കണ്ണൂരെന്താ കേരളത്തിലല്ലേ?; കിഫ്ബി ഫണ്ട് റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ച് പിണറായി
text_fieldsപിണറായി വിജയൻ
കണ്ണൂർ: കിഫ്ബി ഫണ്ടിലധികവും കണ്ണൂരിനാണെന്ന സുധാപിള്ള കമ്മിറ്റി റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കണ്ണൂരെന്താ കേരളത്തിന്റെ ഭാഗമല്ലേയെന്നും കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്തിനാണ് വിഷമമെന്നും അദ്ദേഹം ചോദിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബിയുടെ മേശവലിപ്പിൽ നിന്നല്ല കാഷ് എടുത്തു കൊടുക്കുന്നതെന്നും പിണറായി പരിഹസിച്ചു.
സി.പി.എം കണ്ണൂർ വിശാല ജില്ല സമിതി യോഗം എ.കെ.ജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. കമ്മിറ്റി റിപ്പോർട്ടിനെ എന്തോ മഹത്തായ കാര്യമെന്ന നിലക്കാണ് അവതരിപ്പിക്കുന്നത്. ഇതിനെതിരെ ഏതെങ്കിലും മാധ്യമങ്ങൾ ചോദ്യം ഉന്നയിച്ചോയെന്നും അദ്ദേഹം ചോദിച്ചു. യു.ഡി.എഫ് സർക്കാറിന്റെ താൽപര്യമാണ് സുധാപിള്ള കമീഷൻ റിപ്പോർട്ട്. ഏറണാകുളത്താണ് മെട്രോ റെയിലും സ്മാർട്ട് സിറ്റിയും വന്നത്. തിരുവനന്തപുരത്ത് ടെക്നോപാർക്കും വന്നു. ഈ പദ്ധതികളെല്ലാം ഒരു പ്രദേശത്തിന്റേതാണെന്ന് ആരെങ്കിലും പറഞ്ഞിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. ഇതിനൊക്കെ ‘പറയേണ്ടത് വളരെ കടുത്തവാക്കുകളാണ് കെട്ടോ’ എന്നും പിണറായി പറഞ്ഞു.
വിമാനത്താവളങ്ങളും തുറമുഖങ്ങളും ഉള്ളിടത്താണ് വികസനം ഉണ്ടാവുക. തിരുവനന്തപുരത്തും കൊച്ചിയിലും കരിപ്പൂരിലുമുള്ള വിമാനത്താവള വികസനത്തിന് ഭൂമി കിട്ടാനില്ല. കണ്ണൂരിൽ മാത്രമാണ് വിമാനത്താവളത്തോട് ചേർന്ന് സ്ഥലം ലഭിക്കാനുള്ളത്. ഭൂമി ഏറ്റെടുക്കുമ്പോൾ സർക്കാർ ഇന്നത്തെ കാര്യമല്ല നാളെത്തേതു കൂടിയാണ് ചിന്തിക്കുക. ഏറ്റെടുത്ത ഭൂമിക്ക് അഞ്ചിരട്ടി വില കൊടുത്തെന്നാണ് മറ്റൊരു പരാതി. ഭൂമിയുടെ വില നിശ്ചയിക്കുന്നത് സർക്കാറാണ്. കണക്ക് കൂട്ടിയാൽ ചിലപ്പോൾ ഇരട്ടിയും അതിലധികവുമുണ്ടാമെന്നും പിണറായി വിശദീകരിച്ചു.
ഭൂമി ഏറ്റെടുക്കുന്നതിന് രാജ്യം അംഗീകരിച്ച വിലയാണത്. അത് കിട്ടിയില്ലെങ്കിൽ ഭൂവുടമകൾ കോടതിയിൽ പോവും. ഇതൊന്നും അറിയാത്തവരാണോ ഇവർ. ഒരു സർക്കാറിന് ചേരാത്ത കാര്യമാണ് ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. നാടിന്റെ വികസനം മുടക്കുകയാണ് ഇവർ. സംസ്ഥാനത്ത് അസാധ്യ വികസനം ഉണ്ടാക്കിയത് കിഫ്ബിയാണെന്നും പിണറായി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് വ്യവസായ ഭൂമി ഏറ്റെടുക്കലിന് വകയിരുത്തിയ തുകയുടെ 74.4 ശതമാനവും കണ്ണൂർ ജില്ലക്കാണ് കിഫ്ബി വകയിരുത്തിയതെന്നാണ് സുധാപിള്ള റിപ്പോർട്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

