തിരുവനന്തപുരം: സ്വർണക്കടത്ത് അന്വേഷണത്തിെൻറ ഭാഗമായി എൻ.െഎ.എ ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ ഒരുവര്‍ഷത്തെ സി.സി.ടി.വി ദൃശ്യങ്ങൾ മുഴുവനായി പകർത്തി നൽകാൻ സാേങ്കതികമായി ബുദ്ധിമുട്ടുണ്ടെന്ന് പൊതുഭരണ വകുപ്പ്. കേസന്വേഷണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സെക്രട്ടേറിയറ്റിൽ സുരക്ഷിതമാണ്. ആവശ്യമുള്ള ഭാഗങ്ങള്‍ പകർത്തിനൽകുന്നതിൽ തടസ്സമില്ല. എന്നാൽ ഇത് പകർത്തുന്നതിനുള്ള ഹാർഡ്ഡിസ്ക് ലക്ഷങ്ങൾ വിലമതിക്കുന്നതാണെന്ന വിശദീകരണമാണ് വകുപ്പ് നൽകുന്നത്. എൻ.െഎ.എക്ക് മുഴുവൻ ദൃശ്യങ്ങളും സെക്രേട്ടറിയറ്റിലെത്തി പരിശോധിക്കാമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
സെക്രേട്ടറിയറ്റിലെ 83 കാമറകളിലെ ഒരുവർഷത്തെ ദൃശ്യങ്ങള്‍ പകർത്താൻ 400 ടെറാ ബൈറ്റ് ശേഷിയുള്ള ഹാർഡ് ഡിസ്ക് വിദേശത്തുനിന്ന് വരുത്തേണ്ടിവരുമെന്നാണ് വിശദീകരണം. ഹാർഡ് ഡിസ്ക് തായ്വാനിൽനിന്ന് വാങ്ങാനായി ശ്രമിച്ചപ്പോള്‍ 68 ലക്ഷം രൂപ വേണ്ടിവരുമെന്ന് വ്യക്തമായതിനെ തുടർന്ന് ശ്രമം ഉപേക്ഷിച്ചത്രെ. എന്തായാലും ദൃശ്യങ്ങള്‍ പകർത്തി നൽകാനുള്ള നീക്കം തൽക്കാലം പൊതുഭരണവകുപ്പിൽ ഇല്ല. ഇനി എൻ.ഐ.എയുടെ നടപടിയാണ് നിർണായകം. അതിനായി കാത്തിരിക്കുകയാണ് സർക്കാർ. കഴിഞ്ഞവർഷം ജൂലൈ മുതലുള്ള സെക്രേട്ടറിയറ്റ്, അനക്സ് എന്നിവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് എൻ.െഎ.എ ആവശ്യപ്പെട്ടത്.