"നമ്മുടെ ആൾക്കാരെ സഹായിച്ചു, ഇപ്പോൾ എന്നെ എല്ലാവരും ഒറ്റപ്പെടുത്തി";തിരുമല അനിലിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്
text_fieldsതിരുമല അനിലിന്റെ ആത്മഹത്യാകുറിപ്പ്
തിരുവനന്തപുരം: ബി.ജെ.പിയെ പ്രതിരോധത്തിലാക്കി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു. ‘നമ്മുടെ ആൾക്കാരെ സഹായിച്ചു, പല അവധി പറഞ്ഞ് പണം തിരിച്ചടക്കാതിരുന്നിട്ടും മറ്റുനടപടികളിലേക്ക് കടന്നില്ല. ഇപ്പോൾ എല്ലാവരും ഒറ്റപ്പെടുത്തി’ എന്ന വാചകമാണ് ബി.ജെ.പിയെ വെട്ടിലാക്കുന്നത്.
ആത്മഹത്യക്ക് കാരണം ബാങ്കിലെ പ്രതിസന്ധിയാണെന്നും പണം തിരിച്ചടയ്ക്കാത്തത് പ്രതിസന്ധിയുണ്ടാക്കിയെന്നും രണ്ട് പേജുള്ള കത്തിന്റെ ആദ്യഭാഗത്തു തന്നെ പറയുന്നുണ്ട്. ഇതോടെ ബി.ജെ.പി നേതൃത്വത്തിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞു. തിരിച്ചടവ് വൈകിയിട്ടും മറ്റു നടപടികളിലേക്ക് പോയില്ല. എഫ്.ഡി ഇട്ടവർ സമ്മർദ്ദം ചെലുത്തി. തിരിച്ചടവിൽ പലരും കാലതാമസം ഉണ്ടാക്കി. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ വല്ലാത്ത മാനസികാഘാതം നേരിടുകയാണ്. ഇപ്പോൾ എല്ലാവരും ഒറ്റപ്പെടുത്തുകയാണ്. തന്റെ ഭാര്യയേയോ മക്കളെയോ ഇതിന്റെ പേരിൽ വേട്ടയാടരുതെന്നും കുറിപ്പിൽ പറയുന്നു. അതേസമയം തമ്പാനൂർ പൊലീസിന്റെ ഭീഷണിയെതുടർന്നാണ് തിരുമല അനിൽ ജീവനൊടുക്കിയതെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനിലേക്ക് ബി.ജെ.പി മാർച്ച് നടത്തി.
ആത്മഹത്യക്കുറിപ്പിൽ പറയുന്നത് :
‘ഞാൻ കഴിഞ്ഞ 12 വർഷമായി വലിയശാലയിൽ പ്രവർത്തിക്കുന്ന ജില്ല ഫാം ടൂർ സൊസൈറ്റിയുടെ സഹകരണ സംഘം പ്രസിഡന്റാണ്. എന്നെ ഏൽപിച്ച നാൾ മുതൽ ഞാനും സെക്രട്ടറിയും മറ്റ് ഭരണസമിതിയും യാതൊരു വീഴ്ചയും വരുത്താതെ സംഘത്തെ മുന്നോട്ട് കൊണ്ടുപോയി. ഇപ്പോൾ സംഘത്തിൽ ഒരു പ്രതിസന്ധിയുണ്ട്. ഇതുവരെയും എഫ്.ഡി കൊടുക്കേണ്ട എല്ലാവർക്കും കൊടുത്തു. നേരത്തെപോലെ ചിട്ടിയിലുള്ള ദിവസവരുമാനം ഇല്ലാതെയായി. ഇപ്പോൾ എഫ്.ഡി ഇട്ട ആളുകൾ അവരുടെ പണത്തിനായി ആവശ്യത്തിലധികം സമ്മർദ്ദം നൽകുകയാണ്. നമുക്ക് തിരിച്ചുപിടിക്കാൻ ധാരാളം തുകയുണ്ട്. നമ്മുടെ ആൾക്കാരെ സഹായിച്ചു. മറ്റു നടപടികൾക്ക് ഒന്നും പോകാതെ പല അവധി പറഞ്ഞ് തിരിച്ചടയ്ക്കാൻ കാലതാമസം ഉണ്ടാക്കി. താനോ സംഘത്തിലെ ഭരണസമിതിയോ യാതൊരു ക്രമക്കേടും ഉണ്ടാക്കിയിട്ടില്ല. ഇപ്പോൾ ജനങ്ങൾ എഫ്.ഡി പിൻവലിക്കാൻ വരുമ്പോഴുള്ള പ്രശ്നങ്ങളാണ്. എനിക്ക് മാനസികമായി വലിയ സമ്മർദ്ദമുണ്ട്. വിഷമം ഉണ്ട്. കൗൺസിലർ എന്ന നിലയിലും വലിയ മാനസിക വിഷമം വലുതാണ്. ഈ പണത്തിൽ നിന്നും ഒരു നയാപൈസ ഞാൻ ചെലവാക്കിയിട്ടില്ല. ജനങ്ങൾ എന്നിൽ അർപ്പിച്ചിട്ടുള്ള വിശ്വാസത്തിൽ ഒരു കണികപോലും വീഴ്ച വരുത്തിയിട്ടില്ല. എന്റെ സഹകൗൺസിലർമാരായി പ്രവർത്തിക്കുന്നവരോടായി, ഇതുവരെ സഹകരിച്ച എല്ലാവർക്കും നന്ദി. ഏതെങ്കിലും തരത്തിൽ ആർക്കെങ്കിലും എന്നിൽ നിന്ന് വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ സദയം ക്ഷമ ചോദിക്കുന്നു.
എഫ്.ഡി പിൻവലിക്കാൻ വരുന്നവർ കുറച്ച് സമയം അനുവദിച്ചുകൊടുക്കണം. തുക തിരിച്ചുപിടിച്ച് എല്ലാവർക്കും അവരവരുടെ പണം തിരിച്ചു നൽകും. ഒരു പൊതുപ്രവർത്തകൻ എന്നനിലയിൽ വല്ലാതെ മാനസിക ആഘാതം നേരിടുകയാണ്. ഇപ്പോൾ എന്നെ എല്ലാവരും ഒറ്റപ്പെടുത്തി. നിങ്ങൾ പണം നിക്ഷേപിച്ചത് ഒരു സൊസൈറ്റിയിലാണ്. അതിന്റെ എഫ്.ഡി സർട്ടിഫിക്കറ്റ് തന്നിട്ടുണ്ട്. ഇതൊന്നും വ്യക്തിപരമായി എടുക്കേണ്ടതില്ല. എനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഈ സമ്മർദ്ദത്തിന് വിധേയനായി വന്നുപോയതാണ്’ എന്ന് എഴുതിയ ശേഷം ‘ചെലവിനുള്ള പണം വച്ചിട്ടുണ്ട്’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

