'എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ'; നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എക്കു നേരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
text_fieldsപിണറായി വിജയൻ
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എയുടെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 'എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ എന്നായിരുന്നു' പ്രതിപക്ഷ അംഗത്തെ മുഖ്യമന്ത്രി അധിക്ഷേപിച്ചത്.
അംഗത്തിന്റെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
''എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്. എട്ടു മുക്കാൽ അട്ടിവെച്ചത് പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീര ശേഷി വെച്ചല്ല അത്. ശരീര ശേഷി വെച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വെച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ പോവുകയായിരുന്നു. വനിത വാച്ച് ആൻഡ് വാർഡിനെ അടക്കം ആക്രമിക്കാൻ ശ്രമിച്ചു''-എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
തുടർന്ന് മുഖ്യമന്ത്രിക്ക് മറുപടിയുമായി നജീബ് കാന്തപുരം എം.എൽ.എ തന്നെ രംഗത്തുവന്നു. പുതുതായി നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവു കൂടി ഇനി പിണറായി തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണമെന്നായിരുന്നു മുഖ്യമന്ത്രിക്ക് നജീബ് കാന്തപുരത്തിന്റെ മറുപടി.
മുഖ്യമന്ത്രിയുടെ പരാമർശം സഭാരേഖകളിൽ നിന്ന നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കർക്ക് കത്ത് നൽകും. പ്രതിപക്ഷം നിയമസഭ ബഹിഷ്‍കരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം. എട്ടുമുക്കാൽ അട്ടിവെച്ച പോലെ എന്നത് മലയാളത്തിലെ ഒരു പദപ്രയോഗമാണ്. പലഭാഗത്തും പറ്റിപ്പിടിച്ച് നിൽക്കാൻ ശ്രമിക്കുന്ന ഒരാളെയോ ഒരു അവസ്ഥയെയോ ഒക്കെ സൂചിപ്പിക്കാനാണ് ഈ പദപ്രയോഗം ഉപയോഗിക്കുന്നത്.
ഒരാളുടെ ശരീര വലിപ്പത്തെയോ ആകൃതിയേയോ കുറിച്ച് അനുചിതമായ കമന്റുകൾ നടത്തി അപമാനിക്കുന്നതിനെയാണ് ബോഡി ഷെയിമിങ് എന്ന് പറയുന്നത്. ബോഡി ഷെയിമിങ് നടത്തുന്നത് റാഗിങ് വിഭാഗത്തിൽ ഉൾപ്പെടുന്ന കുറ്റകൃത്യമായി കാണാനുള്ള ബില്ല് അവതരിപ്പിച്ചിരുന്നു സംസ്ഥാന സർക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

