Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടുംവെട്ടിനൊരുങ്ങി...

കടുംവെട്ടിനൊരുങ്ങി സർക്കാർ: വിദേശ തോട്ടംഭൂമിക്ക് മേലുള്ള സിവിൽ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ വകുപ്പ്

text_fields
bookmark_border
P-Rajeev-foreign plantation land
cancel

തൃശൂർ: 1947ന് മുമ്പ് വിദേശ കമ്പനികളും വ്യക്തികളും കൈവശം വെച്ചിരുന്ന തോട്ടംഭൂമിക്ക് മേൽ സർക്കാർ ഉടമസ്ഥത സ്ഥാപിക്കുന്നതിന് നൽകിയ സിവിൽകേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ വകുപ്പ്. ഇക്കാര്യത്തിൽ വലിയ കടുംവെട്ടിനാണ് വ്യവസായ വകുപ്പിന്റെയും മുന്നൊരുക്കം. തോട്ടംമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് പ്ലാന്റേഷൻ സ്പെഷ്യൽ ഓഫീസറുടെ കാര്യാലയം വെള്ളിയാഴ്ച വിവിധ വകുപ്പുകളുടെ യോഗം വിളിച്ചിരുന്നു.

റവന്യൂ, വനം, തൊഴിൽ, വ്യവസായ വകുപ്പുകളുടെ സംയുക്ത യോഗമാണ് ചേർന്നത്. സംസ്ഥാനതല പ്ലാന്റേഷൻ ബിസിനസ് ഉപദേശക കമ്മിറ്റി യോഗത്തിൽ തോട്ടംമേഖലയിൽ നിന്നുള്ള അംഗങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയായിരുന്നു യോഗത്തിന്റെ അജണ്ട. മന്ത്രി പി. രാജീവ് മുൻകൈയെടുത്താണ് യോഗം വിളിച്ചത്.

യോഗ അജണ്ടയിൽ ഒന്നാമതായി ഉന്നയിച്ചത് സർക്കാരിന്റെ ഉടമാവകാശം സ്ഥാപിക്കുന്നതിന് റവന്യൂ വകുപ്പ് പുതിയ സിവിൽ കേസുകൾ ഫയൽ ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണ്. ഈ കേസുകൾ കാരണം നിയമപരമായ അനിശ്ചിതത്വം ഉണ്ടാകുന്നു. അത് പരിഹരിക്കണം. താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവുകൾ പ്രകാരം ഉടമാവകാശവും പട്ടയും ലഭിച്ച ഭൂമികൾക്ക് മേൽ റവന്യൂ വകുപ്പ് തർക്കം ഉണ്ടാക്കരുത്.

ലാൻഡ് ബോർഡ് ഉത്തരവുകൾ പ്രകാരം പ്രശ്നങ്ങൾക്ക് തീർപ്പ് കൽപ്പിക്കണം. ഭൂമിയിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിന് തോട്ടംഭൂമിയുടെ ഉടമസ്ഥത അവകാശം നൽകണം. ഏലം ഭൂമിയിലെ നിർമാണ പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ 2019ലെ ഉത്തരവ് പിൻവലിക്കണം. ഈ ആവശ്യങ്ങളെല്ലാം റവന്യൂ വകുപ്പ് നേരത്തെ നിഷേധിച്ചതാണ്. തോട്ടംമേഖലയിൽ ആയിരക്കണക്കിന് ഏക്കർ ഭൂമി ഉടമസ്ഥതയില്ലാതെയാണ് കൈവശം വച്ചിരിക്കുന്നതെന്ന് റവന്യൂ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

