സിറ്റി ഫാസ്റ്റുകളിൽ സൗജന്യയാത്രയില്ല; സ്റ്റിക്കർ പതിപ്പിച്ചത് ബസുകൾ തിരിച്ചറിയാനെന്ന് കെ.എസ്.ആർ.ടി.സി
text_fieldsതിരുവനന്തപുരം: നഗരത്തിലെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രാ പദ്ധതി അട്ടിമറിക്കാൻ ശ്രമമെന്ന ആക്ഷേപത്തിൽ വിശദീകരണവുമായി അധികൃതർ. സൗജന്യയാത്ര ലഭ്യമല്ലാത്ത സിറ്റി ഫാസ്റ്റ് ബസുകളിൽ സ്റ്റിക്കർ പതിപ്പിച്ചത് പദ്ധതി നിഷേധിക്കാനാണെന്ന ആരോപണമാണ് ഉയർന്നിരുന്നത്. എന്നാൽ യാത്രക്കാരുടെ സൗകര്യാർത്ഥം ബസുകൾ തിരിച്ചറിയാനാണ് സ്റ്റിക്കർ പതിപ്പിച്ചതെന്നാണ് കെ.എസ്.ആർ.ടി.സി സിറ്റി ഡിപ്പോ അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിലവിൽ 34 ഓർഡിനറി ബസുകളാണുള്ളത് (32 ഇലക്ട്രിക് ബസുകളും 2 ഡീസൽ ബസുകളും). ഇവയിലെല്ലാം 'പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര' എന്ന് പെയിന്റ് ചെയ്തിട്ടുണ്ട്. ഇവക്ക് പുറമെ ദീർഘകാലമായി സർവീസ് നടത്തുന്ന 47 സിറ്റി ഫാസ്റ്റ് ബസുകളുണ്ട്. ഈ സിറ്റി ഫാസ്റ്റ് ബസുകളിൽ മാത്രമാണ് തിരിച്ചറിയാനായി സ്റ്റിക്കറുകൾ പതിപ്പിച്ചിരിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച സൗജന്യയാത്രാ പദ്ധതി ഓർഡിനറി വിഭാഗം ബസുകൾക്ക് മാത്രമാണ് ബാധകമെന്നും, സിറ്റി ഫാസ്റ്റ് ഉൾപ്പെടെയുള്ള ഉയർന്ന ക്ലാസ് സർവീസുകളിൽ ഇത് ലഭ്യമല്ലെന്നും അധികൃതർ ആവർത്തിച്ചു.
ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ ടു ടൗൺ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലാണ് നിലവിൽ സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള സൂപ്പർ ക്ലാസ് ബസുകൾക്കും തിരുവനന്തപുരം നഗരത്തിലെ സിറ്റി ഫാസ്റ്റ് സർവീസുകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.
ജില്ലയിൽ ആകെ 687 ഓർഡിനറി ബസുകളും, നഗരത്തിൽ മാത്രം 384 സിറ്റി ഫാസ്റ്റ് ബസുകളും സർവീസ് നടത്തുന്നുണ്ട്. 2022 ഏപ്രിൽ 30ലെ സർക്കാർ വിജ്ഞാപന പ്രകാരം സിറ്റി ഓർഡിനറി ബസുകളുടെ കുറഞ്ഞ നിരക്ക് 10 രൂപയാണ്. അതേസമയം, പദ്ധതിയിൽ ഉൾപ്പെടാത്ത സിറ്റി ഫാസ്റ്റ് സർവീസുകൾക്ക് കുറഞ്ഞ നിരക്ക് 12 രൂപയും കിലോമീറ്ററിന് 1.03 രൂപയുമാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

