‘ആരു പറഞ്ഞാലും ശരി, ജമാഅത്തെ ഇസ്ലാമിയുമായി സി.പി.എം സഹകരിച്ചിട്ടില്ല’; പാലോളിയെ തള്ളി എം.വി. ഗോവിന്ദൻ
text_fieldsമലപ്പുറം: ജമാഅത്തെ ഇസ്‍ലാമിയും സി.പി.എമ്മും തമ്മിൽ ഒരു സഹകരണവും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുൻകാല തെരഞ്ഞെടുപ്പുകളിലെ സി.പി.എം-ജമാഅത്ത് ബന്ധം മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി വീണ്ടും സ്ഥിരീകരിച്ചതിനെ കുറിച്ച് മലപ്പുറം പ്രസ് ക്ലബിന്റെ ‘മീറ്റ് ദ ലീഡർ’ പരിപാടിയിലുയർന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആരു പറഞ്ഞാലും ശരി, ജമാഅത്തെ ഇസ്‍ലാമിയുമായി ഞങ്ങൾക്ക് ഒരു സഹകരണവും ഉണ്ടായിട്ടില്ല. ഇന്ന സ്ഥലത്ത് ഇന്നയാളെ പിന്തുണക്കും, ഇങ്ങനെയായിരുന്നല്ലോ ജമാഅത്തെ ഇസ്‍ലാമി നിലപാട്. അങ്ങനെ അവർ പ്രഖ്യാപിച്ചിട്ടുണ്ടാവും. അവർ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നതിന് ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ടോ? -ഗോവിന്ദൻ ചോദിച്ചു.
മുസ്‍ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന് തങ്ങൾ ഇതേവരെ പറഞ്ഞിട്ടില്ല. എന്നാൽ, അതിലേക്കാണ് അവർ നീങ്ങിക്കൊണ്ടിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ പോലെ ഒരു എം.എൽ.എ കേരളത്തിലുണ്ടായിട്ടില്ല. കേരളം, രാഹുൽ മാങ്കൂട്ടത്തിലിനെ എങ്ങനെ കാണുന്നു എന്നതാണ് പ്രശ്നം. ഇതുപോലെ മോശമായ അഭിപ്രായം കേരളത്തിന്റെ ചരിത്രത്തിൽ ഒരു എം.എൽ.എയെ കുറിച്ച് ഉയർന്നുവന്നിട്ടില്ല.
ജാമ്യഹരജിയിൽ രാഹുൽ കുറ്റം സമ്മതിച്ചിട്ടുണ്ട്. കോൺഗ്രസിലെ അങ്ങേയറ്റത്തെ ജീർണതയാണ് ഇത് വെളിവാക്കുന്നത്. മുകേഷിന്റെ വിഷയം തങ്ങളെ സംബന്ധിച്ചിടത്തോളം എത്രയോ വർഷങ്ങൾക്കു മുമ്പുള്ള പ്രശ്നത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അതിൽ പാർട്ടി അന്നേ നിലപാട് പറഞ്ഞിട്ടുണ്ട്. അതിൽ ഒരു മാറ്റവുമില്ല -എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
മുൻകാലങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്ലാമിയുമായി സി.പി.എം സഹകരിച്ചത് വീണ്ടും സ്ഥിരീകരിച്ചത് മുതിർന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി ആണ്. കോൺഗ്രസിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സംഘടനയായതിനാലാണ് സഹകരിച്ചത്. രാഷ്‌ട്രീയ സഖ്യത്തിലേക്ക് രണ്ടു കൂട്ടരും പോയിട്ടില്ലെന്നും പാലോളി ‘മീഡിയവണി’നോട് പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെ പ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ അല്ലാതെ മൊത്തത്തിൽ അനുകൂലിക്കാനും എതിർക്കാനും തങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അവർ പറഞ്ഞ ചില കാര്യങ്ങളെ ശക്തിയായി എതിർക്കാറുണ്ട്. ചിലതിനെ അനുകൂലിക്കാറുണ്ട്. അത് ആ വിഷയം ഏതാണ് എന്നതിനെ ആശ്രയിച്ചിരിക്കും. ബി.ഡി.ജെ.എസിനെ സംബന്ധിച്ചിടത്തോളം സി.പി.എമ്മിന്റെ നിലപാട് വളരെ വ്യക്തമാണ്. അതും വെള്ളാപ്പള്ളിയും രണ്ടും രണ്ടാണ്. വെള്ളാപ്പള്ളി അതിന്റെ അനുകൂലിയാണെങ്കിലും അതിന്റെ വക്താവായിട്ടല്ല സംസാരിക്കാറുള്ളത്. -പാലോളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

