കടലോളം വലുതാണ് അവർക്ക് വോട്ട് -VIDEO
text_fieldsസമയം വൈകിട്ട് 3.30. കത്തുന്ന സൂര്യന് താഴെ പൊന്നാനി ഹാർബറിന് മുന്നിൽ കടൽ ഇളകി മറിയുന്നു. ജെറീബിെൻറ ഉടമസ് ഥതയിലുള്ള ‘ജാബിർ മോൻ’ എന്ന ചെറു ബോട്ട് ഹാർബറിൽ നിന്ന് പതുക്കെ മുരണ്ടു നീങ്ങി. കടൽ കനിയുന്നത് തേടി പിടിക ്കാൻ ആഴക്കടലിലേക്കാണ് യാത്ര.
സക്കീർ, സാദിഖ്, അത്തീഖ്, അയ്യൂബ്, ജാഫർ അലി, കുന്നൻ ബാവ, യൂനുസ് എന്നിവരാണ ് സംഘത്തിലുള്ളത്. ജീവൻ വാരിപ്പിടിച്ച് തിരമാലകൾക്കിടയിൽ ജീവനോപാധി തേടുന്നവർ. സൂര്യെൻറ താപമൊന്നും അവർക്ക് പ്രശ്നമേ അല്ല. ലോക്സഭ തെരഞ്ഞെടുപ്പിെൻറ ചൂടറിയാൻ പൊന്നാനി മണ്ഡലത്തിലൂടെ നടത്തിയ യാത്രക്കി ടയിലാണ് ഞങ്ങൾ അവരോടൊപ്പം കൂടിയത്.
കടലിലെ ഒരു പകൽ ജീവിതം അറിയാൻ. വിലയേറിയ വോട്ടഭിപ്രായങ്ങൾ കേൾക്ക ാൻ. തിരമാലകൾക്ക് മുകളിലൂടെ ആടിയുലഞ്ഞ് ജാബിർ മോൻ പതുക്കെ ഹാർബർ വിട്ടു. ഇളകിമറിയുന്ന തിരകൾക്ക് മീതെ ബോട്ട് പൊങ്ങിയും താഴ്ന്നും നീങ്ങിയപ്പോൾ ഉള്ളിലൊരാളൽ. വീഴാതിരിക്കാൻ കയറിൽ മുറുകെ പിടിക്കേണ്ടി വന്നു. ബാലൻസ് തെറ്റി കാമറ കൈയിൽ നിന്ന് പോകുമോ എന്ന ആധിയായിരുന്നു ഫോട്ടോഗ്രാഫർ മുസ്തഫ അബൂബക്കറിന്. കണ്ണുകളിൽ നിന്ന് ഹാർബറും പുലിമുട്ടുമൊക്കെ അകലാൻ തുടങ്ങി.
ഇരച്ചെത്തിയ തിരമാലകളിൽ ചിലത് ബോട്ടിനടിയിലിടിച്ച് മുഖത്തേക്ക് ഉപ്പുവെള്ളം തെറിപ്പിച്ചു. അന്നം തേടിയുള്ള യാത്രക്കിടയിലും ജീവജലം പോലെ രാഷ്ട്രീയവും കൂടെ കൊണ്ടുനടക്കുന്നവരാണ് ബോട്ടിലുള്ളതെന്ന് തെരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ച് തുടങ്ങിയപ്പോൾ തന്നെ ബോധ്യമായി. ഹാർബർ നിർമാണത്തിലെ അപാകതകളും മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന പ്രയാസങ്ങളുമൊക്കെ പറഞ്ഞ് തുടങ്ങിയ ചർച്ച തെരഞ്ഞെടുപ്പിേലക്ക് കടന്നതോടെ കടലിലെ ചൂട് ബോട്ടിനകത്തേക്കും പടർന്നു.
