മാനവ വിഭവശേഷിക്കുറവ് മറച്ചുവെച്ച്, മെഡിക്കൽ ഓഫീസറെ ബലിയാടാക്കുന്നത് അവസാനിപ്പിക്കണമെന്ന് കെ.ജി.എം.ഒ.എ
text_fieldsതിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പോത്തുകല്ലിലും സമീപപ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടർന്നു പിടിച്ച വിഷയത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെ പൊതുജനാരോഗ്യ പ്രവർത്തനങ്ങളിലെ വീഴ്ച ആരോപിച്ച് സ്ഥലം മാറ്റിയ നടപടിയിൽ കെ.ജി.എം.ഒ.എ പ്രതിഷേധിച്ചു. യഥാർഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നതെന്നും കെ.ജി.എം.ഒ.എ പ്രസിഡണ്ട് ഡോ. ടി.എൻ സുരേഷും ജനറൽ സെക്രട്ടറി ഡോ.പി.കെ സുനിലും പ്രസ്താവനയിൽ അറിയിച്ചു.
പ്രതിദിനം മൂന്നൂറിൽ അധികം രോഗികൾ ഒ.പി യിൽ എത്തുന്ന സ്ഥാപനത്തിൽ ആവശ്യത്തിന് ഡോക്ടർമാരുടെ തസ്തിക ഇല്ല. നിലവിലുള്ള മൂന്നു സ്ഥിരം ഡോക്ടർമാരിൽ രണ്ട് പേരെ വർക്കിങ് അറേഞ്ച്മെന്റിൽ മറ്റു സ്ഥാപനങ്ങളിലേക്ക് പുനർ വിന്യസിക്കുകയും ചെയ്തിരുന്നു. പകരം നിയോഗിച്ച ദേശീയ ആരോഗ്യ ദൗത്യം ഡോക്ടർ അവധിയിൽ പോവുകയും ചെയ്തു.
ഡോക്ടർമാരുടെയും ഫീൽഡ്തല ആരോഗ്യ പ്രവർത്തകരുടെയും ഗുരുതരമായ ദൗർലഭ്യമുള്ള സ്ഥാപനത്തിൽ തിരക്കു പിടിച്ച ഒ.പി സേവനത്തോടൊപ്പം സാധ്യമായ രീതിയിലുള്ള പൊതുജനാരോഗ്യ ഇടപെടൽ ഡോക്ടർ നടത്തിയിരുന്നു. ഇത്ര ഗുരുതരമായ മാനവ വിഭവശേഷിക്കുറവ് നിലവിലുള്ള സാഹചര്യത്തിലും പകരം സംവിധാനം ഏർപ്പെടുത്താൻ തയാറാവാത്ത അധികൃതർ മെഡിക്കൽ ഓഫീസറുടെ മേൽ വീഴ്ച കെട്ടിവെച്ച് ഇരുട്ടു കൊണ്ട് ഓട്ടയടക്കുകയാണ്.
പരിമിതമായ മാനവ വിഭവശേഷിക്കിടയിലും പൊതുജനാരോഗ്യ പ്രവർത്തനങ്ങളോടൊപ്പം രോഗീപരിചരണവും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണവും, ഔദ്യോഗിക ചുമതലകളും നടത്തേണ്ട മെഡിക്കൽ ഓഫീസർമാരെയാകെ കടുത്ത മാനസിക സമ്മർദദ്ദത്തിലേക്കും ആശങ്കയിലേക്കും തള്ളിവിടുന്ന തീരുമാനമാണ് ആരോഗ്യ വകുപ്പിൽ നിന്ന് ഉണ്ടായിരിക്കുന്നത്.
ഈ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. ഒരു പ്രശ്നം ഉണ്ടാവുമ്പോൾ അടിസ്ഥാന കാരണങ്ങൾ മറച്ചു വെച്ച് ബലിയാടുകളെ കണ്ടെത്തുന്ന പ്രവണത സംഘടന ശക്തമായിത്തന്നെ ചെറുക്കുമെന്നും പ്രസ്തവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

