പരുന്തുംപാറയിൽ സർക്കാർഭൂമി കൈയേറി ഭൂമാഫിയ സമ്പാദിച്ചത് കോടികൾ
text_fieldsRepresentational Image
പീരുമേട്: പരുന്തുംപാറയിലെ സർക്കാർ ഭൂമി കൈയേറി വിറ്റ് ഭൂമാഫിയ സമ്പാദിച്ചത് കോടികൾ. സെന്റിന് രണ്ടരലക്ഷം മുതൽ ഉയർന്ന വിലക്കാണ് വിൽപന. സിനിമ മേഖലയിലെ പ്രമുഖർ ഉൾപ്പെടെയുള്ളവർ കൈയേറ്റഭൂമി വാങ്ങിയിട്ടുണ്ട്. കൈയേറ്റക്കാരിൽ പ്രദേശവാസികളില്ല എന്നതാണ് ഏറെ പ്രത്യേകത. റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നവരാണ് കൈയേറ്റക്കാർ. ഇവർക്ക് വേണ്ട ഒത്താശ റവന്യൂ വകുപ്പിലെ ജീവനക്കാർ ചെയ്തതോടെ കൈയേറ്റവും വിൽപനയും നിർമാണവും തകൃതിയായി നടക്കുകയാണ്.
പീരുമേട് താലൂക്ക് ഓഫിസ്, സർവേ ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലെ ചില ജീവനക്കാർ കൈയേറ്റക്കാരെ സഹായിക്കുന്നതായി ആരോപണമുണ്ട്. വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരെ സ്ഥലംമാറ്റണമെന്ന് കൈയേറ്റം അന്വേഷിക്കാനെത്തിയ ഉന്നതസംഘം ആവശ്യപ്പെട്ടിരുന്നു. ആരോപണവിധേയരെല്ലാം റവന്യൂ വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ പാർട്ടിയിലെ സർവിസ് സംഘടന അംഗങ്ങളാണെന്ന വിമർശനവും ഉണ്ട്.
കൈയേറ്റ ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് പെർമിറ്റ് ലഭിക്കുന്നത് വൈകിയപ്പോൾ റവന്യൂ വകുപ്പിലെ ചില ജീവനക്കാർ വിവരങ്ങൾ ആരാഞ്ഞ് പഞ്ചായത്ത് ഓഫിസിൽ എത്തിയതും കൈയേറ്റക്കാരും റവന്യൂ ഉദ്യോഗസ്ഥരുമായുള്ള ഒത്തുകളിയുടെ ഭാഗമാണന്നും പരാതി ഉയർന്നിരുന്നു.
വനഭൂമി കൈയേറി ജണ്ട പൊളിച്ചുമാറ്റി നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കാത്തതും ദുരൂഹമാണ്. വനംവകുപ്പിന്റെ പഴയ റാന്നി ഡിവിഷന്റെയും പെരിയാർ കടുവ സങ്കേതത്തിലും ഉൾപ്പെട്ട ഭൂമിയാണ് കൈയേറി നിർമാണപ്രവർത്തനങ്ങൾ നടത്തിയത്. ജണ്ട പൊളിച്ചതിന് കേസെടുക്കാനും വനം വകുപ്പ് തയാറായിട്ടില്ല.
നിർമാണ പ്രവർത്തനങ്ങൾ തടയാൻ സ്റ്റോപ് മെമ്മോ നൽകാൻ അന്വേഷണസംഘം നിർദേശം നൽകിയിട്ടും നിർമാണം പൂർത്തിയാക്കി. ഇതോടൊപ്പം താലൂക്ക് ഓഫിസിൽ പട്ടയത്തിന് അപേക്ഷ നൽകുമ്പോൾ വിവരങ്ങൾ സൂക്ഷിക്കേണ്ട നമ്പർ-1, പട്ടയം വിതരണം ചെയ്യുമ്പോൾ രേഖപ്പെടുത്തുന്ന നമ്പർ-2 രജിസ്റ്റർ ബുക്കുകൾ കാണാതായി. ഇത് മോഷണം പോയതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച പീരുമേട് ഡിവൈ.എസ്.പിക്ക് പരാതി നൽകും. പരുന്തുംപാറയിൽ ഡിജിറ്റൽ സർവേ നടക്കുകയാണ്. കൈയേറ്റ ഭൂമിയിൽ അനധികൃത പട്ടയം സമ്പാദിച്ചവയടക്കം ഡിജിറ്റൽ സർവേയിൽ ഉൾപ്പെടുത്തി സാധൂകരിക്കാനുള്ള നീക്കം നടക്കുന്നതായും ആക്ഷേപമുണ്ട്.
കൈയേറ്റഭൂമിയിൽ അനധികൃത പട്ടയത്തിലൂടെ സ്ഥലം വാങ്ങിയവരും ആശങ്കയിലാണ്. സർക്കാർ നടപടികൾ തുടർന്നാൽ സ്ഥലം സർക്കാർ ഏറ്റെടുക്കുകയും ഇവരുടെ പണം നഷ്ടമാകുകയും ചെയ്യും. തരിശുഭൂമിയാണ് പൊന്നുംവില നൽകി വാങ്ങിയിട്ടുള്ളത്. കബളിക്കപ്പെട്ടവരിൽ ചിലർ സ്ഥലം നൽകിയവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനുള്ള നീക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

