Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമാന്യ വനിതഭവൻ ആരോഗ്യ...

മാന്യ വനിതഭവൻ ആരോഗ്യ സബ് സെന്ററാക്കാൻ നീക്കം

text_fields
bookmark_border
മാന്യ വനിതഭവൻ ആരോഗ്യ സബ് സെന്ററാക്കാൻ നീക്കം
cancel
camera_alt

പട്ടികജാതി മാന്യ ഉന്നതിലെ വനിത ഭവൻ കെട്ടിട ഉദ്ഘാടന ഫലകം 

ബദിയടുക്ക: ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ മാന്യ പട്ടികജാതി ഉന്നതിലെ വനിതകൾക്കായി അനുവദിച്ച വനിതഭവൻ ഹെൽത്ത് സബ് സെന്ററായി മാറ്റാനുള്ള നീക്കത്തിനെതിരെ ഉന്നതി നിവാസികൾ രംഗത്തെത്തി. വനിത ഭവനിൽ നിലവിൽ ആഴ്ചതോറും വനിത യോഗങ്ങൾ, വിവിധ ബോധവൽക്കരണ പരിപാടികൾ, സാമൂഹിക പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തിവരികയാണെന്നും കെട്ടിടം ഹെൽത്ത് സബ് സെന്ററായി മാറ്റിയാൽ ഇത്തരം പ്രവർത്തനങ്ങൾ നിലക്കുമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.

സംഭവത്തിൽ കലക്ടർ, പട്ടികജാതി വികസന വകുപ്പ് ജില്ല ഓഫിസർ, ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് ഉന്നതിലെ വനിതകൾ പരാതി നൽകിയിട്ടുണ്ട്. നിലവിൽ കൊല്ലങ്കാനയിൽ പ്രവർത്തിക്കുന്ന ഹെൽത്ത് സബ് സെന്റർ ഇവിടേക്ക് മാറ്റുന്നതിനായി വാർഡ് പഞ്ചായത്തംഗം ഉന്നതി നിവാസികളെ അറിയിക്കാതെയാണ് തീരുമാനമെടുത്തതെന്നും ഇതിനായി ബദിയടുക്ക സാമൂഹികാരോഗ്യ കേന്ദ്രത്തിലെ (സി.എച്ച്.സി.) മെഡിക്കൽ ഓഫിസർക്ക് വാക്ക് നൽകിയതായും പരാതിയിൽ ആരോപിക്കുന്നു.

ഉന്നതിയിലെ കുടുംബങ്ങളുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് നടപടി ആരംഭിച്ചതെന്നും അവർ പറയുന്നു. ഹെൽത്ത് സബ് സെന്റർ വരുന്നതിനെ എതിർക്കുന്നില്ല. എന്നാൽ, വനിതഭവൻ ഇല്ലാതാക്കി അത് സ്ഥാപിക്കരുത്. വനിതകളുടെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകാൻ മറ്റൊരു സംവിധാനം കണ്ടെത്തണമെന്നാണ് ഉന്നതി നിവാസികളുടെ നിലപാട്. പരാതി സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരുമായി വാർഡ് അംഗം സ്ഥലത്തെത്തി കെട്ടിടം താൽകാലികമായി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടതായും ആരോപിക്കുന്നു.

16 കുടുംബങ്ങൾ താമസിക്കുന്ന ഉന്നതിയോടുളള സമീപനം അംഗീകരിക്കാനാകില്ലെന്നും വനിതഭവൻ സംരക്ഷിക്കണമെന്ന ആവശ്യത്തിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സമരപരിപാടികളിലേക്ക് കടക്കുമെന്നും കുടുംബങ്ങൾ അറിയിച്ചു. അതേസമയം, പട്ടികജാതി ഉന്നതിയിലെ കുടുംബങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും എല്ലാവരുടെയും അഭിപ്രായം പരിഗണിച്ചായിരിക്കും തീരുമാനമെന്നും ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. ശങ്കര വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Healthlocal bodyHealth DepartmentKasrgod
News Summary - Move to convert Manya Vanitha Bhavan into a health sub-center
Next Story