ജൽജീവൻ മിഷൻ ഇങ്ങനെ പോയാൽ 2028 ലും തീരില്ല
text_fieldsതിരുവനന്തപുരം: കുടിവെള്ള വിതരണ മേഖലയിൽ കൊട്ടിഗ്ഘോഷിച്ച് നടപ്പാക്കിയ ജൽജീവൻ പദ്ധതി 2028ലും ലക്ഷ്യം കാണാൻ സാധ്യത മങ്ങി. നിലവിൽ പദ്ധതി പ്രവർത്തനങ്ങൾ ഏറക്കുറെ നിശ്ചലാവസ്ഥയിലാണ്. എണ്ണൂറിൽപരം കരാറുകാർക്ക് 4500 കോടിയിലേറെ രൂപ കുടിശ്ശികയുണ്ട്. മിക്ക കരാറുകാരുടെയും ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തനരഹിതമായി. പലർക്കും ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ കാലാവസ്ഥയിലും പണമില്ലാത്തതാണ് തടസ്സമായി ഇവർ പറയുന്നത്. സംസ്ഥാന സർക്കാർ 2250 കോടി രൂപ നൽകിയാലേ തുല്യമായ കേന്ദ്ര വിഹിതം കൂടി സമാഹരിച്ച്, ജല അതോറിറ്റിക്ക് കുടിശ്ശിക തീർക്കാനാവൂ.
മാർച്ച് 31ന് അവസാനിക്കേണ്ട പദ്ധതിയുടെ കാലാവധി 2028 വരെ കേന്ദ്രം നീട്ടിയെങ്കിലും സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന തടസ്സം. 2028 നകം 17,250 കോടി രൂപയോളം സംസ്ഥാന വിഹിതമായി കണ്ടെത്തിയാൽ പദ്ധതി ലക്ഷ്യത്തിലെത്തിക്കാനാകും. നിലവിൽ അതിന് സാധ്യത വിരളമാണ്. 2025-26 ലെ സംസ്ഥാന ബജറ്റിൽ വകയിരുത്തിയത് 560 കോടി രൂപ മാത്രമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന വിഹിതം കണ്ടെത്താൻ വായ്പയല്ലാതെ മാർഗമില്ല. അതിനുള്ള കാര്യമായ ശ്രമവും സർക്കാർ തലത്തിൽ ഉണ്ടാകുന്നില്ല. ജല അതോറിറ്റിയെക്കൊണ്ട് 12,000 കോടി രൂപ വായ്പയെടുപ്പിക്കാൻ നീക്കം നടന്നെങ്കിലും വലിയ പ്രതിഷേധം ഉയർന്നതോടെ മുന്നോട്ടുപോയില്ല.
മഴക്കാലം ആരംഭിച്ചാൽ മുടങ്ങിക്കിടക്കുന്ന പണികൾ തൽസ്ഥിതിയിൽ ഉപേക്ഷിച്ച്, നിയമ നടപടി സ്വീകരിക്കുമെന്നാണ് കരാറുകാരുടെ മുന്നറിയിപ്പ്. അതിനിടെ നൽകിയ കണക്ഷനുകളിൽ വെള്ളം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാത്തതിലെ പ്രതിഷേധവും പലേടത്തുമുണ്ട്. പദ്ധതി ചെലവ് പൂർണമായും കേന്ദ്രം ഏറ്റെടുക്കുകയോ വായ്പ പരിധിക്ക് പുറമെ നിന്ന് വായ്പയെടുക്കാൻ അനുവദിക്കുകയോ ചെയ്യണമെന്ന ആവശ്യമുണ്ടെങ്കിലും ജൽജീവൻ മിഷനിലെ ഇപ്പോഴുള്ള ഘടനയിലും പ്രവർത്തന രീതിയിലും കേരളത്തിൽ മാത്രമായി മാറ്റങ്ങൾക്ക് കേന്ദ്രം സന്നദ്ധമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

