ജില്ലയില്‍ അരിവാള്‍ കോശ രോഗ നിര്‍ണയം തുടങ്ങി
text_fieldsകോടോം ബേളൂര്‍ പഞ്ചായത്തിലെ കോളിയാര്‍ പട്ടിക വര്‍ഗ ഉന്നതിയില്‍ നടന്ന അരിവാൾ രോഗ പരിശോധന ക്യാമ്പ്
കാസർകോട്: അരിവാള്‍ കോശ രോഗ പ്രതിരോധം, ബോധവത്കരണം എന്നിവ ലക്ഷ്യമാക്കി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ‘അറിയാം അകറ്റാം അരിവാള്‍ കോശരോഗം’ കാമ്പയിന്റെ ഭാഗമായുള്ള രോഗ നിര്‍ണയ പരിശോധന ആരംഭിച്ചു. പട്ടിക വര്‍ഗ വികസന വകുപ്പ്, ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധന.
കോടോം ബേളൂര്‍ പഞ്ചായത്തിലെ കോളിയാര്‍ പട്ടിക വര്‍ഗ ഉന്നതിയില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം കോടോം ബേളൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി. ഗോപാലകൃഷ്ണന് നിര്‍വഹിച്ചു. എണ്ണപ്പാറ കുടുംബരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ.എം.വി. കൃപേഷ് അധ്യക്ഷത വഹിച്ചു. ജില്ല എം.സി.എച്ച് ഓഫിസര്‍ സൂസന് ഫിലിപ്പ്, ഡി.പി.എച്ച്.എന്‍ കെ. ശാന്ത എന്നിവര്‍ സംസാരിച്ചു.
ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ അബ്ദുൽ ലത്തീഫ് മഠത്തില്‍ സ്വാഗതവും കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ. ജിഷ നന്ദിയും പറഞ്ഞു. പരിശോധന ക്യാമ്പിന് എണ്ണപ്പാറ കുടുംബരോഗ്യ കേന്ദ്രം പി.എച്ച്.എന്‍ കെ. ശ്രീജ, ജെ.പി.എച്ച്.എന്‍, ജെ.എച്ച്.ഐ, എം.എല്‍.എസ്.പി ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്കി. ആശ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, എസ്.റ്റി പ്രൊമോട്ടര്‍ എന്നിവരും പരിപാടിയുടെ ഭാഗമായി.
അരിവാൾ രോഗം എന്ന ജനിതക അവസ്ഥ
അരിവാള്‍ കോശ രോഗം അഥവാ സിക്കിള്‍ സെല്‍ ഡിസീസ് എന്നത് ശരീരത്തിലെ ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഹീമോഗ്ലോബിന്‍ തന്മാത്രകള്ക്ക് തകരാര്‍ സംഭവിക്കുന്ന ജനിതക അവസ്ഥയാണ്. സ്ത്രീകളിലും പുരുഷന്മാരിലും ഈ രോഗമുണ്ടാകാന്‍ തുല്യസാധ്യതയാണുള്ളത്. അരിവാള്‍ രൂപത്തിലുള്ള ഹീമോഗ്ലോബിന്‍ അടങ്ങിയ ചുവന്ന രക്താണുക്കള്‍ക്ക് രൂപമാറ്റം സംഭവിക്കുകയും അവ ഒട്ടിപ്പിടിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ചുമന്ന രക്താണുക്കള്‍ വേഗം നശിച്ചുപോകുന്നതിനാല്‍ രോഗിയില്‍ വിളര്‍ച്ച ഉണ്ടാകുന്നു.
മാതാപിതാക്കൾ അരിവാള്‍ രോഗ വാഹകരാണെങ്കില്‍ ഗര്‍ഭസ്ഥശിശുവിന് രോഗം വരാനുള്ള സാധ്യത 25ശതമാനമാണ്. ജീവിതകാലം മുഴുവന്‍ പരിശോധനയും ചികിത്സയും വേണ്ടിവരുന്ന രോഗമാണിത്. കൈ, കാല്, നെഞ്ച് എന്നിവിടങ്ങളിലെ രക്തക്കുഴലുകള്‍ അടയല്, കൈകാലുകളില്‍ വീക്കവും വേദനയും, വിളര്‍ച്ച, തുടര്‍ച്ചയായ പനിയും അണുബാധയും, അടിക്കടിയുള്ള മഞ്ഞപ്പിത്തം, ക്ഷീണം, വളര്‍ച്ച മുരടിപ്പ് എന്നിവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. നാലുമാസം മുതല്‍ പ്രായമുള്ള കുഞ്ഞുങ്ങളില്‍ ഇതിന്റെ ലക്ഷണങ്ങള്‍ കാണാം. ഇത് കൃത്യമായ പരിശോധിക്കുവാനും രോഗ പകര്‍ച്ച തടയുവാനുമാണ് ഈ ക്യാമ്പയിന് നടപ്പാക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

