'പെറ്റുകൂട്ടുന്നവർക്ക് ഇനാമായി സർക്കാർ ജില്ലയും നൽകുന്നുണ്ടോ, ഇവിടുള്ളത് പോരാതെ മുസ്‌ലിയാർ എവിടെന്നൊക്കെയോ ആളെ കൊണ്ടുവരുന്നു..!'; കാന്തപുരത്തെ അധിക്ഷേപിച്ച് ശശികല
text_fieldsമലപ്പുറം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർക്കെതിരെ വീണ്ടും അധിക്ഷേപവുമായി ഹിന്ദുഐക്യവേദി നേതാവ് കെ.പി. ശശികല. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരള മുസ്ലിം ജമാഅത്തിന്റെ കേരള യാത്രയിൽ ഉയർന്നിരുന്നു.
കേരള യാത്ര മലപ്പുറം ജില്ലയില്‍ എത്തിയപ്പോൾ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും യാത്രയുടെ ഉപനായകനുമായ ഇബ്രാഹിമുൽ ഖലീല്‍ അൽ ബുഖാരി തങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ജില്ലാ വിഭജനം മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി അതിനെ കാണണമെന്നുമാണ് ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞത്.
പ്രസ്താവന പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഹിന്ദുഐക്യവേദി നേതാവിന്റെ അധിക്ഷേപം. മലപ്പുറത്തെ പ്രശ്നം ജില്ലയല്ലെന്നും ജനസംഖ്യയാണെന്നും അതു കുറക്കാൻ മുസ്‌ലിയാർ എന്തെങ്കിലും പദ്ധതി കണ്ടിട്ടുണ്ടോ എന്നുമാണ് ശശികലയുടെ പരിഹാസ ചോദ്യം.
പെറ്റുകൂട്ടുന്നവർക്ക് ഇനാമായി സർക്കാർ ജില്ലയും മറ്റാനുകൂല്യങ്ങളും നല്കണോയെന്ന് ചോദിച്ച ശശികല, ഇവിടുള്ളതു പോരാതെ മുസ്‌ലിയാർ വേറെ എവിടന്നൊക്കെയോ കൊണ്ടുവന്ന് ജനസംഖ്യാകുറവ് പരിഹരിക്കാൻ നോക്കുന്നുമുണ്ടെന്ന അധിക്ഷേപവും നടത്തി.
കോഴിക്കോട്ടുകാരനായ കാന്തപുരം മുസ്‌ലിയാർക്ക് മലപ്പുറത്തിന്റെ കാര്യത്തിൽ എന്തിനാണ് ആശങ്കയെന്നും രാഷ്ട്ര നയത്തിനു വിരുദ്ധമായി മലപ്പുറത്ത് സംഭവിക്കുന്ന അന്യായ ജനസംഖ്യ കുറക്കുന്നതിൽ സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ട സ്ഥിതിക്ക് മലപ്പുറം കേന്ദ്രഭരണപ്രദേശമാക്കിയാൽ പരിഹാരമുണ്ടാകുമോയെന്നും ഹിന്ദുഐക്യവേദി നേതാവ് ചോദിക്കുന്നു.
കെ.പി.ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്
" മൊയ്ല്യാരെ അവിടുത്തെ പ്രശ്നം ജില്ലയില്ലാത്തതല്ലല്ലോ. ജനസംഖ്യയല്ലേ?. അതു കുറക്കാൻ നടപടി സ്വീകരിക്കുകയല്ലേ വേണ്ടത്?. അതിനായി മൊയ്ല്യാർ എന്തെങ്കിലും പദ്ധതി കണ്ടിട്ടുണ്ടോ ?. പെറ്റുകൂട്ടുന്നവർക്ക് ഇനാമായി സർക്കാർ ജില്ലയും മറ്റാൻ കൂല്യങ്ങളും നല്കണോ?. ഇവിടുള്ളതു പോരാതേ മൊയ്ല്യാര് വേറെ എവിടന്നൊക്കെയോ കൊണ്ടുവന്ന് ജനസംഖ്യാകുറവ് പരിഹരിക്കാൻ നോക്കുന്നുമുണ്ട്. രാഷ്ട്ര നയത്തിനു വിരുദ്ധമായി മലപ്പുറത്ത് സംഭവിക്കുന്ന അന്യായ ജനസംഖ്യ കുറക്കുന്നതിൽ സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ട സ്ഥിതിക്ക് മലപ്പുറം കേന്ദ്രഭരണപ്രദേശമാക്കിയാൽ പരിഹാരമുണ്ടാകുമോ ?. ബൈ ദ ബൈ കാന്തപുരവും നോളജ് സിറ്റിയും രണ്ടും കോഴിക്കോട് ജില്ലയിലാണ് പക്ഷേ മൊയ്ല്യാർക്ക് ആശങ്ക മലപ്പുറത്തേപ്പറ്റിയും അതെന്താണാവോ അങ്ങനെ?"
