തെരഞ്ഞെടുപ്പ് പരാജയകാരണം; സംഘടനാ സംവിധാനം, സ്ഥാനാർഥി നിർണയം: കാരണങ്ങൾ നിരത്തി കെ.പി.സി.സി സമിതി
text_fieldsതിരുവനന്തപുരം: സംഘടനാ സംവിധാനത്തിലെ പോരായ്മയും സ്ഥാനാർഥി നിർണയത്തിലെ അപാകതയും നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് കെ.പി.സി.സി അന്വേഷണ സമിതികളുടെ റിപ്പോർട്ട്. മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളെ യു.ഡി.എഫിൽനിന്ന് അകറ്റുന്നതിൽ ഇടതുമുന്നണി വിജയിച്ചു. തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ കെ.പി.സി.സി നിയോഗിച്ച അഞ്ച് മേഖല സമിതികളും പ്രസിഡൻറ് കെ. സുധാകരന് റിപ്പോർട്ടുകൾ സമർപ്പിച്ചു. തുടർനടപടികൾക്കായി റിപ്പോർട്ട് പഠിക്കാൻ വിദഗ്ധരെ ചുമതലപ്പെടുത്തിയേക്കും.
ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിൽ ഉൾപ്പെടെ സംഘടനാ സംവിധാനം ദുർബലമാണ്. മിക്കയിടങ്ങളിലും താഴെത്തട്ടിൽ സംഘടനാ സംവിധാനമില്ല. സ്ഥാനാർഥി നിർണയത്തിൽ സാമൂഹിക സന്തുലിതാവസ്ഥ പാലിക്കുന്നതിലും വീഴ്ച വന്നു. പാലക്കാട് ജില്ലയിലെ തിരിച്ചടിക്ക് ഇതാണ് പ്രധാന കാരണം. മുതിർന്ന നേതാവ് എ.വി. ഗോപിനാഥിെൻറ പ്രതികരണങ്ങളും ദോഷം െചയ്തു. മണ്ഡലത്തിൽ പരിചിതരല്ലാത്തവരുടെ സ്ഥാനാർഥിത്വമാണ് ബേപ്പൂർ, െപാന്നാനി, പട്ടാമ്പി തുടങ്ങിയിടങ്ങളിൽ പ്രശ്നമായത്. തിരുവമ്പാടിയിൽ ക്രൈസ്തവ വിശ്വാസിയെ നിർത്തേണ്ടിയിരുന്നു. കോങ്ങാട് ലീഗിന് നൽകിയത് ഉചിതമായില്ല. ഗൃഹപാഠം കൂടാതെ സ്ഥാനാർഥി നിർണയമാണ് വൈപ്പിൻ, ബാലുശ്ശേരി മണ്ഡലങ്ങളിലെ തിരിച്ചടിക്ക് കാരണം. ബാലുശ്ശേരിയിലെ സ്ഥാനാർഥി സംഘടന സംവിധാനവുമായി ചേർന്നുപോകുന്നതിൽ പരാജയപ്പെട്ടു. അമ്പലപ്പുഴയിൽ എം. ലിജുവിനെ കാലുവാരി. ഉദുമയിൽ ജാതീയ ചേരിതിരിവ് വളർത്തി പരാജയം ഉറപ്പാക്കുന്നതിൽ നേതാക്കൾ വലിയ പങ്കുവഹിച്ചു.
കുന്നത്തുനാട് ട്വൻറി-ട്വൻറിയുടെ സാന്നിധ്യം തിരിച്ചടിയായപ്പോൾ അവരുടെ വെല്ലുവിളി മറികടക്കാൻ തൃക്കാക്കരയിൽ പി.ടി. തോമസിന് സാധിച്ചു. മധ്യകേരളത്തിൽ കേരള കോൺഗ്രസ് -ജോസ് പക്ഷത്തിെൻറ മുന്നണിമാറ്റം തിരിച്ചടിച്ചു. ജനപിന്തുണ ഇല്ലാത്തവരായിരുന്നു ജോസഫ് പക്ഷത്തെ ചില സ്ഥാനാർഥികൾ. മാനന്തവാടിയിൽ പി.കെ. ജയലക്ഷ്മിയുടെ സ്ഥാനാർഥിത്വമാണ് തിരിച്ചടിക്ക് കാരണം.
മുസ്ലിം വിഭാഗങ്ങൾ കാലുമാറിയത് നേമം, കൊല്ലം, തൃത്താല അടക്കം മണ്ഡലങ്ങളിൽ പ്രതിഫലിച്ചു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ലീഗിെൻറ മേധാവിത്തമായിരിക്കുമെന്ന് പ്രചരിപ്പിച്ച് ക്രൈസ്തവ സമുദായത്തെയും എൽ.ഡി.എഫ് ഒപ്പം നിർത്തി. നാടാർ സംവരണ പ്രഖ്യാപനം കാട്ടാക്കട, പാറശ്ശാല, അരുവിക്കര, നെയ്യാറ്റിൻകര മണ്ഡലങ്ങളിലെ തോൽവിക്ക് കാരണമായി. മുഖ്യമന്ത്രിയുടെ കോവിഡ്കാല വാർത്തസമ്മേളനങ്ങളും ഭരണത്തുടർച്ച ഉറപ്പിക്കുന്നതിൽ ഗുണംചെയ്തുവെന്ന് റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നു.
കെ.എ. ചന്ദ്രന്, വി.സി. കബീര്‍, പി.ജെ. ജോയി, കെ. മോഹന്‍കുമാര്‍, കുര്യന് ജോയി എന്നിവർ അധ്യക്ഷന്മാരായ അഞ്ച് മൂന്നംഗ സമിതികളാണ് റിപ്പോർട്ടുകൾ സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

