കക്കോടി: ഏറെ ചികിത്സയും ഭക്ഷണവും പ്രതീക്ഷിച്ച് ആശ്വാസ കേന്ദ്രത്തിലെത്തിച്ച അഖിലിന് വേണ്ടി വന്നത് രണ്ടുരുള ചോറു മാത്രം. അമ്മ ആശുപത്രിയിലായതിനെ തുടർന്ന് ദുരിതത്തിലായ അഖിൽ ഭക്ഷണവും ചികിത്സയും ഏറെ ആവശ്യപ്പെടാതെ തന്നെ മരണത്തിന് കീഴടങ്ങി.
വിസർജ്യത്തിൽ കിടന്ന് ഭക്ഷണമില്ലാതെ കഴിഞ്ഞ അഖിലിന്‍റെ ദുരന്ത ജീവിതത്തെ കുറിച്ച് 'മാധ്യമം' ശനിയാഴ്ച വാർത്ത നൽകിയിരുന്നു. വാർഡ് അംഗം പി. ഹരിദാസന്‍റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് ആന്‍റിജൻ പരിശോധന നടത്തി ചേമഞ്ചേരിയിലെ ആശ്വാസ കേന്ദ്രത്തിലെത്തിച്ചിരുന്നു.
ആശ്വാസ കേന്ദ്രത്തിലെ പ്രവർത്തകർ ദേഹം വൃത്തിയാക്കി രാത്രിയിൽ രണ്ടുരുള ചോറ് നൽകി. ശ്വാസ സംബന്ധമായ അസ്വസ്ഥതകൾ കാണിച്ചതിനാൽ മരുന്നു നൽകി. ഞായറാഴ്ച രാവിലെ ചെറിയ പനിയും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു. ഉച്ചക്ക് 12 മണിയോടെ മരിച്ചതായി ആശ്വാസ കേന്ദ്രത്തിലെ അധികൃതർ അറിയിച്ചു.