രാഹുൽ മുങ്ങിയത് നടിയുടെ ചുവന്ന പോളോ കാറിൽ തന്നെ; സ്ഥിരീകരിച്ച് അന്വേഷണസംഘം, ബംഗളൂരുവിലേക്ക് കടന്നതിന് തെളിവ്
text_fieldsപാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പാലക്കാട്ടുനിന്ന് മുങ്ങിയ ചുവന്ന പോളോ കാർ സിനിമാനടിയുടേതുതന്നെയെന്ന് സ്ഥിരീകരിച്ച് അന്വേഷണസംഘം. ചുവന്ന കാർ പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ വീട്ടിലാണുണ്ടായിരുന്നതെന്നാണ് പൊലീസിന് ലഭിച്ച സൂചന.
രക്ഷപ്പെടാൻ നേതാവ് സഹായിച്ചോയെന്ന് അന്വേഷണസംഘം പരിശോധിക്കും. പാലക്കാട് കുന്നത്തൂർമേട്ടിലുള്ള രാഹുലിന്‍റെ ഫ്ലാറ്റിലെ കെയർടേക്കറുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.
ചുവന്ന പോളോ കാർ രണ്ടാഴ്ചയായി ഫ്ലാറ്റിലുണ്ടായിരുന്നതായും വ്യാഴാഴ്ചക്കുശേഷം കാർ ഫ്ലാറ്റിൽ വന്നിട്ടില്ലെന്നും കെയർടേക്കർ മൊഴി നൽകി. ദിവസങ്ങൾക്കുമുമ്പ് രാഹുലിന്‍റെ ഭവനനിർമാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് ചുവന്ന കാറെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ബംഗളൂരുവിലുള്ള നടിയെ ചോദ്യംചെയ്യാനും നീക്കമുണ്ട്. അതേസമയം, വ്യാഴാഴ്ച വൈകീട്ട് രാഹുൽ മാങ്കൂട്ടത്തിൽ നേരെ പോയത് പൊള്ളാച്ചിയിലേക്കെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ശേഷം കോയമ്പത്തൂരിലേക്ക് കടന്നു. നിലവിൽ എം.എൽ.എ ബംഗളൂരുവിലേക്ക് കടന്നതായി പൊലീസിന് തെളിവ് ലഭിച്ചതായാണ് വിവരം.
രാഹുലിനൊപ്പം കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫുമുണ്ടെന്നും വിവരമുണ്ട്. അദ്ദേഹം ഫോണുകളും സിമ്മുകളും മാറ്റി മാറ്റി ഉപയോഗിക്കുന്നുണ്ടെന്നും എസ്.ഐ.ടിക്ക് വിവരം ലഭിച്ചു.
ഒളിവിൽ തുടർന്ന് രാഹുൽ; മുൻകൂർ ജാമ്യം ഇന്ന് പരിഗണിക്കും
പീഡനപരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെ വാദം അടച്ചിട്ട മുറിയിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ രാഹുൽ ഹരജി നൽകി. സ്വകാര്യത കണക്കിലെടുത്ത് വാദത്തിന് രഹസ്യ സ്വഭാവം വേണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
ഒളിവിലുള്ള രാഹുലിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. തിരുവനന്തപുരത്തെയും പാലക്കാട്ടെയും ഫ്ലാറ്റുകളിൽ ലൈംഗികമായി പീഡിപ്പിച്ചതിന്‍റെ തീയതി അടക്കമുള്ള വിശദാംശങ്ങൾ യുവതിയുടെ മൊഴിയിലുണ്ട്. ബലാത്സംഗവുമായി ബന്ധപ്പെട്ട നാല് വകുപ്പുകളും ഗർഭിണിയാണെന്നറിഞ്ഞിട്ടും പീഡിപ്പിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അതുമായി ബന്ധപ്പെട്ട വകുപ്പും ചുമത്തിയാണ് കേസ്.
താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് കൂടുതൽ തെളിവുകൾ രാഹുൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. യുവതിയുമായി നടത്തിയ വാട്സാപ് ചാറ്റുകൾ, ഫോൺ സംഭാഷണങ്ങൾ, യുവതിയും ഭർത്താവുമൊന്നിച്ചുള്ള ചിത്രങ്ങൾ എന്നിവയാണു രാഹുലിന്‍റെ അഭിഭാഷകൻ കോടതിക്കു കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

