ജമാഅത്തെ ഇസ്‍ലാമിയുമായി സി.പി.എം തെരഞ്ഞെടുപ്പുകളിൽ സഹകരിച്ചിരുന്നു -പാലോളി മുഹമ്മദ് കുട്ടി; ‘സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാട് തന്നെയാണ് അവർക്കും അന്നുണ്ടായിരുന്നത്’
text_fieldsമലപ്പുറം: തെരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്‍ലാമിയുമായി സി.പി.എം സഹകരിച്ചത് സ്ഥിരീകരിച്ച് മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി. കോൺഗ്രസിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സംഘടന ആയതിനാലാണ് സഹകരിച്ചതെന്നും അദ്ദേഹം മീഡിയവണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘സി.പി.എം പൊതുരാഷ്ട്രീയ രംഗത്ത് സ്വീകരിക്കുന്ന നിലപാട് തന്നെയാണ് അവർക്കും (ജമാഅത്തെ ഇസ്‍ലാമിക്കും) അന്നുണ്ടായിരുന്നത്. ആ യോജിപ്പിന്റെ അടിസ്ഥാനത്തിലാണ് അവരുമായി സഹകരിച്ചത്. കോൺഗ്രസിന്റെ അന്നത്തെ നിലപാടിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാർട്ടിയാണ് ജമാഅത്തെ ഇസ്‍ലാമി. സിപിഎമ്മും അതേ ലക്ഷ്യത്തിലാണ് അന്ന് പോരാടിയത്. ആ പ്രശ്നത്തോടുള്ള യോജിപ്പിന്റെ അടിസ്ഥാനത്തിലുള്ളതല്ലാതെ ഒരു രാഷ്ട്രീയ സഖ്യത്തിന് വേണ്ടി രണ്ടുകൂട്ടരും തയ്യാറായിട്ടില്ല.
അന്ന് അവർ എടുത്ത നിലപാടും ഞങ്ങൾക്ക് കേന്ദ്ര ഗവൺമെന്റിന്റെ നയത്തോടുള്ള നിലപാടും ഒരുപോലെയായിരുന്നു. അവരും എതിർക്കുന്നു, ഞങ്ങളും എതിർക്കുന്നുണ്ട്. ആ എതിർപ്പിലുള്ള ഐക്യമാണ് ഉണ്ടായത്’ -പാലോളി പറഞ്ഞു.
സി.പി.എം ജമാഅത്തെ ഇസ്‍ലാമിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നത് മുമ്പും പാലോളി മുഹമ്മദ് കുട്ടി തുറന്നുപറഞ്ഞിരുന്നു. പരസ്പരം മനസ്സിലാക്കിത്തന്നെയാണ് ബന്ധം സ്ഥാപിച്ചിരുന്നതെന്നും മുഖ്യശത്രുവിനെ നേരിടുകയായിരുന്നു ലക്ഷ്യമെന്നും സഭാ ടിവിക്ക് നൽകിയ അഭിമുഖത്തിൽ അന്ന് പാലോളി മുഹമ്മദ് കുട്ടി വെളിപ്പെടുത്തിയിരുന്നു.
കഴിഞ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‍ലാമിയുമായുള്ള സഹകരണത്തെ വർഗീയവാദമായി ചിത്രീകരിച്ച് സി.പി.എം രാഷ്ട്രീയ പ്രചാരണം നടത്തുന്നതിനിടയിലാണ് കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി പഴയ ബന്ധം സ്ഥിരീകരിച്ചത്. നേരത്തെ പല തെരഞ്ഞടുപ്പുകളിലും സി.പി.എം ജമാഅത്തെ ഇസ്‍ലാമിയുമായി യോജിച്ചു പോയിരുന്നതായി അദ്ദേഹം പറഞ്ഞു. ‘ഞങ്ങളെ ജമാഅത്ത് മനസ്സിലാക്കാത്തതുകൊണ്ടോ ഞങ്ങള്‍ ജമാഅത്തിനെ മനസ്സിലാക്കാത്തതുകൊണ്ടോ പറ്റിയ അബദ്ധമല്ല അത്. അക്കാലത്ത് രണ്ടുകൂട്ടര്‍ക്കും ഒരു പൊതുവായ ശത്രുവുണ്ടായിരുന്നു. അതിനെ നേരിടണമെന്നുള്ള താത്പര്യം അവര്‍ക്കും ഞങ്ങള്‍ക്കുമുണ്ടായിരുന്നു’ -പാലോളി പറഞ്ഞു.
