Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'സ്കൂളിൽ...

'സ്കൂളിൽ ചേർക്കുന്നതിന് മുൻപ് ഹിജാബ് ധരിക്കാൻ പാടില്ലെന്ന് അറിയിച്ചില്ല, കൂടെ നിന്നത് സർക്കാർ മാത്രം, കോൺഗ്രസ് ശ്രമിച്ചത് സമവായത്തിന്'; ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാര്‍ഥിനിയുടെ പിതാവ്

text_fields
bookmark_border
സ്കൂളിൽ ചേർക്കുന്നതിന് മുൻപ് ഹിജാബ് ധരിക്കാൻ പാടില്ലെന്ന് അറിയിച്ചില്ല, കൂടെ നിന്നത് സർക്കാർ മാത്രം, കോൺഗ്രസ് ശ്രമിച്ചത് സമവായത്തിന്; ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാര്‍ഥിനിയുടെ പിതാവ്
cancel
camera_alt

പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂള്‍, അനസ് നൈന

കൊച്ചി: മകളെ സ്കൂളിൽ ചേർക്കുന്നതിന് മുൻപ് ഹിജാബ് ധരിക്കാൻ പാടില്ല എന്ന നിബന്ധന സ്കൂൾ അധികൃതർ അറിയിച്ചിരുന്നില്ലെന്ന് എറണാകുളം പള്ളുരുത്തി സെന്റ് റിത്താസ് സ്കൂളിൽ നിന്ന് ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാർഥിയുടെ പിതാവ് അനസ് നൈന.

താൻ എവിടെയും ഒപ്പിട്ടില്ലെന്നും സ്കൂൾ അധികൃതർ കാണിച്ച പേപ്പറിൽ തന്റെ ഒപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തകനായ എം.അഫ്സൽ നടത്തിയ ഫോൺ അഭിമുഖത്തിലാണ് വിദ്യാർഥിയുടെ പിതാവ് ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഫ്സൽ അഭിമുഖം പങ്കുവെച്ചത്.

വിഷയത്തിൽ കോൺഗ്രസ് നേതാക്കാൾ തുടക്കം മുതൽ സമവായത്തിനാണ് ശ്രമിച്ചതെന്നും ഇതൊരു മുസ്ലിം-ക്രിസ്ത്യൻ പ്രശ്നമാകുന്നത് തടയുക എന്നതിലായിരുന്നു അവരുടെ ശ്രദ്ധയെന്നും അദ്ദേഹം പറയുന്നു. അതേസമയം, സർക്കാർ മാത്രമാണ് തങ്ങൾക്കൊപ്പം ശത്മായി നിന്നതെന്നും അനസ് അഭിമുഖത്തിൽ പറയുന്നു.

ഈ വിഷയത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയും തങ്ങളോട് ബന്ധപ്പെടുകയോ സഹായം വാഗ്ദനാം ചെയ്യുകയോ ചെയ്തിട്ടില്ല. എസ്.ഡി.പി.ഐ നേതാവിനെയും കൂട്ടിയാണ് താൻ സ്കൂളിൽ പോയതെന്നതെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. അദ്ദേഹത്തെ തനിക്ക് അറിയുകപോലുമില്ല. എങ്ങനെയോ കേട്ടറിഞ്ഞ് എത്തിയാതാണെന്ന് അഫ്സലിന് നൽകിയ അഭിമുഖത്തിൽ വിദ്യാർഥിയുടെ പിതാവ് അനസ് പറയുന്നു.

അഫ്സൽ എം. ഫേസ്ബുക്കിൽ പങ്കുവെച്ച അഭിമുഖം

"കുട്ടിയുടെ പിതാവ് അനസിനെ അനസ് നൈന വിളിച്ചിരുന്നു. അരമണിക്കൂർ ആ സാധു മനുഷ്യൻ എന്നോട് സംസാരിച്ചു. ആ പിതാവിനെയും കുടുംബത്തെയും പറ്റി ഒട്ടനവധി തെറ്റിദ്ധാരണകളും, നുണപ്രചാരണകളും പ്രചരിക്കുന്ന സാഹചര്യത്തിൽ കാര്യങ്ങളുടെ നിജസ്ഥിതി കൂടുതൽ അറിയാനാണ് ഞാൻ വിളിച്ചത്. ഞാൻ ചോദിച്ച ചോദ്യങ്ങളും, അതിന് ആ പിതാവ് നൽകിയ ഉത്തരങ്ങളും മാത്രം ആയിരിക്കും ഈ പോസ്റ്റിൽ.

