കാന്തപുരം എ.പി മുഹമ്മദ് മുസ്‍ലിയാർ അന്തരിച്ചു
text_fieldsകോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും മർകസ് പ്രസിഡന്റും സീനിയർ മുദരിസ്സുമായി കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാർ(ചെറിയ എ.പി ഉസ്താദ്) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ 5.45നായിരുന്നു അന്ത്യം.
അസുഖബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജനാസ നിസ്കാരം രാവിലെ 9 മണിക്ക് മർകസ് മസ്ജിദുൽ ഹാമിലിയിലും വൈകുന്നേരം 4 മണിക്ക് കരുവമ്പൊയിൽ ജുമാ മസ്ജിദിലും നടക്കും
പണ്ഡിതൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ തുടങ്ങിയ നിലകളിൽ പ്രശസ്തനായിരുന്നു അദ്ദേഹം. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രഥമവും പ്രധാനിയുമായ ശിഷ്യനും അദ്ദേഹത്തിന്റെ അധ്യാപന മേഖലകളിലെ സന്തത സഹചാരിയുമായിരുന്നു. കോഴിക്കോട് ജില്ലയിലെ കരുവ൯പൊയില്‍ ആണ് സ്വദേശം.
ചേക്കു ഹാജി – ആയിഷ ഹജ്ജുമ്മയുടെയും മൂത്തമകനായി ആലോൽ പൊയിൽ വീട്ടിൽ 1950 ലാണ് മുഹമ്മദ് മുസ്‍ലിയാർ ജനിക്കുന്നത്. അഞ്ചാംവയസ്സിൽ കരുവംപൊയിൽ സ്വിറാത്തുൽ മുസ്തഖീം മദ്രസയിൽ നിന്ന് പഠനം തുടങ്ങി. തലപ്പെരുമണ്ണ, കരുവമ്പൊയിൽ, മങ്ങാട്ട്, കോളിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പ്രാഥമിക മത വിദ്യാഭ്യാസം നേടി. ശേഷം 1974 ന്റെ അവസാന ത്തിൽ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്നും ബിരുദം നേടി.
കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർക്ക് കീഴില്‍ കാന്തപുരം ജുമാമസ്ജിദില്‍ രണ്ടാം മുദരിസായി തുടക്കം. മൂന്നരപ്പതിറ്റാണ്ടു കാലം കാന്തപുരത്ത് മുദരിസായി സേവനം ചെയ്തു. പേരിന്റെ കൂടെ കാന്തപുരം എന്ന് ചേർത്തു പറയാനുള്ള കാരണവും കാന്തപുരത്തെ സുദീർഘമായ സേവനമാണ്. അസീസിയ്യ ദ൪സ് കോളേജാക്കി ഉയ൪ത്തിയപ്പോള്‍ വൈസ് പ്രി൯സിപ്പലായ ശേഷം 2007ൽ കാരന്തൂർ മ൪കസിലേക്ക് മാറി. കാന്തപുരം ഉസ്താദിന്റെ അഭാവത്തിൽ നൂറു കണക്കിന് പണ്ഡിതർക്ക് വിശ്രുത സ്വഹീഹുൽ ബുഖാരി ഗ്രന്ഥം ഓതി കൊടുക്കുന്നത് അദ്ദേഹം ആയിരുന്നു.
കോഴിക്കോട് താലൂക്ക് എസ് എസ് എഫ് കമ്മിറ്റി, കൊടുവള്ളി സിറാജുല്‍ ഹുദായില്‍ വച്ച് രൂപീകരിച്ചപ്പോള്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട്, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ സമസ്ത കേന്ദ്ര മുശാവറയുടെ സെക്രട്ടറിയാണ്. ഫത്‍വ കമ്മിറ്റി കൺവീനർ, സുന്നീ വിദ്യാഭ്യാസ ബോർഡ് പാഠപുസ്തക സ്ക്രീനിംഗ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

