തിരുവനന്തപുരം: സെക്രേട്ടറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണം കഴിയുംവരെ പൊതുഭരണ വിഭാഗത്തിൽനിന്ന് പ്രത്യേകിച്ച് പൊളിറ്റിക്കൽ പ്രോട്ടോകോൾ വിഭാഗത്തിൽനിന്ന് ഒരു ഫയലും പുറത്തേക്കോ അകത്തേക്കോ കൊണ്ടുപോകരുതെന്നും 24 മണിക്കൂറും ഓഫിസിനകത്ത് സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്നും ശിപാർശ. േപ്രാേട്ടാകോൾ വിഭാഗത്തിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ നിയോഗിച്ച ഡിസാസ്റ്റർ മാനേജ്മെൻറ് കമീഷണർ ഡോ. എ. കൗശികെൻറ േനതൃത്വത്തിലുള്ള സമിതി ചീഫ് സെക്രട്ടറി ഡോ. വിശ്വാസ്മേത്തക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലാണ് ശിപാർശ.
വിശദ റിപ്പോർട്ട് സമിതി ഒരാഴ്ചക്കകം സമർപ്പിക്കുമെന്നാണ് അറിയുന്നത്. 11 ശിപാർശകളാണ് റിപ്പോർട്ടിലുള്ളത്. അന്വേഷണം കഴിയുംവരെ 24 മണിക്കൂറും സ്ഥലത്ത് കർശന പൊലീസ് സുരക്ഷ വേണം. ഓണക്കാല അവധിയായതിനാൽ ഇളവു വരരുത്. തീപിടിത്തമുണ്ടായ സമയംവരെയുള്ള ഫയലുകൾ ഇ-ഫയലുകളായോ എന്ന് പരിശോധിക്കണം.
പുറത്തുള്ള സി.സി.ടിവി ദൃശ്യങ്ങൾ കൃത്യമായി സൂക്ഷിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണം. കടലാസ് ഫയലുകൾ മാത്രമാണുള്ളതെങ്കിൽ ഇതേക്കുറിച്ച വിവരങ്ങൾ ശേഖരിക്കാൻ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കണം. ഭാഗികമായി കത്തിയ കടലാസ് ഫയലുകൾ സ്കാൻ ചെയ്ത് സൂക്ഷിക്കണം. ഭാവിയിൽ അന്വേഷണ ഏജൻസി ചോദിച്ചാൽ നൽകാൻ കഴിയണം. തുടങ്ങിയവയാണ് ശിപാർശകൾ.