ദേശീയപാതയിലെ പടന്നക്കാട് മേല്‍പാലം; അപകട ഭീഷണിയുയർത്തി കുഴികൾ
text_fieldsപടന്നക്കാട് ദേശീയപാതയിലെ പടന്നക്കാട് മേല്പാലത്തില് രൂപപ്പെട്ട കുഴി
കാഞ്ഞങ്ങാട്: പടന്നക്കാട് മേല്‍പാലത്തിൽ പിന്നെയും കുഴികൾ. കഴിഞ്ഞവര്‍ഷം നിരവധിപേരുടെ മരണത്തിനിടയാക്കിയ അപകടങ്ങള്‍ക്ക് കാരണമായത് ഇവിടുത്തെ കുഴികളായിരുന്നു. മഴ മാറിയപ്പോഴാണ് ദേശീയപാത അധികൃതരുടെ നിര്‍ദേശപ്രകാരം നിര്‍മാണ കരാറുകാര്‍ മെറ്റലും ടാറുമിട്ട് കുഴികളടച്ചത്. പിന്നെ ഏതാനും മാസങ്ങള്‍ കാര്യമായ പ്രശ്‌നങ്ങളില്ലാതെ കടന്നുപോയി. പക്ഷേ വീണ്ടും മഴ വന്നുപോയപ്പോഴേക്കും കുഴികള്‍ വീണ്ടും രൂപപ്പെട്ടു.
ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ആഴമേറിയ വെള്ളക്കെട്ടുകളായി മാറുകയാണ് കുഴികൾ. ഇതോടെ മേല്‍പാലത്തിനുമുകളില്‍ ഗതാഗതക്കുരുക്കും ഒഴിയാതെയായി. ഇന്നലെ നിര്‍മാണ കരാറുകാരായ മേഘ ഇന്‍ഫ്രാസ്ട്രക്ചറിന്റെ തൊഴിലാളികളെത്തി ആഴമേറിയ ഏതാനും കുഴികളില്‍ മെറ്റലും സിമന്റ് മിശ്രിതവും നിറച്ച് നികത്തിയിരുന്നു. എന്നാല്‍, ഇതിന്റെ ആയുസ്സ് അടുത്ത മഴ വരുന്നതുവരെ മാത്രമായിരിക്കുമെന്ന് വാഹനയാത്രക്കാര്‍ പറയുന്നു.
മേല്‍പാലത്തിലെ എക്‌സ്പാന്‍ഷന്‍ ജോയിന്റുകളിലെ ലോഹപാളികളും അങ്ങിങ്ങ് ഇളകിക്കിടക്കുന്നുണ്ട്. ഇതുമൂലം പാലത്തിന്റെ ഉറപ്പിന് ഭീഷണിയൊന്നുമില്ലെങ്കിലും ചെറുവാഹനങ്ങള്‍ക്ക് കുലുക്കം തട്ടാനിടയാക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങള്‍ക്കാണ് ഇത് അപകടഭീഷണിയാകുന്നത്. എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ മാറ്റിസ്ഥാപിക്കാനും പഴയ ടാറിങ് മാറ്റി പൂര്‍ണമായി മെക്കാഡം ടാറിങ് നടത്താനും കുറച്ചുദിവസം മേല്‍പാലം അടച്ചിടേണ്ടിവരുമെന്നാണ് നിര്‍മാണ കരാറുകാരുടെ നിലപാട്.
തൊട്ടടുത്തു നിര്‍മിക്കുന്ന രണ്ടാമത്തെ മേല്‍പാലത്തിന്റെ പണി പൂര്‍ത്തിയാകാതെ ഇതു ചെയ്യാന്‍ ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. അതുവരെ ഈ കുഴിയടക്കലും വീണ്ടും കുഴിയുണ്ടാവുന്നതും തുടര്‍ന്നുപോകുമെന്നാണ് ഇപ്പോഴത്തെ അവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

