‘എന്റെ മക്കൾ പുതിയ സ്കൂളിലേക്ക്; അവരുടെ അന്തസ്സ് ഉയർത്തിപ്പിടിച്ചു തന്നെ..’ - പിന്തുണക്ക് നന്ദി പറഞ്ഞ് ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാർഥിനിയുടെ പിതാവ്
text_fieldsപിതാവ് അനസ് നൈനയുടെ എഫ്.ബി പോസ്റ്റ്
കൊച്ചി: ‘പ്രിയപെട്ടവരെ, മക്കൾ ഇന്ന് പുതിയ സ്കൂളിലേക്ക്.. അവരുടെ ഡിഗ്നിറ്റി ഉയർത്തിപിടിച്ചു തന്നെ. അവളുടെ തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്’ ....
കേരളത്തെ പിടിച്ചുലച്ച എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ ശിരോവസ്ത്ര വിലക്ക് നേരിട്ട പെൺകുട്ടിയുടെ പിതാവ് അനസ് നൈനയാണ് ബുധനാഴ്ച രാവിലെ തന്റെ ഫേസ് ബുക് പേജിലൂടെ പങ്കുവെച്ച കുറിപ്പാണിത്. മക്കൾ രണ്ടു പേരുടെയും ചിത്രവും പങ്കുവെച്ചായിരുന്നു ഫേസ് ബുക്ക് കുറിപ്പ്.
‘പ്രതിസന്ധി ഘട്ടത്തിൽ, ആൾക്കൂട്ടങ്ങളുടെയോ, സംഘടിത ശക്തിയുടെയോ പിൻ ബലമില്ലാത്ത ഒരു സാധാരണക്കാരനായ എന്റെ ഒപ്പം നിന്ന മുഴുവൻ പേർക്കും പ്രാർത്ഥനാ മനസ്സോടെ,
നന്ദിയോടെ... വൈവിധ്യങ്ങളുടെ കളറുള്ള പുതു ലോക ക്രമത്തിലേക്ക് നമ്മുടെ മക്കൾ യാത്ര തുടരട്ടെ’ -അദ്ദേഹം കുറിച്ചു.
മകളെ അതേ സ്കുളിലേക്ക് അയക്കുന്നില്ലെന്ന് പിതാവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
പള്ളുരുത്തിയിലെ തന്നെ ഡോൺ പബ്ലിക് സ്കൂളിലാണ് മക്കളെ പുതുതായി ചേർത്തിയതെന്ന് പിതാവ് കമന്റ് ബോക്സിൽ മറുപടിയായി കുറിച്ചു.
സെന്റ് റീത്താസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകൾ ശിരോവസ്ത്രം ധരിച്ച് സ്കൂളിലെത്തുന്നത് അധികൃതർ വിലക്കിയതിനെ പിതാവ് ചോദ്യം ചെയ്ത് രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കം കുറിക്കുന്നത്. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ അന്വേഷണം നടത്തിയിരുന്നു.
അന്വേഷണത്തിന് ശേഷം സമർപ്പിച്ച റിപ്പോർട്ടിൽ സ്കൂളിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്നും സ്കൂൾ നിഷ്കർഷിക്കുന്ന യൂനിഫോമിന്‍റെ രീതിയിലെ ശിരോവസ്ത്രം ധരിച്ച് കുട്ടിക്ക് സ്കൂളിൽ വരാമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സ്കൂൾ മാനേജ്മെന്‍റ് ഹൈകോടതിയെ സമീപിച്ചു. എന്നാൽ, ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡി.ഡി.ഇയുടെ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈകോടതി തള്ളി.
സ്കൂളിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പരസ്യമായി രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു.
ശിരോവസ്ത്രം ധരിച്ച ടീച്ചർ സ്കൂളിൽ ഹിജാബ് പാടില്ലെന്ന് പറയുന്നത് വിരോധാഭാസമാണെന്നും കുട്ടി സ്കൂൾ വിടാൻ കാരണക്കാരായവർ മറുപടി പറയേണ്ടിവരുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കുട്ടി സ്കൂൾ വിട്ടുപോകുന്നതിന് കാരണക്കാരായവർ സർക്കാറിനോട് മറുപടി പറയേണ്ടിവരുമെന്നും മാനസിക സംഘർഷത്തിന്‍റെ പേരിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിൽ അതിന്‍റെ പൂർണ ഉത്തരവാദി സ്കൂൾ അധികാരികളായിരിക്കുമെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്. ഭരണഘടനയും വിദ്യാഭ്യാസ അവകാശ നിയമങ്ങളുമുണ്ട്. അതിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ വിദ്യാഭ്യാസം അനുവദിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, സ്കൂളിൽ തുടരാൻ താൽപര്യമില്ലെന്ന് പെൺകുട്ടി അറിയിച്ചതോടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹൈകോടതിയിൽ ജസ്റ്റിസ് വി.ജി അരുൺ ഹരജികൾ തീർപ്പാക്കി.
ഹിജാബ് വിവാദത്തിനിടെ സെന്റ് റീത്താസ് സ്കൂളിൽ നിന്നും ഏതാനും വിദ്യാർഥികൾ ടി.സി വാങ്ങി സ്കൂൾ വിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

