വിടപറയുന്നത് ത്രിതല തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ടുണർന്ന നേരം
text_fieldsകോഴിക്കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലൂടെ ജനകീയ മുഖമായി ജയിച്ചുവന്ന കാനത്തിൽ ജമീല വിടപറയുന്നതും കേരളം മറ്റൊരു തദ്ദേശ തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിൽ നിൽക്കുമ്പോൾ. കരുത്തുറ്റ ഇടതു നേതാവായി ജമീലയെ വളർത്തിയത് പ്രദേശികതലത്തിൽ നടത്തിയ ജനകീയ ഇടപെടലുകളായിരുന്നു. കോഴിക്കോടിന്റെ മലയോര മേഖലയായ കുറ്റ്യാടിയിൽനിന്ന് ലഭിച്ച രാഷ്ട്രീയബോധം അവരുടെ പടിപടിയായ വളർച്ചയിൽ പങ്കുവഹിച്ചു. ജനങ്ങളോട് ഇഷ്ടത്തോടെ പെരുമാറിയ നിറചിരിയുള്ള മുഖമാണ് ഓർമയായത്.
സ്ത്രീകളുടെ ഉന്നമനത്തിനായും അവകാശങ്ങൾക്കായും സ്ത്രീകൾക്ക് നേരെയുയരുന്ന അനീതികൾക്കെതിരെയും ജമീലയുടെ ശബ്ദം കരുത്തുറ്റതായിരുന്നു. പഞ്ചായത്ത്, ബ്ലോക്ക്, ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി മത്സരിച്ച് പദവികൾ അലങ്കരിച്ച് കഴിവു തെളിയിച്ച് 2021ൽ കൊയിലാണ്ടി എം.എൽ.എയായി ജയിച്ചുകയറിയപ്പോൾ കാനത്തിൽ ജമീല മലബാറിൽനിന്നുള്ള ആദ്യ മുസ്‍ലിം വനിത എം.എൽ.എ എന്ന ചരിത്രം കുറിച്ചു. രണ്ടാം പിണറായി മന്ത്രിസഭയിൽ ആരെല്ലാം മന്ത്രിമാരാവുമെന്ന ചർച്ചയിൽ ജമീലയുടെ പേരും സജീവമായി ഉയർന്നിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻനിരയിലുണ്ടായിരുന്ന നേതാവായിരുന്നു ജമീലയുടെ പിതാവ് ടി.കെ. ആലി. നേതാക്കളെ ഒളിവിൽ പാർപ്പിക്കാനും സഹായിക്കാനും ബാപ്പയും ബാപ്പയുടെ സഹോദരി കുഞ്ഞാമിയുമെല്ലാ ഓടിനടന്നത് കുഞ്ഞുജമീലയുടെ മനസ്സിൽ രാഷ്ട്രീയ ബോധത്തിന്റെ വിത്തുപാകി. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐയുടെ സ്ഥാനാർഥിയായി മത്സരിച്ചതാണ് ആദ്യ തെരഞ്ഞെടുപ്പനുഭവം. വിവാഹശേഷം കോഴിക്കോട്ടെ തലക്കുളത്തൂരിലെത്തിയതോടെ അവിടുത്തെ വീട്ടുകാരും സജീവ പാർട്ടി പ്രവർത്തകരായത് രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോവാൻ ജമീലയെ സഹായിച്ചു.
തലക്കുളത്തൂരിൽ ഭർത്താവ് അബ്ദുറഹ്മാന്റെ വീട്ടിൽ ഉമ്മയുൾപ്പെടെ മുഴുവൻ പേരും സജീവ പാർട്ടി പ്രവർത്തകരായിരുന്നു. അങ്ങനെയാണ് ത്രിതല പഞ്ചായത്ത് നിലവിൽ വന്ന 1995ലെ തദ്ദേശ തെരഞ്ഞടുപ്പിൽ തലക്കുളത്തൂരിൽനിന്ന് ആദ്യമായി ജനവിധി തേടുന്നത്. അത്തവണ തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റുമായി. അന്നുവരെ നാട്ടുകാർക്ക് പരിചയമില്ലാതിരുന്ന ഗ്രാമസഭകൾ, അയൽക്കൂട്ടങ്ങൾ, വികസന സെമിനാറുകൾ എന്നിവയെല്ലാം ജനങ്ങളെ പരിചയപ്പെടുത്തുക എന്ന വലിയ ദൗത്യവുമായി നാട്ടുകാരിലേക്കിറങ്ങിയ ജമീല പിന്നീട് കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റും കൊയിലാണ്ടിയുടെ എം.എൽ.എയുമായി.
തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റായപ്പോൾ തന്റെ വാർഡിൽ ആദ്യമായി ഗ്രാമസഭ നടക്കുന്ന വിവരം ജനങ്ങളുടെ അകമ്പടിയോടെ ഗ്രാമവഴികളിലൂടെ ചെണ്ടകൊട്ടി അറിയിച്ചത് പലപ്പോഴും അവർ പറഞ്ഞിട്ടുണ്ട്. മണ്ണെണ്ണ വിളക്കുമാത്രമുണ്ടായിരുന്ന തലക്കുളത്തൂരിലെ ഗ്രാമത്തിൽ ജനങ്ങളുടെ സഹായത്തോടെ പോസ്റ്റുനാട്ടി വൈദ്യുതി വലിച്ചു. വീടും ശൗചാലയവുമൊന്നുമില്ലാത്തവർക്ക് ഗ്രാമസഭകളിലൂടെയും മറ്റും പരിഹാരം കണ്ടു. ഇതിനുശേഷം 1997ലാണ് പാർട്ടി അംഗത്വം ലഭിച്ചത്. അക്കാലത്ത് ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റി പ്രസിഡന്റുമായിരുന്നു.
2005ലാണ് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്. 2010ൽ കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റുമായി. അക്കാലത്താണ് വൃക്കരോഗികളുടെ പരിപാലനത്തിനും ചികിത്സക്കുമായുള്ള സ്നേഹസ്പർശം പദ്ധതിക്ക് തുടക്കമിടുന്നത്. ഇത് കരുതലിന്റെ പുതിയ പേരുതന്നെ കാനത്തിൽ ജമീലക്ക് നൽകി.
2021ൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കൊയിലാണ്ടിയെ നയിക്കാനും ജമീലയെ പാർട്ടി തിരഞ്ഞെടുത്തത് ജമീലയുടെ അനുഭവപരിചയമാണ്. തദ്ദേശത്തിൽ തുടങ്ങി നിയമസഭയിലും വെന്നിക്കൊടി പാറിക്കുന്ന ജമീലയെയാണ് പിന്നീട് കണ്ടത്. അന്ന് 8472 വോട്ടിനാണ് കോൺഗ്രസിന്റെ എൻ. സുബ്രഹ്മണ്യനെ ജമീല പരാജയപ്പെടുത്തിയത്. പഞ്ചായത്തിലും ബ്ലോക്കിലും ജില്ല പഞ്ചായത്തിലും നിയമസഭയിലും മത്സരിച്ച് വിജയിച്ച വ്യക്തിയെന്ന അപൂർവനേട്ടവും അങ്ങനെ ജമീലക്ക് ലഭിച്ചു. 15 വർഷത്തോളം സി.പി.എം തുടർച്ചയായി വിജയിച്ചിരുന്ന മണ്ഡലം കാത്തുസൂക്ഷിക്കുകയെന്ന വലിയ ദൗത്യമായിരുന്നു ജമീലയെ അന്ന് പാർട്ടി ഏൽപിച്ചത്. ആ ദൗത്യം അവർ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

