ഇറാനിൽ മലയാളി കപ്പൽ ജീവനക്കാരൻ വീണ്ടും ജയിലിൽ
text_fieldsഉദുമ: അനധികൃതമായി എണ്ണ കടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് എം.ടി. മനമൻ 8 എന്ന കപ്പലിലെ മലയാളി അടക്കം നാല് ഇന്ത്യക്കാരെ ഇറാനിയൻ കോസ്റ്റ് ഗാർഡ് വിട്ടയച്ചെങ്കിലും സ്വീകരിക്കാൻ ആരുമെത്താത്തതിനാൽ വീണ്ടും ജയിലിൽ.
ഇവരെ നാട്ടിലെത്തിക്കാനാവശ്യമായ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനും കേരള മുഖ്യമന്ത്രിക്കും ഇ-മെയിൽ അയക്കുകയും ഫോണിൽ ബന്ധപ്പെട്ടിട്ടുമുണ്ടെന്ന് സൈലേഴ്സ് സൊസൈറ്റി വക്താവ് കോട്ടിക്കുളം മെർച്ചൻറ് നേവി ക്ലബിനെ അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ തൃശൂരിലെ ദീപക് രവി (27) അടക്കം ആന്ധ്രപ്രദേശ്, ഒഡിഷ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള നാലു കപ്പൽ ജീവനക്കാരെയാണ് ഇറാനിയൻ കോസ്റ്റ്ഗാർഡ് അറസ്റ്റ് ചെയ്തത്.കപ്പലിൽ കയറ്റുന്ന ചരക്ക് ആരുടേതാണെന്നോ ആർക്ക് വേണ്ടിയാണെന്നതോ എന്നത് സാധാരണഗതിയിൽ കപ്പൽജീവനക്കാർ അറിഞ്ഞിരിക്കേണ്ടതില്ല.
എന്നിരിക്കെ, സാധാരണ ജീവനക്കാരായ ഈ നാലുപേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് അസാധാരണ സംഭവമാണെന്ന് യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈലേഴ്സ് സൊസൈറ്റിയുടെ ഇന്ത്യയിലെ കമ്യൂണിറ്റി ഡെവലപ്മെൻറ് മാനേജർ ക്യാപ്റ്റൻ വി. മനോജ് ജോയ് പറഞ്ഞു. ആശങ്കയിലായ ദീപക്കിെൻറ കുടുംബത്തിന് ആശ്വാസമായി ഇറാനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനും സൈലേഴ്സ് സൊസൈറ്റിയും ഇടപെട്ടിട്ടുണ്ട്.
ജൂലൈ 29ന് ഇവരെ ജയിലിൽനിന്ന് വിട്ടയച്ചുവെങ്കിലും കപ്പൽ ഉടമയുടെ പ്രതിനിധിയോ ലോക്കൽ ഏജേൻറാ ഏറ്റുവാങ്ങാൻ എത്താത്തതിനാലാണ് വീണ്ടും ജയിലിലാക്കിയതെന്നും ക്യാപ്റ്റൻ വി. മനോജ് ജോയ് പറഞ്ഞു.