കാന്തപുരത്തെ പിന്തുണച്ച് ഹുസൈൻ മടവൂർ; ‘കാന്തപുരം പറഞ്ഞത് മത വിഷയം, സി.പി.എമ്മിന്റെ അടിസ്ഥാനം ദൈവ നിഷേധം’
text_fieldsമലപ്പുറം: സ്ത്രീ -പുരുഷ ഇടകലരൽ സംബന്ധിച്ച കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ നിലപാടിനെ പിന്തുണച്ച് മുജാഹിദ് നേതാവ് ഡോ. ഹുസൈൻ മടവൂർ. കാന്തപുരം സംസാരിച്ചത് മത വിഷയമാണെന്നും രാഷ്ട്രീയ പാർട്ടികൾ അതിൽ അഭിപ്രായം പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പിഎം ഈ വിഷയത്തിൽ ഇടപെടേണ്ട ആവശ്യമില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാനം തന്നെ ദൈവം ഇല്ല എന്നതാണല്ലോ എന്നും ഹുസൈൻ മടവൂർ പറഞ്ഞു.
‘കാന്തപുരവുമായി പല വിഷയത്തിലും അഭിപ്രായ വ്യത്യാസമുള്ളയാളാണ് ഞാൻ. പക്ഷേ, അദ്ദേഹം ഈ വിഷയത്തിൽ പറഞ്ഞ അഭിപ്രായം ശരിയാണ്. അന്യ സ്ത്രീ പുരുഷൻമാർ വ്യായാമ മുറകൾ പരിശീലിക്കുമ്പോൾ ഇടകലരുന്നത് ഇസ്‍ലാമികമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. വ്യായാമം നല്ലതാണ്. എന്റെ നാട്ടിലും ഈ പറഞ്ഞ വ്യായാമം നടക്കുന്നുണ്ട്. അത് ആരോഗ്യകരമാണ്. അതിൽ സ്ത്രീകളും പുരുഷൻമാരും വെവ്വേറെയാണ് പങ്കെടുക്കുന്നത്. അവിഹിത ബന്ധങ്ങളാണ് പീഡനമടക്കം സമൂഹത്തിലെ പല പ്രശ്നങ്ങൾക്കും കാരണം. അത്തരം അവസരങ്ങൾ ഇല്ലാതാക്കാനാണ് ഇസ്‍ലാം ഇക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവന്നത്. സ്ത്രീ പുരുഷ സമത്വമല്ല, ലിംഗ നീതിയാണ് സമൂഹത്തിൽ വേണ്ടത്. പൊതുവിടങ്ങളിൽ അന്യ പുരുഷനുമൊത്ത് ഇടപഴകുന്നതിലാണ് വിലക്ക്. പഠിക്കുന്നതിലോ പൊതുസ്ഥാനങ്ങളോ പദവികളോ വഹിക്കുന്നതിലോ അല്ല. വിഷയം ജുമുഅ ഖുത്തുബയിൽ അടക്കം മതവേദികളിൽ ഉന്നയിക്കും. ഇപ്പോൾ എന്ത് വന്നാലും ആഗോള ഇസ്‍ലാമിക ഭീകരവാദവുമായി കൂട്ടിക്കെട്ടി പറയുന്ന രീതി ഉണ്ട്. നായെ വണ്ടിക്ക് പിന്നിൽ കെട്ടിവലിച്ചതിനെ വരെ മതവുമായി കൂട്ടിക്കെട്ടി. എന്നാൽ, സ്വന്തം കുഞ്ഞിനെയും ഭർത്താവിന്റെ അമ്മയെയും കൊന്ന യുവതിയുടെ കാര്യത്തിൽ ആരും മതം പറയുന്നില്ല. കുറ്റകൃത്യങ്ങളിൽ പ്രതി മുസ്‍ലിമാണെങ്കിൽ മതം പറയുന്ന രീതി ഈയടുത്തായി ഉടലെടുത്തിട്ടുണ്ട്. ഇസ്‍ലാമിക കാര്യങ്ങളെ വിമർശിക്കുന്ന രീതി ഇപ്പോൾ യുക്തിവാദികൾക്കും മതവിരുദ്ധർക്കും ഫാഷിസ്റ്റുകൾക്കും ഉണ്ട്. മതപണ്ഡിതൻമാർ മതകാര്യങ്ങൾ ഉപദേശിക്കുന്നത് വിശ്വാസികളോടാണ്. റമദാനിൽ നോമ്പെടുക്കണമെന്ന് പണ്ഡിതൻമാർ പറഞ്ഞാൽ അത് വിശ്വാസികൾക്കാണ് ബാധകം. മറ്റുള്ളവർ നോമ്പെടുക്കണമെന്ന് അതിന് അർഥമില്ല. അതിൽ മറ്റുള്ളവർ അഭിപ്രായം പറയേണ്ടതില്ല.’ -ഹുസൈൻ മടവൂർ വ്യക്തമാക്കി.
മെക് സെവൻ വ്യായാമ കൂട്ടായ്മയിൽ സ്ത്രീകളും പുരുഷന്മാരും ഇടകലരുന്നുവെന്നും സ്ത്രീ പുരുഷനെ കാണുന്നതും നോക്കുന്നതും ഹറാമാണെന്ന മതനിയമം തെറ്റിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്നുമായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന.