  • താങ്കളുടെ കുടുംബ പശ്ചാത്തലം ആദ്യം ഒന്ന് പരിചയപ്പെടുത്താമോ?

എന്റെ പേര് അനസ്. എറണാകുളം ജില്ലയിൽ താമസം. ഭാര്യയും അഞ്ച് മക്കളും പ്രായമായ മാതാപിതാക്കളും അടങ്ങുന്ന കുടുംബം. നാല് പേർ പെണ്‍കുട്ടികളാണ്. അതിൽ ഒരാൾ റഷ്യയിൽ പഠിക്കുന്നു, മറ്റൊരാൾ ലണ്ടനിൽ, ഇളയ കുട്ടികളിൽ ഒരാളാണ് സെന്റ് റീത്താസിൽ 8ാം ക്ലാസിൽ പഠിക്കുന്ന മകൾ

  • താങ്കളുടെ തൊഴിൽ?

വാടകയ്ക്ക് ബോട്ട് ഓടിക്കുകയാണ്. ചെറിയ ഒരു ചെരിപ്പ് കട സ്വന്തമായുണ്ട്.

  • മകളെ സ്കൂളിൽ ചേർക്കുന്നതിന് മുൻപ് ഹിജാബ് ധരിക്കാൻ പാടില്ല എന്ന നിബന്ധന സ്കൂൾ അധികൃതർ അറിയിച്ചിരുന്നില്ലേ? ഫോമിൽ താങ്കൾ ഒപ്പിട്ടിരുന്നു എന്നാണ് സ്കൂളിന്റെ വാദം.

ഇല്ല. അങ്ങനെ ഒരു നിബന്ധന സ്കൂൾ അറിയിച്ചിട്ടില്ല. ഞാൻ എവിടെയും ഒപ്പും ഇട്ടിട്ടില്ല. സ്കൂൾ അധികൃതർ കാണിച്ച പേപ്പറിൽ എന്റെ ഒപ്പും ഇല്ല.

  • സ്കൂൾ ആരംഭിച്ച അന്ന് മുതൽ നാല് മാസത്തോളം കുട്ടി ഹിജാബ് ധരിക്കാതെയാണ് സ്കൂളിൽ പോയത്, ഇപ്പോൾ മനഃപൂർവം പ്രശ്നം ഉണ്ടാക്കാനുള്ള ശ്രമം ആണ് എന്നാണ് പ്രചരിക്കുന്ന വാദം. മറുപടി?

തെറ്റായ കാര്യമാണത്. സ്കൂളിൽ ഹിജാബ് ധരിച്ചാണ് മകൾ പോയിരുന്നത്. എന്നാൽ ക്ലാസിൽ ഹിജാബ് ധരിക്കാൻ അനുവാദം ഇല്ലാതിരുന്നതിനാൽ മകൾ ഹിജാബ് അഴിച്ചു വെച്ചാണ് ക്ലാസിൽ ഇരുന്നിരുന്നത്. അതിൽ മാനസിക പ്രയാസവും മകൾക്ക് ഉണ്ടായിരുന്നു.

  • പിന്നെ എങ്ങനെയാണ് ഈ പ്രശ്നങ്ങൾ ആരംഭിച്ചത്?

ഈ മാസം ആദ്യം സ്‌കൂളിൽ നടന്ന ഒരു പൊതുപരിപാടിയിൽ ക്ലാസ് ടൈം അല്ലല്ലോ എന്ന ധാരണയിൽ മകൾ ഹിജാബ് ഇട്ടുകൊണ്ട് പങ്കെടുത്തു. ഇതേതുടർന്ന് സ്കൂളിലെ അദ്ധ്യാപകർ ക്ലാസ് ഇല്ലാത്ത അവസരത്തിലായിട്ടും കുട്ടിയെ ഹിജാബിൻ്റെ പേരിൽ മറ്റ് കുട്ടികളുടെ മുൻപിൽ വെച്ച് പരസ്യമായി ശാസിക്കുകയും, ഹിജാബ് അഴിപ്പിക്കുകയും ചെയ്തു. വളരെയധികം മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തിലാണ് അധ്യാപകരും പ്രിൻസിപ്പലും കുട്ടിയോട് പെരുമാറിയത്.

