‘ഖൗമിലെ കുട്ടി’ക്കെതിരെ കെ.സി. വേണുഗോപാൽ: ‘നിങ്ങളെന്തിനാണ് ഈ പെണ്‍കുട്ടിയെ ഇങ്ങനെ വേട്ടയാടുന്നത്?
text_fieldsകൊച്ചി: പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്‍ലിയക്കെതിരെ എൽ.ഡി.ഫ് പ്രചാരണ വാഹനത്തിൽനിന്ന് നടത്തിയ വർഗീയ അനൗൺസ്മെന്റിനെതിരെ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എം.പി. ഫാത്തിമ തഹ്‍ലിയക്ക് വേണ്ടി ‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്’ എന്നു പറഞ്ഞ് മുസ്‍ലിം ലീഗ് രഹസ്യമായി വോട്ടുപിടിക്കുന്നു എന്നായിരുന്നു എൽ.ഡി.എഫ് ആരോപണം. ‘മതേതരത്വത്തിന്റെ വ്യാജപ്രചാരകരേ, സ്ത്രീസുരക്ഷയുടെ കപടഭക്തരേ നിങ്ങളെന്തിനാണ് ഈ പെണ്‍കുട്ടിയെ ഇങ്ങനെ വേട്ടയാടുന്നത്?’ എന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.
‘വടകരയില്‍ പരാജയപ്പെട്ട കാഫിര്‍ വര്‍ഗീയ പ്രചാരണം നമ്മുടെ ഖൗമിലെ കുട്ടി (സമുദായം) എന്ന മറ്റൊരു പ്രചാരണത്തിലൂടെ ഭീമാകാരരൂപം പൂണ്ട് കേരളത്തെ വിഴുങ്ങാന്‍ തയാറായി നില്ക്കുന്നു. വടകരയില്‍ മതേതരജനാധിപത്യ വിശ്വാസികള്‍ കാഫിര്‍ പ്രചാരണത്തെ ചവുട്ടിത്താഴ്ത്തിയതുപോലെ ഇതും ആറടിമണ്ണില്‍ മതേതര കേരളം ചവിട്ടിത്താഴ്ത്തും.
മതേതരത്വത്തിന്റെ വ്യാജപ്രചാരകരേ, സ്ത്രീസുരക്ഷയുടെ കപടഭക്തരേ നിങ്ങളെന്തിനാണ് ഈ പെണ്‍കുട്ടിയെ ഇങ്ങനെ വേട്ടയാടുന്നത്? പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയയ്ക്കെതിരെയാണ് സിപിഎം വര്‍ഗീയത ആളിക്കത്തിക്കുന്നത്.
തീവ്രവര്‍ഗീയ സംഘടനകളുപോലും ഇപ്പോള്‍ അരിവാള്‍ ചുറ്റികയെ തൊട്ടു നമസ്‌കരിക്കുകയാണ്. ചുവപ്പുകണ്ട കാളയെപ്പോലെ പരാജയഭീതി സിപിഎമ്മിന്റെ സമനില തെറ്റിച്ചിരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന്റെ പുതിയ ആവിഷ്‌കാരമാണിത്. മാനായും മാരീചനായും വര്‍ഗീയതയെ കടത്തിവിടുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങള്‍ക്കും ജനാധിപത്യമര്യാദകള്‍ക്കും വിരുദ്ധമാണ് ഈ സിപിഎം നടപടി. ഇത് ക്രിമിനല്‍ കുറ്റമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പിനെ ഞങ്ങള്‍ ഭയക്കുന്നില്ല. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ആശങ്കയുമില്ല. പക്ഷേ മതേതരകേരളത്തിന് നിങ്ങളേല്പിക്കുന്ന പോറല്‍, അതെന്നെ ഭയപ്പെടുത്തുന്നു’ -അദ്ദേഹം പറഞ്ഞു.
പേരാമ്പ്ര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് എൽ.ഡി.എഫ് പ്രചാരണ വാഹനത്തിൽ നിന്ന് നടത്തിയ അനൗൺസ്‌മെന്റിൽ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്‍ലിയക്കെതിരെ വിവാദ പരാമർശം നടത്തിയത്. ‘മുസ്‍ലിം ലീഗ് നടത്തുന്ന സ്വകാര്യ പ്രചാരണം നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്നാണ്. മത ഏകീകരണത്തിന്‍റെ ചിന്നം വിളിയാണ് മുസ്‍ലിം ലീഗ് നടത്തുന്നത്. മത വർഗീയതയുടെ തന്ത്രമാണ് പേരാമ്പ്രയുടെ തെരഞ്ഞെടുപ്പ് ഗോദയിൽ അവർ നടത്തുന്നത്. സമത്വബോധമുള്ള മനുഷ്യർ മുസ്‍ലിം ലീഗിന്‍റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തുതോൽപിക്കേണ്ടതുണ്ട്. നമ്മൾ മനുഷ്യർ ജാതിക്കും മതത്തിനും അപ്പുറത്താണ്. മതസഹോദര്യത്തെ ഊട്ടി വളർത്തേണ്ടവരാണ്. എൽ.ഡി.എഫ് മതരാഷ്ട്രീയത്തിന്‍റെ പക്ഷത്തല്ല, മനുഷ്യപക്ഷത്താണ്. പേരാമ്പ്രയുടെ മണ്ണ് മനുഷ്യപക്ഷത്താണ് എന്ന് തെളിയിക്കാൻ നിങ്ങളുടെ വോട്ടുകൾ ഇടതുപക്ഷത്തിന് രേഖപ്പെടുത്തുക’ -എന്നാണ് എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ബോർഡ് വെച്ച വാഹനത്തിൽനിന്ന് അനൗൺസ് ചെയ്യുന്നത്.
ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വിവിധ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു. വിഷയത്തിൽ എൽ.ഡി.എഫ് സ്വീകരിച്ച നിലപാട് രാഷ്ട്രീയ പാപ്പരത്വത്തിന്റെ ഉദാഹരണമാണെന്ന് യു.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.യു ജനറൽ സെക്രട്ടറി അർജുൻ കട്ടയാട്ട് ഡി.ജി.പിക്ക് പരാതി നൽകി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലം സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരായ 'കാഫിർ സ്ക്രീൻ ഷോട്ട്' പ്രചാരണവും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. വർഗീയത പരസ്യമായി വിളിച്ചുപറഞ്ഞാണ് ഇടതുപക്ഷം വോട്ടുപിടിക്കുന്നതെന്ന് ലീഗ് നേതാക്കൾ ആരോപിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് മതപരമായ വികാരങ്ങൾ ഉണർത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും സമൂഹത്തിലെ വിവിധ വൃത്തങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. സംഭവത്തെ തുടർന്ന് മണ്ഡലത്തിൽ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്ന് യു.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ടി.പി. രാമകൃഷ്ണനാണ് പേരാമ്പ്രയിലെ എൽ.ഡി.എഫ് സ്ഥാനാർഥി. മുസ്‍ലിം ലീഗ് ഫാത്തിമ തഹ്‍ലിയയെ യു.ഡി.എഫ് രംഗത്തിറക്കിയതോടെ മത്സരം പ്രവചനാതീതമായ തലത്തിലേക്കുയർന്നിരിക്കുകയാണ്. കഴിഞ്ഞ 49 വർഷക്കാലം ഇടതുമുന്നണി ജനപ്രതിനിധികളെ മാത്രം തെരഞ്ഞെടുത്ത പേരാമ്പ്ര ഇക്കുറി ഒരു പ്രവചനങ്ങൾക്കും പിടികൊടുക്കുന്ന മട്ടില്ല. 15 വർഷം ടി.പി. രാമകൃഷ്ണനായിരുന്നു പേരാമ്പ്രയുടെ ജനപ്രതിനിധി. 2001 ൽ കന്നിയങ്കത്തിനിറങ്ങിയ ടി.പി 2,684 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പിന്നീട് 2016 വീണ്ടും അങ്കത്തിനിറങ്ങിയപ്പോൾ ഭൂരിപക്ഷം 4101 ആയി ഉയർന്നു. 2021 ൽ 22592 വോട്ടിന്‍റെ വമ്പൻ ഭൂരിപക്ഷം നൽകിയാണ് രാമകൃഷ്ണൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
പേരാമ്പ്ര നിലനിർത്താൻ പ്രായപരിധിയിൽ ഇളവ് നൽകിയാണ് പാർട്ടി വീണ്ടും ടി.പി. രാമകൃഷ്ണനെ രംഗത്തിറക്കിയിരിക്കുന്നത്. പാർലമെൻറ് തെരഞ്ഞെടുപ്പുകളിൽ പേരാമ്പ്ര മണ്ഡലത്തിൽ യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടാകുമായിരുന്നെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ഇവിടെ ഒരിക്കലും പാർട്ടി പിന്നിൽ പോയിരുന്നില്ല. എന്നാൽ, ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ സമവാക്യങ്ങൾ കീഴ്മേൽ മറിഞ്ഞു. പത്തിൽ ആറ് ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് ഭരണത്തിൽ വന്നു. നേരത്തെ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഭരണം മാത്രം ഉണ്ടായിരുന്ന യു.ഡി.എഫ് പേരാമ്പ്ര, കൂത്താളി, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, തുറയൂർ പഞ്ചായത്തുകളാണ് എൽ.ഡി.എഫിൽ നിന്നും പിടിച്ചെടുത്തത്. ബി.ജെ.പിയുടെ കോഴിക്കോട് മേഖല സെക്രട്ടറിയാണ് എൻ.ഡി.എ സ്ഥാനാർഥി എം. മോഹനൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

