് ഹാരിസൺ അടക്കമുള്ള കമ്പനികൾക്ക് ഭൂനികുതി അടക്കാനുള്ള അനുമതി കോടതി നൽകിയിരിക്കുന്നു എന്ന് വ്യാഖ്യാനിക്കുന്നത് ഹാരിസൺസ് കമ്പനിയെ സഹായിക്കുന്നതിനാണ്. ജസ്റ്റിസ് അനു ശിവരാമൻെറ കോടതി ഉത്തരവിനെ തന്നെ ലംഘിക്കുകയാണ് നിയമവകുപ്പ് ചെയ്യുന്നതെന്ന് റവന്യൂ വകുപ്പിലെ പേരു വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥൻ മാധ്യമത്തോട് പറഞ്ഞു. അതേസമയം, ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്നതിന് സർക്കാർ സിവിൽ കോടതിയിൽ ഇതുവരെ കേസുകൾ ഫയൽ ചെയ്തിട്ടില്ല.
ജനങ്ങളോട് കാണിക്കുന്ന കൊടും വഞ്ചന- അഡ്വ. സുശീല ആർ.ഭട്ട്
തിരുവനന്തപുരം: ഹാരിസൺ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ഭൂമിക്ക് നികുതി അടയ്ക്കാൻ കോടതി ഉത്തരവുണ്ടെന്ന് വാദം സർക്കാർ ജനങ്ങളോട് കാട്ടുന്ന വഞ്ചനയാണെന്ന് അഡ്വ. സുശീല ആർ.ഭട്ട് ‘മാധ്യമ’ത്തോട് പറഞ്ഞു. ഭൂമിയുടെ തണ്ടപ്പേരിൽ എവിടെയും ഹാരിസൺ മലയാളം എച്ച്.എം.എൽ എന്നപേരില്ല. 2016- 17 കമ്പനിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടിൽ പ്രമാണം ഇല്ലെന്ന് അവർതന്നെ വെളിപ്പെടുത്തിയതുമാണ്. വ്യാജരേഖകൾ ചമച്ചും വിദേശകമ്പനികളുടെ പേരുള്ള പട്ടയങ്ങൾ ഉപയോഗിച്ചുമാണ് ഭൂമി കൈവശം െവച്ച് കോടതിയിൽ വാദിച്ചത്. വ്യാജരേഖ ചമച്ച കമ്പനിയുടെ പേരിൽ 45 ക്രൈംബ്രാഞ്ച് കേസുകൾ നിലവിലുണ്ട്. 1984 ൽ നിലവിൽവന്ന കമ്പനിയാണ് ഹാരിസൺസ് മലയാളം. അവരുടെ പേരിൽ സംസ്ഥാനത്ത് ഒരു തുണ്ട് ഭൂമിയില്ല. ഇപ്പോൾ വിദേശ കമ്പനിയുടെ പേരിലാണ് കാരം അടച്ചു കൊണ്ടിരിക്കുന്നത്. രാജാക്കന്മാർ പാട്ടത്തിന് ഭൂമി നൽകിയ കാലത്തെ ബ്രിട്ടീഷ് കമ്പനികളുടെ പേരിലാണ് ഭൂനികുതി അടച്ചിരുന്നത്. ആ കമ്പനികളെല്ലാം ചത്തുപോയി. അവരൊന്നും ഇന്ന് ഭൂമുഖത്തില്ല. ആ കമ്പനികളുടെ പേരിലാണോ ഇനിയും ഭൂനികുതി അടയ്ക്കാൻ അനുമതി നൽകാൻ ചർച്ച ചെയ്യുന്നതെന്ന് റവന്യൂ മന്ത്രി വിശദീകരിക്കണമെന്നും സുശീല ഭട്ട് മാധ്യമത്തോട് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
