Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യത്തെ റോഡുകൾക്കായി...

രാജ്യത്തെ റോഡുകൾക്കായി ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം; കേന്ദ്രത്തോട് കേരള ഹൈകോടതി

text_fields
bookmark_border
രാജ്യത്തെ റോഡുകൾക്കായി ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം; കേന്ദ്രത്തോട് കേരള ഹൈകോടതി
cancel

കൊച്ചി: രാജ്യത്തെ റോഡുകൾക്കായി പ്രത്യേകിച്ച് ദേശീയ പാതകൾക്കായി ദേശീയ തലത്തിലുള്ള ദുരന്ത നിവാരണ പദ്ധതി രൂപീകരിക്കണമെന്ന് കേരള ഹൈകോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.

രാജ്യത്തുടനീളം പ്രകൃതി ദുരന്തങ്ങളിൽ വർധനവ് ഉണ്ടായിട്ടുണ്ടെന്നും ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത് രാജ്യത്തിന്റെ ഏറ്റവും നല്ല താൽപര്യമായിരിക്കുമെന്നും ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, പി.എം മനോജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.

‘ഇന്ത്യൻ റോഡുകൾക്കായി ഒരു രാജ്യവ്യാപക പദ്ധതി ആവശ്യമാണ്. രാജ്യത്തുടനീളം പ്രകൃതി ദുരന്തങ്ങൾ വർധിക്കുന്നത് നാം കാണുന്നു. ഒരു പദ്ധതി ഉണ്ടായിരിക്കേണ്ടത് ദേശീയ താൽപര്യമായിരിക്കും’-ജസ്റ്റിസ് നമ്പ്യാർ പറഞ്ഞു. ഈ കാര്യത്തിൽ സമഗ്രമായ ഒരു പദ്ധതി രൂപീകരിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കാൻ കോടതി കേന്ദ്രത്തോട് നിർദേശിച്ചു.

‘രാജ്യമെമ്പാടും ദുരന്തനിവാരണ തയ്യാറെടുപ്പ് ഉറപ്പാക്കുന്നതിന് ദേശീയ പാതാ അതോറിറ്റിക്കായി ഒരു സമഗ്ര ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുമെന്ന് ഞങ്ങൾ കരുതുന്നു. അതിനാൽ വായ്പ എഴുതിത്തള്ളൽ സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കുമ്പോൾ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ പരാമർശിക്കാൻ ഞങ്ങൾ കേന്ദ്ര സർക്കാറിനോട് നിർദേശിക്കുന്നു’ -കോടതി ഉത്തരവിൽ പറയുന്നു.

2024ലെ വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ വായ്പകൾ എഴുതിത്തള്ളാൻ ബാങ്കുകളോട് നിർദേശിക്കാൻ വ്യവസ്ഥയില്ലെന്ന് 2025ലെ ദുരന്തനിവാരണ നിയമ ഭേദഗതി ഉപയോഗിച്ച് കേന്ദ്രം വാദിച്ചതിനെയും കോടതി വിമർശിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 73 പ്രകാരം വായ്പ എഴുതിത്തള്ളാൻ ഉത്തരവിടാൻ സർക്കാറിന് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

‘കേന്ദ്രത്തിന്റെ എതിർ സത്യവാങ്മൂലത്തിൽ ഒപ്പിട്ട ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ അണ്ടർ സെക്രട്ടറി, വായ്പ എഴുതിത്തള്ളൽ ഉത്തരവിടാൻ കേന്ദ്രത്തിന് അധികാരമില്ലെന്ന് പറഞ്ഞിട്ടുണ്ട്. കേന്ദ്രം അതിന് അധികാരമില്ലാത്തവരാണെന്ന് ഞങ്ങളോട് പറയരുത്. അത് ചെയ്യാൻ വിമുഖത കാണിക്കുന്നത് മനസ്സിലാക്കാം. പക്ഷേ, നിങ്ങൾ അത് ചെയ്യില്ലെന്ന് പറയാൻ ധൈര്യപ്പെടണം. അണ്ടർ സെക്രട്ടറിക്ക് ഇത് പറയാൻ കഴിയും. പക്ഷേ കേന്ദ്ര സർക്കാറിന് അധികാരമില്ലെന്ന് പറയാൻ കഴിയില്ല. ആർട്ടിക്കിൾ 73 പ്രകാരം അതിന് അധികാരമുണ്ട്. അർധ-ഫെഡറൽ സംവിധാനമുള്ള ഒരു രാജ്യത്ത് ശേഷിക്കുന്ന അധികാരം യൂനിയനിലാണ്. കേന്ദ്ര സർക്കാർ അധികാരമില്ലാത്തതാണെന്ന് ദയവായി ഞങ്ങളോട് പറയരുത്. ഞങ്ങൾക്ക് അധികാരമില്ലെന്ന് പറയാനുള്ള നിയമപരമായ വ്യവസ്ഥക്ക് പിന്നിൽ ഒളിക്കരുത്’-ജസ്റ്റിസ് നമ്പ്യാർ വാക്കാൽ പറഞ്ഞു.

2024 ജൂലൈയിൽ വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ജീവഹാനിയും സ്വത്തും നഷ്ടപ്പെട്ടതിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്കുള്ള ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി കോടതി സ്വമേധയാ ആരംഭിച്ച ഒരു കേസിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മണ്ണിടിച്ചിലിന്റെ ഇരകൾ എടുത്ത ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നത് പരിഗണിക്കാൻ ബെഞ്ച് മുമ്പ് കേന്ദ്ര സർക്കാറിനോട് നിർദേശിച്ചിരുന്നു.

ഈ വർഷം ആദ്യം ഒരു ഭേദഗതിയിലൂടെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 13 നീക്കം ചെയ്തതിനാൽ വായ്പ എഴുതിത്തള്ളൽ ശിപാർശ ചെയ്യാൻ ഇനി നിയമപരമായ അധികാരമില്ലെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി ഈ ആഴ്ച സത്യവാങ്മൂലം സമർപ്പിച്ചു. ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ ബാങ്കുകളോട് നിർദേശിക്കാൻ സർക്കാറിന് അധികാരം നൽകിയ വ്യവസ്ഥയായിരുന്നു ഇത്. ‘ഡൽഹിയിൽ ഇരിക്കുന്ന ഒരു അണ്ടർ സെക്രട്ടറി (ദേശീയ ദുരന്തനിവാരണ അതോറിറ്റി) പറയുന്നതിനെ അടിസ്ഥാനമാക്കി നമ്മൾ നിയമവും നിയമശാസ്ത്രവും മനസ്സിലാക്കരുതെ’ന്നും ജസ്റ്റിസ് നമ്പ്യാർ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High Courtmodi govtfloodsroad safetydisasterIndian Roads
News Summary - Kerala High Court urges Centre to formulate disaster preparedness plan for Indian roads
Next Story