‘വെള്ളാപ്പള്ളി പറയുന്ന മുഴുവൻ കാര്യങ്ങളോടും സിപിഎമ്മിന് യോജിപ്പില്ല’
വെള്ളാപ്പള്ളി നടേശനെ പ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ അല്ലാതെ മൊത്തത്തിൽ അനുകൂലിക്കാനും എതിർക്കാനും ഞങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അവർ പറഞ്ഞ ചില കാര്യങ്ങളെ ശക്തിയായി എതിർക്കാറുണ്ട്. ചിലതിനെ അനുകൂലിക്കാറുണ്ട്. അത് ആ വിഷയം ഏതാണ് എന്നുള്ളതിനെ ആസ്പദിച്ചിരിക്കും. ബി.ഡി.ജെ.എസിനെ സംബന്ധിച്ചിടത്തോളം സിപിഎമ്മിന്റെ നിലപാട് വളരെ വ്യക്തമാണ്. അതും വെള്ളാപ്പള്ളിയും രണ്ടും രണ്ടാണ്. വെള്ളാപ്പള്ളി അതിന്റെ അനുകൂലിയാണെങ്കിലും അതിന്റെ വക്താവായിട്ടല്ല അയാൾ സംസാരിക്കാറുള്ളത്. വെള്ളാപ്പള്ളി പറയുന്ന മുഴുവൻ കാര്യങ്ങളോടും സിപിഎമ്മിന് യോജിപ്പില്ല. ചില പ്രശ്നങ്ങളിൽ അയാൾ ഉയർത്തുന്നത് ശരി വെക്കാറുണ്ട്’ -പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.
‘പി.എം ശ്രീയുടെ കാര്യത്തിൽ അപാകത സംഭവിച്ചിട്ടുണ്ട്, പത്മകുമാർ അത്തരം ഒരു സ്ഥാനത്തിന് അർഹനല്ല’
‘പി.എം ശ്രീയുടെ കാര്യത്തിൽ സംസ്ഥാന സർക്കാറിന് അപാകത സംഭവിച്ചിട്ടുണ്ട്. കാരണം അത് മന്ത്രിസഭയിൽ ചർച്ച ചെയ്തിട്ട് പോകേണ്ടതായിരുന്നു. എന്നാൽ, അതിന് മുമ്പ് പോയി. അതുകൊണ്ടാണ് പാർട്ടി അതിന് എതിരായിട്ടുള്ള നിലപാടെടുത്തത്.
ശബരിമല സ്വർണപ്പാളി വിഷയത്തിൽ തെറ്റ് ചെയ്തിട്ടുണ്ടെണ്ടെങ്കിൽ ആ തെറ്റിനോട് പാർട്ടി എന്ത് നിലപാട് എടുക്കുന്നു എന്നുള്ളതാണ് പ്രധാനം. ആ തെറ്റിനെ അനുകൂലിച്ചുകൊണ്ട് അത് മൂടിവെച്ച് സംരക്ഷിക്കുന്ന നിലപാടാണെന്നുണ്ടെങ്കിൽ അത് പാർട്ടി ചെയ്യുന്നത് തെറ്റ്. അതിലേക്ക് പോകുന്നില്ല. അതിന്റെ വിധി വന്നാൽ കാണാം.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാറിനെ എനിക്ക് അയാളെ മുമ്പേ പരിചയമുണ്ട്. ഞാൻ പാർട്ടി സെക്രട്ടറിട്ടേറിയറ്റിൽ ഉണ്ടായിരുന്ന കാലത്ത് കമ്മിറ്റി കൂടാൻ പോകുമ്പോൾ പലപ്പോഴും അയാളെ കാണാറുണ്ട്. അയാൾ നിവേദനവുമായിട്ട് വരാറുണ്ട്. അയാൾ അത്തരം ഒരു സ്ഥാനത്തിന് അർഹനല്ല. പക്ഷേ അവർക്ക് തെറ്റുപറ്റി’ -പാലോളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

