ഭരണഘടന അനുസരിച്ചാൽ രാജ്യത്ത് ശാന്തിയും സമാധാനവും പുലരും -കാന്തപുരം
text_fieldsകേരള മുസ്‌ലിം ജമാഅത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രക്ക് കോട്ടയത്ത് നൽകിയ സ്വീകരണത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ
കോട്ടയം: ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് ജീവിച്ചാൽ രാജ്യത്ത് ശാന്തിയും സമാധാനവും പുലരുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ് എ.പി. അബൂബക്കർ മുസ്‌ലിയാർ. മനുഷ്യരെ തമ്മിൽ അകറ്റാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘മനുഷ്യർക്കൊപ്പം’ എന്ന തലക്കെട്ടിൽ മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച കേരള യാത്രക്ക് കോട്ടയം തിരുനക്കരയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതങ്ങളായാലും സമൂഹങ്ങളായാലും പരസ്പരം ആക്രമിക്കാൻ പാടില്ല എന്നതായിരുന്നു നമ്മൾ പാലിച്ചുപോന്ന രീതി. എന്നാൽ, ഇപ്പോൾ അതും ഇല്ലാതായിരിക്കുന്നു. ചില ശക്തികൾ എല്ലാ വഴികളിലൂടെയും മനുഷ്യരെ പരസ്പരം അകറ്റാനും വിദ്വേഷം പ്രചരിപ്പിക്കാനും നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇതിനെതിരെ നാം ജാഗ്രതയുള്ളവരാകണം. ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ വേദനകൾക്ക് പരിഹാരം കാണുമ്പോൾ ഛിദ്ര ചിന്തകൾ നമ്മെ സ്വാധീനിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ ഭരണഘടന ഉറപ്പുനൽകുന്ന മൂല്യങ്ങൾക്കും മതനിരപേക്ഷതക്കും ഫെഡറലിസത്തിനും നേരെ കടുത്ത വെല്ലുവിളി ഉയരുകയും വർഗീയത ഫണം വിടർത്തിയാടുകയും ചെയ്യുന്ന സന്ദർഭത്തിൽ മനുഷ്യർക്കൊപ്പം നിൽക്കുകയെന്ന സന്ദേശം ഏറെ പ്രസക്തമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
കേരള മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്‍റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്. ജില്ലാ പ്രസിഡന്‍റ് കെ.എസ്.എം റഫീഖ് അഹ്‌മദ് സഖാഫി അധ്യക്ഷത വഹിച്ചു. കോട്ടയം മുനിസിപ്പൽ ചെയർമാൻ എം.പി സന്തോഷ് കുമാർ, യാത്രാ ഉപനായകരായ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്‌ദുൽ റഹ്മാൻ സഖാഫി, ഫ്രാൻസിസ് ജോർജ് എം.പി, അഡ്വ, സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ജയസൂര്യൻ ഭട്ടതിരിപ്പാട്, അസീസ് ബഡായിൽ, ഇസ്സുദ്ദീൻ സഖാഫി തുടങ്ങിയവർ സംസാരിച്ചു. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പ്രമേയ പ്രഭാഷണം നടത്തി. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് ഹുസൈൻ മാരായമംഗലം, അബ്‌ദുൽറഹ്മാൻ ഫൈസി, വണ്ടൂർ അബ്ദുൽ റഹ്‌മാൻ ഫൈസി, ബി.എസ് അബ്‌ദുല്ലക്കുഞ്ഞി ഫൈസി, അബു ഹനീഫൽ ഫൈസി തെന്നല, എൻ. അലിഅബ്‌ദുല്ല, മജീദ് കക്കാട്, മുസ്തഫ കോഡൂർ, മുഹമ്മദ് പറവൂർ എന്നിവർ പങ്കെടുത്തു. എ. എം. ഷാജി സ്വാഗതവും അബ്‌ദു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

