ആക്രമണകാരികളായ മൃഗങ്ങളെ കൊല്ലാം; വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് അംഗീകാരവുമായി കേരളം
text_fieldsrepresentational image
തിരുവനന്തപുരം: ജനങ്ങളുടെ ജീവന് ഭീഷണിയാകും വിധം ജനവാസ മേഖലയിൽ ഇറങ്ങുന്ന ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന വന്യജീവി സംരക്ഷണ ഭേദഗതി കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം.
ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഭേദഗതി ബില്ലിന് അംഗീകാരം നൽകിയത്. ജനവാസ മേഖലയിൽ വന്യജീവികൾ ഇറങ്ങി ആക്രമിച്ച് കൊലപ്പെടുത്തുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ശാശ്വത പരിഹാരമെന്ന നിലയിൽ 2025ലെ വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. മനുഷ്യനും മൃഗങ്ങളും തമ്മിലെ സംഘർഷം അവസാനിപ്പിക്കാൻ നടപടിയുണ്ടാവണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.പി ജയരാജൻ നയിച്ച കർഷകസംഘം മലയോര ജാഥയിലും ആവശ്യമുന്നയിച്ചു. അതിന്റെ തുടർച്ചയാണ് നിയമ ഭേദഗതി.
മനുഷ്യനെ കൊന്നാലും മൃഗത്തെ കാമറ സ്ഥാപിച്ച് നിരീക്ഷിച്ച് ജീവന് ഭീഷണിയാകാത്ത തരത്തില്‍ മയക്കുവെടി വച്ച് പിടിച്ച് മറ്റൊരിടത്ത് വിടണമെന്നാണ് നിലവിലെ കേന്ദ്രനിയമം. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ടുവന്നത്. കേന്ദ്ര നിയമത്തിൽ ഭേദഗതി സാധ്യമാകണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതി വേണമെന്ന കടമ്പയും മുന്നിലുണ്ട്. കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കുകള്‍ അനുസരിച്ച്, കാട്ടാനയാക്രണത്തില്‍ മാത്രം കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്.
ഏക കിടപ്പാടം സംരക്ഷണ ബില്ലിന് അംഗീകാരം
കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ കരടിനും ശനിയാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭ യോഗം അംഗീകാരം നൽകി.
തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താൽ (മനപ്പൂർവമായി വീഴ്ച വരുത്താത്ത) തിരിച്ചടവ് മുടങ്ങിയെന്ന് നിർദിഷ്ട സമിതികൾ കണ്ടെത്തിയ കേസുകളിൽ അവരുടെ ഏക പാർപ്പിടം നഷ്ടപ്പെടും എന്ന അവസ്ഥ വരുമ്പോൾ പാർപ്പിടാവകാശം സംരക്ഷിക്കുന്ന ബില്ലാണിത്.
പ്രതിവർഷം മൂന്നുലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവർക്കും ആകെ വായ്പാതുക അഞ്ചു ലക്ഷം രൂപയും പിഴയും പിഴപ്പലിശയും അടക്കം 10 ലക്ഷം രൂപയും കവിയാത്ത കേസുകൾക്കുമാണ് കർശന ഉപാധികളോടെ നിയമപരിരക്ഷ ലഭിക്കുക.
1961 ലെ കേരള വന നിയമം ഭേദഗതി ചെയ്യുന്നതിനുള്ള 2025ലെ കേരള വന ഭേദഗതി കരട് ബില്ലിനും മന്ത്രിസഭായോഗം അംഗീകാരം നൽകി. സ്വകാര്യ ഭൂമിയിലെ ചന്ദന മരങ്ങൾ വനം വകുപ്പ് മുഖേന മുറിച്ച് വില്പന നടത്തി അതിന്റെ വില കർഷകന് ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥയാണ് ബില്ലിലുള്ളത്.
കേരള കയർ തൊഴിലാളി ക്ഷേമനിധി ഭേദഗതി അംഗീകരിച്ചു. 2025ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും ഭേദഗതി കരട് ബിൽ അംഗീകരിച്ചു.
കേരള മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി കരട് ബിൽ, കേരള പഞ്ചായത്ത് രാജ് ആക്ട് ഭേദഗതി കരട് ബിൽ, കേരള സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി ക്രമവൽക്കരണ ബിൽ കരട് എന്നിവക്കും അംഗീകാരം നൽകി. ക്രമവൽക്കരണം അനുവദിക്കുന്ന ഭൂമിക്ക് നിർണയിക്കപ്പെട്ട പ്രകാരം പരിധി ഏർപ്പെടുത്തും.
കാർഷികവൃത്തിയുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന കാളപ്പൂട്ട്, കന്നുപൂട്ട്, മരമടി , ഉഴവ് മത്സരങ്ങൾ തുടർന്നും നടത്തുന്നതിന് ആവശ്യമായ നിയമനിർമാണം നടത്തുന്നതിനുള്ള കരട് ബില്ലിന് അംഗീകാരം നൽകി. 1960 ലെ കേന്ദ്രനിയമത്തിൽ ദേദഗതി വരുത്താനുള്ളതാണ് കരടു ബിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

