ഖുർആൻ മുൻനിർത്തി സത്യം ചെയ്യാമെന്ന് കെ.ടി. ജലീൽ; ‘ഭാര്യയുടെ പ്രിന്‍സിപ്പൽ നിയമനത്തിൽ ഇടപെട്ടിട്ടില്ല’
text_fieldsകെടി ജലീൽ, സിദ്ദീഖ് പന്താവൂര്‍
മലപ്പുറം: ഭാര്യ എം.പി. ഫാത്തിമക്കുട്ടിക്ക് വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പലായി നിയമനം നൽകിയത് സീനിയോറിറ്റി മറികടന്നാണെന്ന് കോൺഗ്രസ് നേതാവിന്‍റെ ആരോപണം തള്ളി കെ.ടി. ജലീൽ എം.എൽ.എ രംഗത്ത്. ആരോപണം പച്ചക്കള്ളമാണെന്ന് കെ.ടി. ജലീൽ എം.എൽ.എ പറഞ്ഞു.
ഒമ്പതു വർഷം മുമ്പാണ് ഭാര്യ ഫാത്തിമക്കുട്ടി വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി നിയമിതയായത്. സീനിയോറിറ്റി പരിഗണിച്ച് നിയമാനുസരണമാണ് സ്കൂൾ മാനേജർ ഫാത്തിമക്കുട്ടിയെ പ്രിൻസിപ്പലായി നിയമിച്ചത്. അതിനെതിരെ മറ്റൊരു അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരാതിക്കാരിയെയും മാനേജരെയും ആർ.ഡി.ഡി നേരിൽ കേട്ടു.
പരാതി നിലനിൽക്കില്ലെന്നും ഫാത്തിമക്കുട്ടിക്ക് അപ്രൂവൽ നൽകാമെന്നും ആർ.ഡി.ഡി ഉത്തരവിട്ടു. ഇതിൽ ഒരു ഘട്ടത്തിലും താൻ ഇടപെട്ടിട്ടില്ല. അന്ന് നിയമനം നൽകിയ സ്കൂൾ മാനേജിങ് കമ്മിറ്റിയുടെ പ്രസിഡന്റും സെക്രട്ടറിയും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. സംശയമുള്ളവർക്ക് അവരോട് ചോദിക്കാം. ഇക്കാര്യം ഖുർആൻ മുൻനിർത്തി എനിക്ക് സത്യം ചെയ്യാൻ കഴിയുമെന്നും കെ.ടി. ജലീൽ പറഞ്ഞു.
കെ.ടി. ജലീലിന്‍റെ ഭാര്യ എം.പി. ഫാത്തിമക്കുട്ടിക്ക് വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പലായി നിയമനം നൽകിയത് സീനിയോറിറ്റി മറികടന്നാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കോമേഴ്സ് വിഭാഗത്തിലെ വി.കെ. പ്രീത എന്ന അധ്യാപികയായിരുന്നു ചട്ടപ്രകാരം പ്രിന്‍സിപ്പലാകാന്‍ യോഗ്യയെന്നും അത് മറികടന്നാണ് എം.പി. ഫാത്തിമക്കുട്ടിയെ നിയമിച്ചതെന്നും സിദ്ദീഖ് പറഞ്ഞു.
ഫാത്തിമക്കുട്ടിക്കും വി.കെ. പ്രീതക്കും ഒരേ സീനിയോറിറ്റിയാണ് ഉണ്ടായിരുന്നത്. ഒരേ സീനിയോറിറ്റിയിലുള്ളവരാണെങ്കില്‍ പ്രായം പരിഗണിച്ചാണ് നിയമനം നടത്തേണ്ടത്. സീനിയോറിറ്റി പട്ടിക സ്‌കൂള്‍ മാനേജ്മെന്റ് തെറ്റായാണ് പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ വി.കെ. പ്രീത അടക്കമുള്ള അധ്യാപകര്‍ മാനേജർക്കും ആർ.ഡി.ഡിക്കും പരാതി നല്‍കിയിരുന്നെന്നും സിദ്ദീഖ് പന്താവൂര്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

