കെ.ജി.എം.ഒ.എ അമൃതകിരണം-മെഡി ഐ.ക്യു സീസൺ അഞ്ച് ഈ മാസം 14ന് തുടങ്ങും
text_fieldsകേരളത്തിലെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും അശാസ്ത്രീയവും അബദ്ധജടിലവുമായ പ്രചരണങ്ങൾക്കെതിരെ പൊരുതാൻ അവരെ സജ്ജരാക്കുന്നതിനും ലക്ഷ്യമിട്ട് 2017 മുതൽ നടന്നു വരുന്ന അമൃതകിരണം മെഡി ഐ.ക്യു എന്ന പ്രശ്നോത്തരിയുടെ അഞ്ചാം സീസൺ ഈ മാസം നടക്കുമെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികൾ അറിയിച്ചു. മത്സരത്തിന്റെ പ്രാഥമിക ഘട്ടങ്ങൾ ജനുവരി 14ന് ഓരോ ജില്ലാ ആസ്ഥാനങ്ങളിലും നടത്തപ്പെടുന്നതാണ്.
ഒബ്ജക്ടീവ് മാതൃകയിലുള്ള (MCQ) 25 ചോദ്യങ്ങൾ അടങ്ങുന്ന എഴുത്തു പരീക്ഷയാണ് ആദ്യ റൗണ്ട്. എട്ട്, ഒമ്പത്, 10 ക്ലാസ്സുകളിലെ ബയോളജി ടെക്സ്റ്റ് ബുക്കിൽ നിന്നും 12 ചോദ്യങ്ങളും പൊതു വിജ്ഞാനം, ജനറൽ ഹെൽത്ത് എന്നിവയിൽ നിന്നും ബാക്കി 13 ചോദ്യങ്ങളും ഉണ്ടായിരിക്കും. ജില്ലാതലത്തിൽ പ്രാഥമിക റൗണ്ടിൽ യോഗ്യത നേടുന്ന ആറു ടീമുകൾക്ക് അന്നു തന്നെ നടത്തപ്പെടുന്ന ജില്ലാതല ഫൈനൽ റൗണ്ടിൽ പങ്കെടുക്കാം. ഇത് ദൃശ്യശ്രാവ്യ റൗണ്ടുകളുള്ള (ഓഡിയോ വിഷ്വൽ) മൽസരമായിരിക്കും.
ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 2500 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 1000 രൂപയും ട്രോഫിക്ക് പുറമേ സമ്മാനമായി ലഭിക്കും. മത്സരാർത്ഥികൾക്ക് എല്ലാം തന്നെ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും ലഭിക്കും. കോഴിക്കോട് വെച്ച് 2023 ജനുവരി 21ന് നടക്കുന്ന കെ.ജി.എം.ഒ.എ വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച് മെഡി ഐ.ക്യുവിന്റെ മെഗാഫൈനൽ മത്സരം നടക്കും.
സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 10000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 5000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 2500 രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. സിലബസ്, പഠനഭാഷാ ഭേദമന്യേ ഹൈസ്കൂൾ കുട്ടികൾക്ക് ഈ മത്സരത്തിൽ പങ്കാളികളാവാം. ഒരു സ്കൂളിൽ നിന്നും രണ്ട് പേരടങ്ങുന്ന ടീം ആയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. മൽസരത്തിനുള്ള രജിസ്ട്രേഷൻ സൗജന്യമായിരിക്കും. മത്സരത്തിനായി രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന ഗൂഗിൾ ഫോം ഉപയോഗിക്കാം.
രജിസ്ട്രേഷൻ ലിങ്ക് - https://forms.gle/eUSzMmyBPWevBBUP6 രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി - 10ന് വൈകുന്നേരം അഞ്ച്. മത്സരത്തിൽ പങ്കെടുക്കുന്നതിന് സ്കൂൾ പ്രിൻസിപ്പൽ / ഹെഡ് മാസ്റ്റർ/ ഹെഡ് മിസ്ട്രസ് ന്റെ കയ്യിൽ നിന്നും ഓതറൈസേഷൻ ലെറ്റർ മൽസരസമയത്ത് ഹാജരാക്കണം. വിശദ വിവരങ്ങൾക്ക് : amrithakiranam2022@gmail.com
website: http://www.amrithakiranam.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

