ഓടിവരുന്ന അപകടം; ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ പരക്കംപാച്ചിൽ
text_fieldsനീലേശ്വരം നഗരസഭ ബസ് സ്റ്റാൻഡിൽ ബസുകളുടെ ട്രാഫിക് നിയമം തെറ്റിച്ചുള്ള പാർക്കിങ്
നീലേശ്വരം: നീലേശ്വരം നഗരസഭയിലെ പുതിയ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ അപകടഭീതിയെ തുടർന്ന് പരക്കംപായുന്നു. ബസ് സ്റ്റാൻഡിനകത്ത് നഗരസഭ പ്രഖ്യാപിച്ച ട്രാഫിക് ക്രമീകരണം താളംതെറ്റിയതാണ് യാത്രക്കാർക്ക് ദുരിതമായത്.ബസിറങ്ങി രാജാറോഡിലേക്ക് നടന്നുനീങ്ങുമ്പോൾ അകത്ത് പ്രവേശിക്കുന്ന ബസുകൾ യാത്രക്കാരുടെ നേരെയാണ് ചീറിപ്പാഞ്ഞെത്തുന്നത്.
ജീവനിൽ കൊതിയുള്ള യാത്രക്കാർ ഓടിരക്ഷപ്പെടേണ്ട അവസ്ഥയാണ്. ബസ് അകത്തുകയറി നേരെ കെട്ടിടത്തിന് അഭിമുഖമായി നിർത്തുകയും തുടർന്ന് യാത്രക്കാരെ കയറ്റി ബസ് പിറകോട്ടെടുത്തശേഷം കിഴക്കുഭാഗത്തുകൂടി പുറത്തേക്ക് പോകാനാണ് നഗരസഭ നിർദേശം നൽകിയത്.എന്നാൽ, മിക്ക ബസുകളും സമയത്തിന്റെ പ്രശ്നം കാരണം എങ്ങനെയെങ്കിലും നിർത്തി ട്രാഫിക് നിയമം തെറ്റിച്ചാണ് പോകുന്നത്.
നിർത്തിയിടുന്ന ബസുകൾ പിറകോട്ടെടുക്കുമ്പോഴാണ് മറ്റൊരു അപകടസാധ്യതയുള്ളത്. എന്നിട്ടും ബസ് സ്റ്റാൻഡിൽ ബസുകളെ നിയന്ത്രിക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥനെ പോലും നിയമിക്കാൻ ബന്ധപ്പെട്ടവർക്കായില്ല. ബസുകൾ നിർദേശം പാലിക്കുന്നുണ്ടോ എന്ന് നോക്കാൻ നഗരസഭക്കും സമയമില്ല. 125ഓളം ഓട്ടോയുള്ള സമീപത്തെ സ്റ്റാൻഡിൽ 25 ഓട്ടോക്ക് മാത്രമേ പാർക്ക് ചെയ്യാൻ പറ്റുന്നുള്ളൂ.
ചില ഓട്ടോകൾ അടിപ്പാതയിൽ പാർക്ക് ചെയ്യേണ്ട സ്ഥിതിയാണ്. ബസ് സ്റ്റാൻഡ് കെട്ടിടം വലുതെങ്കിലും 10 ബസുകൾ ഒരുമിച്ച് അകത്തു കയറിയാൽ ഗതാഗതസ്തംഭനത്തിനുതന്നെ കാരണമാകുന്നു. കെട്ടിടത്തിന്റെ പിറകുവശത്തേക്ക് പോകാൻ വഴിയില്ലാത്തത് യാത്രക്കാർക്ക് മറ്റൊരു യാത്രാദുരിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

