വോട്ടർമാർ ആയിരത്തിൽ കൂടിയാൽ ഓക്സിലറി ബൂത്ത്
text_fieldsകോഴിക്കോട്: ആയിരത്തിൽ കൂടുതൽ വോട്ടുള്ള ബൂത്തുകൾ രണ്ടെണ്ണമാക്കണമെന്ന തെരഞ്ഞെടുപ്പ് കമീഷെൻറ കർശന നിർദേശം നടപ്പാക്കാൻ തയാറെടുപ്പുകൾ തുടങ്ങി. ആയിരത്തിൽ കവിഞ്ഞ് ഒരു വോട്ടർ ഉണ്ടെങ്കിൽ പോലും ഓക്സിലറി ബൂത്ത് സ്ഥാപിക്കണമെന്നാണ് നിർദേശം. ഇത്തരെമാരു നിർദേശം ആദ്യമായാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ബൂത്തുകളുടെ എണ്ണം ഇരട്ടിയോളമാകും.
കോവിഡ് നിയന്ത്രണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പിന് ഓക്സിലറി ബൂത്തുകളൊരുക്കാൻ നിർദേശം നൽകിയത്. ഇതുമൂലം തെരഞ്ഞെടുപ്പ് ഡ്യുട്ടിക്ക് ജീവനക്കാരുടെ എണ്ണവും സാങ്കേതിക സംവിധാനങ്ങളും വർധിപ്പിക്കേണ്ടിവരും. നിലവിലെ ബൂത്തിന് 200 മീറ്റർ ചുറ്റളവിൽ തന്നെ ഓക്സിലറി ബൂത്ത് സ്ഥാപിക്കണമെന്നാണ് നിർദേശം. മറ്റൊരു ബൂത്തിന് നിലവിലെ കെട്ടിടത്തിന് സൗകര്യമില്ലെങ്കിൽ ദൂരപരിധിക്കുള്ളിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കാനാണ് ഉത്തരവ്.
നാലും അഞ്ചും ക്ലാസ്മുറികൾ മാത്രമുള്ള സ്കൂളുകളിലും മറ്റും താൽക്കാലിക ബൂത്തുകൾ വേണ്ടി വരുമെന്നതിനാൽ അവ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് റവന്യൂ അധികൃതരും പൊലീസും. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു ബൂത്തിൽ 1400ൽ കൂടുതൽ വോട്ടർമാരുണ്ടായിരുന്നെങ്കിൽ രണ്ടു കിലോമീറ്ററിൽ കൂടാതെയുള്ള ചുറ്റളവിലെ തൊട്ടടുത്ത ബൂത്തിൽ വോട്ടു ചെയ്യാനായിരുന്നു സംവിധാനമൊരുക്കിയത്. എന്നാൽ, ഓക്സിലറി ബൂത്ത് നിർദേശം മലയോരമേഖലകളൊഴിച്ചുള്ള നാമമാത്രമായ ബൂത്തുകളൊഴികെ മറ്റുള്ളവയുടെ പ്രവർത്തനങ്ങൾസങ്കീർണമാക്കും. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും സുരക്ഷജീവനക്കാരുടെയും ദുരിതത്തിനിടയാക്കുമെങ്കിലും വോട്ടറെ സംബന്ധിച്ച് ഏറെ സൗകര്യമായിരിക്കുമെന്നാണ് വിലയിരുത്തൽ.