കഴിഞ്ഞ ദിവസം കുഴിമണ്ണയിൽ നടന്ന പരിപാടിയിലാണ് സ്ത്രീയും പുരുഷനും ഇടകലര്‍ന്നുള്ള വ്യായാമ മുറകള്‍ മതം അംഗീകരിക്കുന്നില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ വ്യക്തമാക്കിയത്. വ്യായാമത്തിന്റെ മറവില്‍ മതവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണം. സുന്നികള്‍ വ്യായാമത്തിന് എതിരല്ല. പക്ഷേ, വിശ്വാസികള്‍ എല്ലാ കാര്യങ്ങളിലും മതനിഷ്ഠയുള്ളവരാകണമെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.
അതേസമയം, കാന്തപുരത്തിന്റെ നിലപാടിനെതിരെ പരോക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. സ്ത്രീകൾ പൊതു ഇടങ്ങളിൽ ഇറങ്ങരുത് എന്നത് പിന്തിരിപ്പൻ നിലപാടാണെന്ന് ഗോവിന്ദൻ പറഞ്ഞു. അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ല. അത്തരക്കാർ പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകേണ്ടി വരുമെന്നും പാർട്ടി സെക്രട്ടറി ഓർമിപ്പിച്ചു.
എന്നാൽ, എം.വി. ഗോവിന്ദന് വിമർശത്തെ പരിഹസിച്ച് കൊണ്ട് രംഗത്തെത്തിയ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കണ്ണൂർ ജില്ലയിലെ 18 സി.പി.എം ഏരിയ സെക്രട്ടറിമാരിൽ ഒരു സ്ത്രീ പോലുമില്ലെന്നും ഇസ്‌ലാമിന്‍റെ നിയമങ്ങൾ പണ്ഡിതന്മാർ പറയുമെന്നും മറുപടി നൽകി. 'ഇസ്‌ലാമിന്‍റെ നിയമങ്ങൾ ആലിമീങ്ങൾ പറയും. മറ്റുള്ള മതക്കാർ അതിൽ കടന്ന് കൂടി വന്നിട്ട് ഇസ്‌ലാമിന്‍റെ വിധി, അതിവിടെ നടപ്പാകൂല എന്ന് പറഞ്ഞാൽ... ഇന്നൊരാളുടെ പ്രസ്താവന കേട്ടു. അയാളുടെ പാർട്ടിയിൽ തന്നെ, അയാളുടെ ജില്ലയിൽ 18 ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തിരിക്കുന്നു. ഈ 18ഉം പുരുഷൻമാരാണ്. ഒറ്റ പെണ്ണിനെയും അവർക്ക് കിട്ടീട്ടില്ല....' -എന്നിങ്ങനെയായിരുന്നു എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരിഹാസം.
കാന്തപുരത്തെ പിന്തുണച്ച് സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും രംഗത്തെത്തിയിരുന്നു. മതവിധി പറയുന്ന പണ്ഡിതന്മാരെ കൊഞ്ഞനം കുത്തുന്ന പരിപാടി അവസാനിപ്പിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും രാഷ്ട്രീയലക്ഷ്യങ്ങൾവച്ച് പണ്ഡിതരുടെ അഭിപ്രായങ്ങളെ പിന്തുണച്ചാൽ പോരെന്നും അത് നടപ്പാക്കണമെന്നും ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു.
‘കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീകളെ സംബന്ധിച്ച മതവിധിയെ ചിലർ പിന്തുണച്ചുവെന്ന് പറയുന്നു. എന്നാൽ, പിന്തുണച്ചാൽ പോരാ നടപ്പിൽ വരുത്താൻ ശ്രമിക്കണം. മതവിധി പണ്ഡിതന്മാർ പറയുമ്പോൾ കൊഞ്ഞനം കാട്ടുകയല്ല വേണ്ടത്. സമസ്ത കേരള ജംഇഅത്തുൽ ഉലമ പല മതവിധികളും പറഞ്ഞു. മതവിധിയെ പരിഹസിക്കുകയും എതിർക്കുകയും ചെയ്യുന്ന ആളുകൾ, എതിർ രാഷ്ട്രീയ പാർട്ടികളെ എതിർക്കാനായി മതവിധിയെ പിന്തുണക്കുന്നുണ്ട്’ -ജിഫ്രി തങ്ങൾ പറഞ്ഞു.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയെ പിന്തുണച്ചും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പരാമർശത്തെ വിമർശിച്ചും ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തിയിരുന്നു. മത പണ്ഡിതര്‍ മതം പറയുമ്പോള്‍ മറ്റുളവര്‍ അതില്‍ എന്തിനാണ് ഇടപെടുന്നതെന്നും മതം പറയാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നുമാണ് പി.എം.എ സലാം പറഞ്ഞത്. കാന്തപുരം എന്നും തെറ്റുകള്‍ക്കെതിരെ പറയുന്നയാളാണ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ അത് കണ്ടതാണ്. സി.പി.എമ്മിന്‍റെ പൊളിറ്റ് ബ്യൂറോയില്‍ ആകെയുള്ളത് ഒരു സ്ത്രീ മാത്രമാണ്. വനിതാ മുഖ്യമന്ത്രിമാര്‍ ഉണ്ടാകുന്നതിനെ സി.പി.എം തടഞ്ഞെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നും സ്ത്രീകള്‍ക്ക് എതിരാണെന്നും പി.എം.എ സലാം കുറ്റപ്പെടുത്തുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.