ശസ്ത്രക്രിയ കഴിഞ്ഞ വീട്ടമ്മ മരിച്ചു; മെഡിക്കൽ കോളജിൽ ചികിത്സാ പിഴവെന്ന് പരാതി
text_fieldsഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയക്കുശേഷം വീട്ടമ്മ മരിച്ചത് ചികിത്സ പിഴവ് മൂലമെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ചങ്ങനാശേരി പുത്തൂർപ്പള്ളി പുതുപറമ്പിൽ വീട്ടിൽ ഹസീന (49)യാണ് മരിച്ചത്.
കഴിഞ്ഞ മാസം 17നാണ് ഹസീനയെ ശസ്ത്രക്രിയക്ക് ആശുപത്രയിൽ പ്രവേശിപ്പിച്ചത്. 18ന് ശസ്ത്രക്രിയ നടത്തി വാർഡിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ 26ന് ഡിസ്ചർജിന് നിർദേശിച്ചു. ഈ സമയം ശാരീരിക അസ്വസ്ഥതകളും വയറിന് അമിത വേദനയും പനിയുമുള്ളത് അധികൃതരെ അറിയിച്ചെങ്കിലും പാരസെറ്റാമോൾ ഗുളിക നൽകി അയച്ചതായി ബന്ധുക്കൾ പറഞ്ഞു.
വീട്ടിലെത്തിയ ഹസീനയുടെ ആരോഗ്യസ്ഥിതി അതി ഗുരുതരമാകുകയും ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ തുന്നലിൽനിന്ന് രക്തവും പഴുപ്പും ഒഴുകുകയും വയറ് ചുവന്ന് വീർക്കുകയും ചെയ്തു. ആരോഗ്യനില മോശമായതിനെ തുടർന്ന് 28ന് രാത്രിയോടെ വീണ്ടും ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
വയറിൽ അമിതമായി രക്തവും പഴുപ്പും കെട്ടിക്കിടന്നതിനാൽ പഴുപ്പ് കുത്തിയെടുക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. വീണ്ടും ശസ്ത്രക്രിയ നടത്തി ക്രിറ്റിക്കൽ കെയർ ഐ.സി.യുവിലേക്ക് മാറ്റി. 30ന് സർജിക്കൽ വാർഡിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ ചെയ്ത ഭാഗത്തുനിന്നു രക്തവും പഴുപ്പും വീണ്ടും ഒഴുകാൻ തുടങ്ങി. പലതവണ അധികൃതരെ അറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ല. രക്തവും പഴുപ്പും പഞ്ഞികൊണ്ട് തുടച്ചാൽ മതിയെന്നാണ് അവർ പറഞ്ഞത്.
രക്തം അമിതമായി ഒഴുകിയപ്പോഴും വേണ്ടത്ര പരിചരണം നൽകിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ വയർ വീർക്കുകയും ശസ്ത്രക്രിയ ചെയ്ത തുന്നൽ പിളർന്ന് അമിതമായി രക്തവും പഴുപ്പും പുറത്തുവരികയും ചെയ്തു. ഉടൻ ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നുമണിയോടെ മരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭർത്താവ്: പി.കെ. ഹസൻകുഞ്ഞ്. മക്കൾ: അസീഫ് (ചങ്ങനാശേരി അസംപ്ഷൻ കോളജ് ബി.കോം രണ്ടാം വർഷ വിദ്യാർഥി), ഹെന്ന (ചാർട്ടേഡ് അകൗണ്ടന്റ്, ബ്രിട്ടൻ). സഹോദരങ്ങൾ: ഷീന, സബീന, അഷറഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