രാജ്യം മലപ്പുറത്തെ മാതൃകയാക്കണം -കാന്തപുരം
അരീക്കോട്: സാമൂഹികജീവിതത്തെ സുരക്ഷിതമാക്കാനും മികച്ച ഭാവി കെട്ടിപ്പടുക്കാനും മലപ്പുറത്തെ സൗഹൃദാന്തരീക്ഷത്തെയും പരസ്പര കരുതലിനെയും രാജ്യം മാതൃകയാക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയാത്രക്ക് അരീക്കോട്ട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥാനായകൻകൂടിയായ കാന്തപുരം.
ജനങ്ങളുടെ മുൻകൈയിൽ ഇവിടെ നടക്കുന്ന വികസന-ക്ഷേമപ്രവർത്തനങ്ങൾ ലോകത്തിനുതന്നെ മാതൃകയാണ്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടും അതിനു മുമ്പും നമ്മുടെ നാടിനുവേണ്ടി ചരിത്രത്തിൽ ഏറ്റവും ത്യാഗോജ്ജ്വലമായി സമരങ്ങൾ നടന്ന പ്രദേശമാണ് മലപ്പുറമെന്നും കാന്തപുരം പറഞ്ഞു.
കേരളയാത്രയെ ഏഴാം ദിവസം മലപ്പുറം ജില്ല അതിർത്തിയായ വഴിക്കടവിൽ സ്വീകരിച്ചു. മലപ്പുറത്തേക്കുള്ള യാത്രയിൽ വഴിയോരങ്ങളിൽ യാത്രയെ അഭിവാദ്യംചെയ്ത് ജനങ്ങൾ അണിനിരന്നു. മലപ്പുറത്ത് സ്‌നേഹവിരുന്നും നടന്നു.
അരീക്കോട് നഗരത്തിൽ റാലിയും സെന്റിനറി ഗാർഡ് പരേഡും നടന്നു. മീരാന്‍ മുസ്‌ലിയാർ നഗരിയിൽ നടന്ന സ്വീകരണസമ്മേളനത്തിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തി. അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബുഷാവേസ് ഉദ്ഘാടനം ചെയ്തു. യാത്ര ഉപനായകരായ ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി എന്നിവർ സംസാരിച്ചു. സി. മുഹമ്മദ് ഫൈസിയും ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയും പ്രമേയപ്രഭാഷണം നടത്തി.
വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി, ഹുസൈൻ സഖാഫി ചുള്ളിക്കോട്, കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ, എ. വിജയരാഘവൻ, ഫാ. തോമസ് കുര്യൻ താഴയിൽ കോർ എപ്പിസ്‌കോപ്പ, മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, വി.എസ്. ജോയ്, അഡ്വ. സഫീർ, വി.ആർ. അനൂപ് എന്നിവർ സംബന്ധിച്ചു. വടശ്ശേരി ഹസൻ മുസ്‌ലിയാർ സ്വാഗതവും മുനവ്വർ നന്ദിയും പറഞ്ഞു.
യാത്രക്ക് വ്യാഴാഴ്ച തിരൂർ, ജനുവരി ഒമ്പതിന് ഒറ്റപ്പാലം, 10ന് ചാവക്കാട്, 11ന് എറണാകുളം മറൈൻ ഡ്രൈവ്, 12ന് തൊടുപുഴ, 13ന് കോട്ടയം, 14ന് രാവിലെ പത്തിന് പത്തനംതിട്ട, വൈകീട്ട് അഞ്ചിന് കായംകുളം, 15ന് കൊല്ലം എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 16ന് വൈകീട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലാണ് സമാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

