നാർക്കോട്ടിക് ജിഹാദ്: പാല ബിഷപ്പിനെതിരെ അന്വേഷണത്തിന് ഉത്തരവ്
text_fieldsകോട്ടയം: നാർക്കോട്ടിക് ജിഹാദ് എന്ന വിവാദ ആരോപണം ഉന്നയിച്ച പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവ്. കുറവിലങ്ങാട് പൊലീസിനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പാലാ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.
ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ കോട്ടയം ജില്ല പ്രസിഡൻറ് അബ്ദുൽ അസീസ് മൗലവിയുടെ പരാതിയിലാണ് നടപടി. ഇദ്ദേഹം നേരേത്ത കുറവിലങ്ങാട് പൊലീസിന് പരാതി നൽകിയിട്ടും നടപടിയെടുത്തിരുന്നില്ല. ഇതേതുടർന്നാണ് ഇൗ ആവശ്യവുമായി കോടതിയെ സമീപിച്ചത്.
സെപ്റ്റംബർ എട്ടിന് കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോന പള്ളിയില്‍ എട്ടുനോമ്പാചരണത്തിെൻറ സമാപനത്തിൽ കുർബാനമധ്യേയാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരോപണം ഉന്നയിച്ചത്. ഇതിൽ വ്യാപകപ്രതിഷേധം ഉയർന്നിരുന്നു. ഹരജിക്കാരനുവേണ്ടി അഡ്വ. സി.പി. അജ്മൽ കോടതിയിൽ ഹാജരായി.