വാക്കുകൾക്ക് മൂർച്ച കൂടി. സക്കീർ ഭായിയും സി.പി.ഐക്കാരനായ അയ്യൂബും പലപ്പോഴും കൊമ്പു കോർത്തു. പാരമ്പര്യമായി ഇടതുപക്ഷത്തിനാണ് വോട്ട് നൽകിയിരുന്നതെന്നും ഇത്തവണ കുടുംബ സമേതം ഇ.ടി മുഹമ്മദ് ബഷീറിനാണ് കൊടുക്കുകയെന്നും സക്കീർ ഭായ് നയം വ്യക്തമാക്കി. കോടികൾ മുടക്കി ഹാർബർ നിർമിച്ചിട്ടും ബോട്ടുകൾ അടുപ്പിക്കാനാവാത്തതിെൻറ ദേഷ്യം മുഴുവൻ ആ വാക്കുകളിൽ നുരഞ്ഞു. സ്വന്തം ചിഹ്നത്തിൽ ഒരാളെ നിർത്താൻ പോലും എൽ.ഡി.എഫിനായില്ലെന്ന് പറഞ്ഞ് അയൂബിെൻറ മുഖത്തേക്ക് ചൂണ്ടി സക്കീർ രോഷാകുലനായി. ഇടതു സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നായിരുന്നു അയൂബിെൻറ മറുപടി.
ഹാർബർ നിർമാണത്തിൽ അപാകതകളുണ്ടെന്ന് സമ്മതിക്കുേമ്പാഴും അത് പരിഹരിക്കാനാവുമെന്ന അഭിപ്രായക്കാരനാണിദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം പരിഗണിക്കാതെ നിർമാണം നടത്തിയതിെൻറ ദുരന്തമാണിതെന്ന് പൊന്നാനി നഗരസഭയിലെ ലീഗ് കൗൺസിലർ കൂടിയായ അത്തീഖ് ഉറപ്പിച്ചു പറയുന്നു. ഇനിയും കോടികൾ മുടക്കി ജെട്ടി നിർമിക്കാനാണ് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ കൈകൾക്ക് ശക്തി പകരുമെന്നും ഇ.ടിക്ക് വോട്ട് ചെയ്യുമെന്നും മുഷ്ടി ചുരുട്ടി ആവേശത്തോടെ ജാഫർ അലിയും സാദിഖും പറഞ്ഞു. യൂനുസും കുന്നൻബാവയുമൊക്കെ അവരുടെ അഭിപ്രായങ്ങൾ വ്യക്തമാക്കി. ചർച്ചകൾ കൊട്ടിക്കയറുേമ്പാൾ സുഹൃത്തുക്കളുടെ വീറും വാശിയും ആസ്വദിച്ച് ബോട്ട് നിയന്ത്രിക്കുന്ന സ്രാങ്ക് ജെറീബ് ചെറു ചിരിയുമായി കാബിനിലിരുന്നു.
ഇടക്ക് വയർലെസ് സന്ദേശങ്ങൾ വന്നുകൊണ്ടിരുന്നു. വല നേരെയാക്കുന്നതിനിടയിലും ചർച്ചകളിൽ തീ പാറി. വൈകുന്നേരമായതോടെ ഞങ്ങളെ തിരിച്ചിറക്കാനായി ജാബിർ മോൻ ഹാർബറിലേക്ക് മടങ്ങി. കോടികൾ മുടക്കിയിട്ടും ബോട്ടുകൾ അടുപ്പിക്കാനാവാത്ത ഹാർബർ വീണ്ടും കാഴ്ചയിലെത്തി. രാഷ്ട്രീയത്തിനപ്പുറം വികസന പ്രവർത്തനങ്ങളിൽ നടക്കുന്ന അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും മികച്ച ഉദാഹരണങ്ങളിലൊന്നാണ് പൊന്നാനി ഹാർബറെന്ന് മത്സ്യത്തൊഴിലാളികൾ ഏക സ്വരത്തിൽ പറയുന്നു. ഇത് ഉപയോഗ യോഗ്യമാക്കണമെന്നും അധികാരികളെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും അഭ്യർഥിച്ച് അവർ ഞങ്ങളെ യാത്രയാക്കുേമ്പാൾ സൂര്യൻ കടലിലേക്ക് താണു തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