അതിനാലാണ് നോട്ടീസ് നൽകാൻ ഹൈകോടതി വിധി പ്രകാരം റവന്യൂ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു ഉത്തരവ് ഇറക്കിയത്. ആ ഉത്തരവ് പിൻവലിക്കണം എന്നാണ് തോട്ടം കൈവശം വെച്ചിരിക്കുന്നവർ ആവശ്യപ്പെടുന്നത്. തോട്ടംഭൂമി കൈവശം വെച്ചിരിക്കുന്നവർക്ക് നോട്ടീസ് നൽകിയാൽ ഉടമസ്ഥത സംബന്ധിച്ച രേഖകൾ ഹാജരാക്കേണ്ടി വരും. വയനാട്ടിൽ സിവിൽ കേസുകൾ ആരംഭിച്ചതോടെയാണ് സർക്കാരിന്മേൽ ഉടമകളുടെ കടുത്ത സമ്മർദം ശക്തമായി.

വയനാട്ടിലെ തോട്ടംമേഖലയിലും ഇടുക്കിയിലെ ഏലംമേഖലയിലും രേഖയില്ലാതെ ആയിരക്കണക്കിന് ഭൂമി അധികാര ബലമുള്ളവർ കൈവശം വച്ചിരിക്കുന്നു എന്നാണ് അന്വേഷണത്തിൽ റവന്യൂ വകുപ്പ് കണ്ടെത്തിയത്. ഭൂപരിഷ്കരണ നിയമപ്രകാരം മിച്ചഭൂമിയായി പ്രഖ്യാപിച്ച് ഏറ്റെടുക്കേണ്ട ഭൂമിയാണിത്. തോട്ടമായതിനാലാണ് താലൂക്ക് ലാൻഡ് ബോർഡ് ഇളവ് നൽകിയത്. ഇവർക്ക് ഭൂമിയിന്മേൽ ഉടമസ്ഥതയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സിവിൽ കോടതിയിൽ സർക്കാർ കേസ് നൽകിയത്. ഈ കേസുകൾ അട്ടിമറിക്കാനുള്ള സമ്മർദമാണ് തോട്ടമുടമകൾ ഇപ്പോൾ നടത്തുന്നത്.

വനം വകുപ്പിന്റെ പാട്ടഭൂമിയിൽ പുനർ കൃഷിക്കും കാർഷിക പ്രവർത്തനങ്ങൾക്കുമുള്ള നിയന്ത്രണങ്ങൾ എടുത്തു കളയണമെന്നും ആവശ്യപ്പെടുന്നു. ഇതെല്ലാം നടത്തി കൊടുക്കണം എന്നാണ് വ്യവസായ വകുപ്പ് ആവശ്യപ്പെടുന്നത്. ഇതോടൊപ്പം സീലിങ് പരിധി എടുത്തുകളയണമെന്ന് നിർദേശവും വ്യവസായ വകുപ്പ് മുന്നോട്ട് വെച്ചു. അതിനെ റവന്യൂവകുപ്പ് എതിർത്തു.

റവന്യൂ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരൻ മുതൽ സ്പെഷ്യൽ ഓഫീസർ എം.ജി. രാജമാണിക്യം വരെയുള്ള റിപ്പോർട്ടുകളെ മുഴുവൻ റദ്ദ് ചെയ്യാനുള്ള നീക്കമാണ് വ്യവസായ വകുപ്പ് നടത്തുന്നതെന്ന് നിയമ വിദഗ്ധർ പറയുന്നു. രാജമാണിക്യം റിപ്പോർട്ടിലെ ശിപാർശ പ്രകാരം നിയമനിർമാണത്തിലൂടെ തോട്ടംഭൂമി ഏറ്റെടുക്കാൻ സർക്കാർ നിയമപരമായി തീരുമാനമെടുത്തില്ല. അതേസമയം, നിയമവിരുദ്ധമായി തോട്ടംഭൂമി കൈവശംവെച്ചരിക്കുന്ന മുതലാളിമാരെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോൾ വ്യവസായ വകുപ്പ് നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Govtrevenue deptIndustries departmentforeign plantation land
News Summary - Industries Department demands withdrawal of civil case over foreign plantation land
Next Story