യൂനാനി ഡിസ്പെൻസറിയിൽ തെറപ്പിസ്റ്റ് നിയമനമായി; രോഗികൾക്ക് ആശ്വാസം
text_fieldsമൊഗ്രാൽ: കുമ്പള ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കേരളത്തിലെ ഏക സർക്കാർ യുനാനി ഡിസ്പെൻസറിയിൽ ഒടുവിൽ തെറപ്പിസ്റ്റ് നിയമനമായി.
രണ്ടുമാസമായി തെറപ്പിസ്റ്റ് ഇല്ലാത്തതുമൂലം രോഗികൾ തുടർചികിത്സ ലഭിക്കാതെ മടങ്ങിപ്പോകുന്ന സാഹചര്യത്തിൽ തെറപ്പിസ്റ്റ് നിയമനം യുദ്ധകാലടിസ്ഥാനത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് റെഡ്സ്റ്റാർ മൊഗ്രാൽ ആരോഗ്യമന്ത്രിക്കും മൊഗ്രാൽ ദേശീയവേദി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നൽകിയ നിവേദനത്തിനാണ് പരിഹാരമായത്.
‘മാധ്യമം’ ഇതുസംബന്ധിച്ച് വാർത്തയും നൽകിയിരുന്നു. കഴിഞ്ഞദിവസമാണ് തെറപ്പിസ്റ്റ് നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിൽനിന്ന് കുമ്പള ഗ്രാമപഞ്ചായത്തിന് ഉത്തരവ് ലഭിച്ചത്.
തെറപ്പിസ്റ്റ് നിയമനവുമായി ബന്ധപ്പെട്ട് കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി നേരിട്ട് നിയമനം നടത്താനുള്ള ശ്രമം ബന്ധുനിയമനമെന്നാരോപിച്ച് ബോർഡ് യോഗത്തിൽ പ്രതിപക്ഷ മെംബർമാർ തടഞ്ഞിരുന്നു. ഇതേത്തുടർന്ന് പഞ്ചായത്ത് ഭരണസമിതിയും ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള നിയമനത്തിന് ശിപാർശ നൽകിയിരുന്നു.
ഇതൊക്കെ പരിഗണിച്ചാണ് ആരോഗ്യവകുപ്പിന്റെ നടപടി. വൃക്ക, സ്ട്രോക്ക് തുടങ്ങിയ രോഗമുള്ളവർക്ക് ഏറെ ആശ്വാസമായിരുന്നു യുനാനി ചികിത്സാലയത്തിലെ ഫിസിയോ തെറപ്പി ചികിത്സ.
രണ്ടുമാസമായി ഇത് ആശുപത്രിയിൽ നിലച്ചിരിക്കുകയായിരുന്നു. ഇത് തുടർചികിത്സക്കെത്തുന്ന രോഗികൾക്ക് ദുരിതമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് റെഡ് സ്റ്റാറും മൊഗ്രാൽ ദേശീയവേദിയും ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

