Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാന്തപുരം ഇസ്‍ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു; ഒരുകാരണവശാലും യോജിക്കാനാവില്ലെന്ന് വി.ഡി. സതീശൻ

text_fields
bookmark_border
‘പ്രവാചക പത്നിമാരിൽ ഒരാൾ ബിസിനസുകാരി, മറ്റൊരാൾ സർവസൈന്യാധിപ’
കാന്തപുരം ഇസ്‍ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു; ഒരുകാരണവശാലും യോജിക്കാനാവില്ലെന്ന് വി.ഡി. സതീശൻ
cancel

തിരുവനന്തപുരം: സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനയോട് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അത് പുരോഗമന കേരളത്തിന് യോജിച്ച ഒരു നിലപാടല്ല. അത് 19ാം നൂറ്റാണ്ടിലോ മറ്റോ പറയേണ്ട കാര്യമാണ്.

സ്ത്രീകൾ അടങ്ങിയൊതുങ്ങി വീട്ടിൽ ജീവിക്കേണ്ടവരല്ല. അവർ മുഖ്യധാരയിൽ എല്ലാകാര്യങ്ങളിലും പ​ങ്കെടുത്ത് ജീവിക്കേണ്ടവരാണ് എന്ന പുരോഗമനപരമായ അഭിപ്രായമാണ് ഞങ്ങൾക്കുള്ളത്. ഇസ്‍ലാമിക ചരിത്രവും അതുതന്നെയാണ് പറയുന്നത്. ഇസ്‍ലാമിനെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നതാണ് അദ്ദേഹ​ത്തിന്റെ അഭിപ്രായം.

ഇസ്‍ലാമിക ചരിത്രത്തിൽ പ്രവാചകന്റെ ആദ്യഭാര്യ ഖദീജ വലിയൊരു ബിസിനസുകാരിയിരുന്നു. മറ്റൊരു ഭാര്യ ആഇശ യുദ്ധത്തിൽ പ​ങ്കെടുത്തിട്ടുണ്ട്. സർവ സൈന്യാധിപയായിരുന്നു. ഇസ്‍ലാമിക ചരിത്രത്തിൽ പറയുന്ന ബിൽകീസ് രാജ്ഞിയായിരുന്നു. ബിസിനസുകാരിയായ വനിത, സർവ സൈന്യാധിപയായ വനിത, രാജ്ഞിയായിരുന്ന വനിത ഇതൊക്കെ ഇസ്‍ലാമിലുണ്ട്.

ഖലീഫ ഉമറിന്റെ സദസ്സിൽ മഹ്ർ കുറക്കാൻ തീരുമാനിച്ചപ്പോൾ അവരെ എല്ലാവരെയും എതിർത്തത് ഒരു സ്ത്രീയായിരുന്നു എന്ന് ചരിത്രത്തിൽ ഉണ്ട്. എല്ലാവരും ആ സ്ത്രീയെ എതിർത്തപ്പോൾ ലോകത്തിലെ ഏറ്റവും നീതിമാനായ ഭരണാധികാരിയായ ഖലീഫ ഉമർ പറഞ്ഞത് ആ സ്ത്രീ പറഞ്ഞത് ശരിയാണ് എന്നാണ്. ഉമറിന്റെ സദസ്സിൽ പോലും സ്ത്രീ ഉണ്ടായിരുന്നു എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. അതിനാൽ കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിക്കാനാവില്ല -മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകൾ പൊതുരംഗത്തേക്ക് ഇറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നും ആ അപകടം ഒഴിവാക്കാനാണ് ഇസ്‌ലാം മതം പർദ്ദ സമ്പ്രദായം നിശ്ചയിച്ചതെന്നുമാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ കഴിഞ്ഞ ദിവസം അഭിപ്രായ​പ്പെട്ടത്. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവരാണെന്നും ഇസ്‌ലാം മതത്തെക്കുറിച്ച് വിപുലമായും ആഴത്തിലും പഠിച്ച വ്യക്തിയെന്ന നിലയിൽ മുസ്‌ലിം സമുദായ കാര്യങ്ങളിൽ സംസാരിക്കാനും നിലപാടുകൾ വ്യക്തമാക്കാനും തനിക്ക് പൂർണ അധികാരമുണ്ടെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

മതപരമായ കാര്യങ്ങളിൽ താൻ സംസാരിക്കുമ്പോൾ വിമർശനങ്ങളുമായി എത്തുന്ന സംഘടനകൾക്ക് അതിന് അവകാശമില്ല. താൻ മറ്റു മതങ്ങളുടെ വിശ്വാസങ്ങളെ ഒരുകാലത്തും എതിർക്കാൻ ശ്രമിക്കാറില്ല. എന്നാൽ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ഉപയോഗിച്ച് സ്വന്തം മതവിശ്വാസം ഉയർത്തിപ്പിടിക്കാനും പ്രചരിപ്പിക്കാനും തനിക്ക് അധികാരമുണ്ട്. ഇതുപോലുള്ള മതപരമായ നിലപാടുകൾ മുൻപും ആവർത്തിച്ചു പറഞ്ഞിട്ടുണ്ടെന്നും അത് ഇനിയും പറയുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kanthapuram's statement misinterprets Islam; cannot agree, says VD Satheesan
Next Story