Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കൈ’വിടാതെ സുധാകരൻ,...

‘കൈ’വിടാതെ സുധാകരൻ, രാഷ്ട്രീയാശ്വാസത്തിൽ കോൺഗ്രസ്

text_fields
bookmark_border
‘കൈ’വിടാതെ സുധാകരൻ, രാഷ്ട്രീയാശ്വാസത്തിൽ കോൺഗ്രസ്
cancel

തിരുവനന്തപുരം: പൊട്ടിത്തെറിയുടെ വക്കോളം പാർട്ടിയെ മുൾമുനയിൽ നിർത്തിയ കെ. സുധാകരൻ ഒടുവിൽ നേതൃത്വത്തിന് വിധേയനാണെന്ന് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയാശ്വാസത്തിൽ കോൺഗ്രസ്. സ്ഥാനാർഥിത്വം നിഷേധിച്ചാൽ കണ്ണൂരിൽ സ്വതന്ത്രനായി മൽസരിക്കുമെന്നും ഒപ്പം സമാന ചിന്താഗതിയുള്ള കോൺഗ്രസ് നേതാക്കൾ മറ്റ് മണ്ഡലങ്ങളിൽ മത്സരത്തിനിറങ്ങുമെന്നതടക്കം അഭ്യൂഹങ്ങളുടെ നെഞ്ചിടിപ്പിലായിരുന്നു കോൺഗ്രസ് ക്യാമ്പ്. മുൻ കെ.പി.സി.സി പ്രസിഡന്‍റ് കൂടിയായ കണ്ണൂരിലെ കരുത്തനായ നേതാവ്, നിർണായക തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വിമതനായി മാറുന്നത് കോൺഗ്രസിനെ സംബന്ധിച്ച് ചിന്തിക്കാനാകുമായിരുന്നില്ല.

സുധാകരൻ ഇടഞ്ഞതിന് പിന്നാലെ, ഇത് പിടിവള്ളിയാക്കി സംസ്ഥാനത്ത് പലയിടങ്ങളിലും കോൺഗ്രസ് നേതാക്കളുടെ വിമതസ്വരം തലപൊക്കിയതും വലിയ ആശങ്കയുണ്ടാക്കി. എൽദോസ് കുന്നപ്പിള്ളിക്ക് വേണ്ടി അനുയായികൾ രംഗത്തിറങ്ങിയതും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ചുമതല രാജിവെക്കുമെന്ന വാർത്തകളുമടക്കം അനിശ്ചിതത്വത്തിന്‍റേതായിരുന്നു വ്യാഴാഴ്ച പകൽ.

കണ്ണൂർ രാഷ്ട്രീയത്തിൽ സുപ്രധാന സ്വാധീനമുള്ള നേതാവെന്ന നിലയിൽ സുധാകരന്‍റെ ഓരോ നീക്കവും കോൺഗ്രസിനെ സംബന്ധിച്ച് നിർണായകമാണ്. കണ്ണൂരിൽ മത്സരിക്കുമെന്ന അദ്ദേഹത്തിന്‍റെ ഉറച്ച നിലപാട് പാർട്ടിക്കുള്ളിലെ ഐക്യത്തെ ബാധിക്കുമോ എന്നതായിരുന്നു നേതാക്കളുടെ ആശങ്ക. മാത്രമല്ല, കണ്ണൂരിലും ആലപ്പുഴയിലുമടക്കം സി.പി.എമ്മിലുണ്ടായ പൊട്ടിത്തെറിക്ക് സമാനം കോൺഗ്രസിലുമുണ്ടാകുന്നത് 10 വർഷത്തെ കാത്തിരിപ്പിന് ശേഷം അധികാരം ലക്ഷ്യംവെച്ച് തെരഞ്ഞെടുപ്പിലേക്കിറങ്ങുന്ന പാർട്ടിക്ക് ചെറുതല്ലാത്ത പരിക്കുമാകുമായിരുന്നു.

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ നൽകിയ വാഗ്ദാനമാണ് തന്റെ നിയമസഭ സ്ഥാനാർഥിത്വം എന്നതായിരുന്നു സുധാകരന്‍റെ അവകാശവാദം. ഡൽഹിയിൽ ക്യാമ്പ് ചെയ്ത് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയെ സമ്മർദത്തിലാക്കിയ സുധാകരൻ, തന്റെ എം.പി ഫണ്ട് കുടിശ്ശിക തീർക്കുന്നതുൾപ്പെടെയുള്ള നീക്കങ്ങൾ നടത്തിയത് നിയമസഭയിലേക്ക് മത്സരിക്കാനുള്ള ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് വിലയിരുത്തിയത്. സുധാകരന് ഇളവ് നൽകിയാൽ അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ തുടങ്ങിയ മറ്റ് എം.പിമാരും സമാനമായ ആവശ്യവുമായി രംഗത്തെത്തുമെന്ന് എ.ഐ.സി.സി ഭയപ്പെട്ടിരുന്നു.

കാര്യങ്ങൾ കൈവിടുമെന്ന വിധം സാഹചര്യങ്ങൾ വഴിമാറിയതോടെ മുതിർന്ന നേതാവ് എ.കെ ആന്‍റണിയടക്കം അനുനയത്തിന് രംഗത്തിറങ്ങി. അതേസമയം, സുധാകരൻ ഹൈകമാൻഡിന് കൈ കൊടുക്കുകയും അനുനയത്തിന് വഴങ്ങുകയും ചെയ്തതോടെ മറ്റിടങ്ങളിലെ വിമതസ്വരങ്ങൾ കെട്ടടങ്ങുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. സ്ഥാനാർഥി പട്ടിക സംബന്ധിച്ച അന്തിമ ചർച്ചകൾക്ക് വേഗം കൂടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newselectionLegislative Assembly ElectionKerala News
News Summary - k sudhakaran
Next Story