കൊന്നുതള്ളിയത് ഒരേ ചുറ്റിക കൊണ്ട്, ആയുധം കണ്ടെത്തി
text_fieldsവെഞ്ഞാറമൂടിൽ സഹോദരൻ കൊലപ്പെടുത്തിയ 13കാരൻ അഫ്സാന്റെ മൃതദേഹം പേരുമല ജങ്ഷനിൽ പൊതുദർശനത്തിന് വെച്ചപ്പോൾ പൊട്ടിക്കരയുന്ന അമ്മാവൻ ഷമീർ
തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ അഞ്ചുപേരെയും കൊലപ്പെടുത്തിയത് പ്രതി അഫാൻ തനിച്ചാണെന്ന് ദക്ഷിണ മേഖല ഐ.ജി ശ്യാംസുന്ദര്‍. ഒരേ ചുറ്റിക കൊണ്ട് അടിച്ചായിരുന്നു കൊലപാതകങ്ങളെല്ലാം. ചുറ്റികയും അത് വാങ്ങിയ കടയും പൊലീസ് കണ്ടെത്തി. കൊല നടത്തിയത് സാമ്പത്തിക കാരണങ്ങൾ കൊണ്ട് മാത്രമാണെന്ന് പൊലീസ് കരുതുന്നില്ല. അഫാന്റെ മാനസികനിലയും പരിശോധിക്കുന്നുണ്ട്.
കേസന്വേഷിക്കാന്‍ മൂന്ന് ഡിവൈ.എസ്.പിമാരടങ്ങുന്ന പ്രത്യേകസംഘത്തെ റൂറല്‍ എസ്.പി കെ.എസ്. സുദര്ശന് നയിക്കും. അഫാനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം വിശദമായി ചോദ്യം ചെയ്യും. അഫാന് ഇതുവരെ നല്കിയ മൊഴി പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. അഫാന്റെ ബൈക്ക് കസ്റ്റഡിയിലെടുത്തു.
കൂട്ടക്കൊല നടന്ന് 24 മണിക്കൂർ പിന്നിടുമ്പോഴും കൊലപാതകത്തിന്റെ യഥാർഥ കാരണത്തിൽ പൊലീസിന് വ്യക്തതയില്ല. അഫാന്റെ സാമ്പത്തിക ഇടപാടുകൾ മുതൽ ലഹരി ഉപയോഗം വരെയുള്ള കാരണങ്ങളിലാണ് അന്വേഷണം. ഗൾഫിലുള്ള പിതാവിന്റെ കടം തീർക്കാൻ പണം തരാത്തതിന്റെ പ്രതികാരമാണ് ബന്ധുക്കളുടെ കൊലയെന്നായിരുന്നു അഫാന്റെ ആദ്യത്തെ മൊഴി. ഈ മൊഴിക്കപ്പുറം രണ്ടാംദിവസം അന്വേഷണം അഫാന്റെ ഇടപാടുകളെ ചുറ്റിപ്പറ്റിയായിരുന്നു.
കോളജ് പഠനം പൂർത്തിയാക്കാത്ത അഫാന് ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് വിവരം. നിത്യചെലവിന് പോലും മറ്റ് പലരെയും ആശ്രയിക്കുകയായിരുന്നു. കാറ്ററിങ് ജോലിക്ക് പോയും വരുമാനം കണ്ടെത്തിയിരുന്നു. എന്തിന് വേണ്ടിയാണ് പ്രതി ബന്ധുക്കളോടെല്ലാം പണം ആവശ്യപ്പെട്ടതെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.
അഫാൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് ഉറപ്പിക്കലാണ് കേസിൽ നിർണായകം. അതിക്രൂരമായി ചുറ്റികയുമായി ഓടിനടന്ന് ഏറ്റവും പ്രിയപ്പെട്ടവരെ കൊല്ലുന്ന മാനസിക നിലയിലേക്ക് എങ്ങനെ എത്തിയെന്നാണ് അറിയേണ്ടത്. രക്തപരിശോധന ഫലമാണ് പ്രധാനം. കൊലപാതക പരമ്പര പൂർത്തിയാക്കിയശേഷം അഫാൻ പരിചയമുള്ള ശ്രീജിത്തിന്റെ ഓട്ടോയിലാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ പോയത്. അഫാന് ഒരു കൂസലുമുണ്ടായിരുന്നില്ലെന്ന് ശ്രീജിത്ത് പറയുന്നു.
എല്ലാമറിയുന്നത് അഫാന്റെ ഉമ്മക്ക് മാത്രമാണ്. പക്ഷെ ചികിത്സയിലായതിനാൽ ഉമ്മയുടെ മൊഴിയെടുക്കാനായിട്ടില്ല. ആശുപത്രിയിലെ ചികിത്സ പൂർത്തിയാക്കിയശേഷം കസ്റ്റഡിയിലെടുത്ത് അഫാനെ ചോദ്യംചെയ്താൽ മാത്രമേ കേരളം നടുങ്ങിയ കൂട്ടക്കൊലയിലെ ചുരുളഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