ഇക്കാര്യം അന്വേഷിക്കാനായി ഞാൻ സ്കൂളിൽ എത്തിയപ്പോൾ അധ്യാപകരും പ്രിൻസിപ്പലും എന്നോടും വളരെ മോശമായാണ് പെരുമാറിയത്. കുട്ടിയെ മാനസിക സമ്മർദം ചെലുത്തിയ കാരണത്താൽ പൊലീസിൽ പരാതി പറയും എന്ന് പറഞ്ഞപ്പോൾ ഞങ്ങൾക്ക് അക്കാര്യത്തിൽ ഭയമില്ല, നിങ്ങൾ പരാതി കൊടുത്തോളൂ എന്നായിരുന്നു അവരുടെ മറുപടി. അതെന്നെ വളരെ പ്രയാസത്തിൽ ആക്കി.

പിടിഎ പ്രസിഡന്റ് എന്നവകാശപ്പെടുന്ന ഒരു വ്യക്തി, അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് കൂടെയാണ്, അദ്ദേഹം വളരെ മോശമായാണ് ഞങ്ങളോട് സംസാരിച്ചത്. ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകുന്നതിന് മുൻപ് തന്നെ അദ്ദേഹം ഒരു സഭയുടെ യൂട്യൂബ് ചാനലിൽ പോയി സമൂഹത്തിൽ വർഗീയത പ്രചരിപ്പിക്കുന്ന തരത്തിൽ അഭിമുഖം പോലും നൽകി. ആ സമയം ഇതൊരു പ്രശ്നം ആയിട്ടുണ്ടായിരുന്നില്ല. പിടിഎ പ്രസിഡന്റിന്റെ ഇടപെടൽ ആണ് കാര്യങ്ങൾ വഷളാക്കിയത്.

  • താങ്കളോടൊപ്പം ഒരു എസ്ഡിപിഐ നേതാവ് ഉണ്ടായിരുന്നു എന്നാണ് ആരോപണം. അതിന്റെ യാഥാർത്ഥ്യം എന്താണ്?

എനിക്ക് അദ്ദേഹത്തെ അറിയുക പോലുമില്ല. സ്കൂൾ പരിസരത്ത് റോഡ് പണി നടക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഞാൻ വിളിച്ചിട്ടോ, എന്റെ ഒപ്പമോ വന്ന ആളല്ല. ഈ പ്രശ്നങ്ങൾ അറിഞ്ഞു വന്ന ആളാണ്. എനിക്ക് അദ്ദേഹവുമായി ഒരു ബന്ധവുമില്ല.

  • ഇതൊരു ക്രമസമാധാന പ്രശ്നമായ ശേഷം സ്കൂൾ അടച്ചിടുകയാണ് ചെയ്തത്. സ്കൂൾ മുന്നോട്ട് വെച്ച വാദം എന്തായിരുന്നു? അവരുടെ ന്യായം എന്തായിരുന്നു?

ഇതേ ക്രമസമാധാന പ്രശ്‌നത്തിന്റെ ന്യായം തന്നെയാണ് സ്കൂൾ പറഞ്ഞത്. പ്രശ്നത്തെ വഷളാക്കുവാനുള്ള ശ്രമം സ്കൂളിന്റെ ഭാഗത്തു നിന്ന് ആദ്യമേ ഉണ്ടായിരുന്നു എന്ന് ഞാൻ പറഞ്ഞല്ലോ, ഹിജാബ് അനുവദിക്കില്ല എന്ന വാദത്തിൽ അവർ ഉറച്ചു നിന്നു. ഞാൻ മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും മറ്റ് സർക്കാർ സംവിധാനങ്ങൾക്കും പരാതി നൽകി. കാരണം എനിക്ക് ഒപ്പം നിൽക്കാൻ അപ്പോൾ ആരും ഉണ്ടായിരുന്നില്ല.

  • പ്രാദേശിക കോൺഗ്രസ് നേതൃത്വം താങ്കളെ കാണാൻ വന്നിരുന്നോ? ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എംപി ഹൈബി ഈഡൻ എന്നിവരുടെ നിലപാട് എന്തായിരുന്നു?

കോൺഗ്രസ് നേതാക്കൾ സമവായത്തിനാണ് ശ്രമിച്ചത്. അവർക്കിതൊരു മുസ്‌ലിം-ക്രിസ്ത്യൻ പ്രശ്നം ആവാൻ ഒട്ടും താൽപ്പര്യം ഉണ്ടായിരുന്നില്ല. കോടതി വിധി വരുന്നത് വരെ തൽക്കാലം വീട്ടിൽ നിന്ന് തട്ടം ഇട്ട് സ്കൂളിൽ പോയ ശേഷം പിന്നീട് മറ്റൊരു സ്കൂളിലേക്ക് മാറാൻ അവർ ആവശ്യപ്പെട്ടു. അതുവരെ സ്കൂളിൽ നിന്ന് മാറരുത് എന്നവർ ആവശ്യപ്പെട്ടു. എംഎൽഎ കെ.ബാബുവും മറ്റും ഇതേ കാര്യം ആവശ്യപ്പെട്ടു. ചർച്ച എന്ന പേരിൽ എന്നെ സ്കൂളിൽ വിളിച്ചു വരുത്തിയെങ്കിലും സ്കൂൾ അധികൃതർ പങ്കെടുത്തില്ല. അവർ കോടതിയിൽ പോയിരുന്നു. അപ്പോഴേയ്ക്കും വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് വന്നു.

  • വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് വന്ന ശേഷം എന്തായിരുന്നു സ്കൂളിന്റെ നിലപാട്?

അവർ അംഗീകരിച്ചില്ല. അവർ വീണ്ടും കോടതിയിൽ പോയി.

  • സ്കൂളിന്റെ അഭിഭാഷകയായ സ്ത്രീയെ പരിചയം ഉണ്ടോ?

ഇല്ല, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സാറിന്റെ സോഷ്യൽ മീഡിയ മാനേജർ ആണെന്നും, കോൺഗ്രസ് ലീഗൽ ഓഫീസിൽ ജോലി ചെയ്യുന്നുണ്ട് എന്നും കേൾക്കുന്നു. മറ്റൊന്നും അറിയില്ല.

  • സർക്കാറിന്റെ ഭാഗത്തു നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിച്ചോ?

ലഭിച്ചു. സത്യത്തിൽ സർക്കാർ മാത്രമാണ് ഞങ്ങൾക്കൊപ്പം നിന്നത്. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസിൽ നിന്ന് അദ്ദേഹത്തിന്റെ നിർദേശ പ്രകാരം എന്നെ വിളിച്ചിരുന്നു. കുട്ടിക്ക് കേരളത്തിൽ ഏത് സ്കൂളിൽ വേണമെങ്കിലും പ്രത്യേക ഓർഡർ ഇറക്കി അഡ്മിഷൻ വാങ്ങി നൽകാം എന്നും, കുട്ടിക്ക് ആവശ്യമായ കൗണ്സിലിംഗ്, നിയമ സഹായം, എന്തെങ്കിലും മാനസിക പ്രയാസം ഉണ്ടായിട്ടുണ്ടെങ്കിൽ സ്കൂളിനെതിരെ നടപടി എടുക്കാം എന്നും അദ്ദേഹം അറിയിച്ചു. ശിശുക്ഷേമ വകുപ്പിൽ നിന്ന് അഡ്വക്കേറ്റ് കെ.എസ് അരുൺ കുമാർ വീട്ടിൽ വന്നിരുന്നു. എൽഡിഎഫ് കൗണ്സിലർ വന്നിരുന്നു. സർക്കാർ ഇടപെടലിൽ തൃപ്തരാണ്.

  • ടിസി വാങ്ങി പോകുന്ന കാര്യം ചാനലുകളിൽ അറിയിച്ചപ്പോൾ താങ്കളുടെ കൂടെ നിന്ന അഭിഭാഷകൻ അമീൻ ഹസനെ എങ്ങനെയാണ് പരിചയം, അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവർത്തകനാണെന്നും, അവരുടെ ഗൂഢാലോചന ആണ് ഈ കേസെന്നും ചിലരുടെ കമന്റുകൾ കണ്ടിരുന്നു.

അമീൻ ഹസനെ എനിക്ക് മുൻപേ അറിയില്ല. ഈ വിഷയം ചർച്ചയായ ഒരു ദിവസം മാതൃഭൂമി ചാനലിൽ ഞങ്ങളെ പിന്തുണച്ചു കൊണ്ട് അദ്ദേഹം ചർച്ചയിൽ പങ്കെടുത്തപ്പോഴാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ഞാൻ അങ്ങോട്ട് ബന്ധപ്പെട്ട് നിയമസഹായം അവശ്യപ്പെട്ടതാണ്. എന്റെ മകൾ തട്ടം ഇട്ടു വരുന്നത് കൊണ്ട് മറ്റുള്ള കുട്ടികളിൽ ഭയം ഉണ്ടാവുന്നു എന്ന സ്‌കൂൾ പ്രിൻസിപ്പലിന്റെ പരാമർശം കൂടി ആയപ്പോൾ എനിക്ക് സമ്മർദം താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. ഞാനും കുടുംബവും സമൂഹത്തിൽ ഒറ്റപ്പെട്ടവരെപ്പോലെ ആയി. മകൾക്ക് ആ സ്കൂളിൽ നിന്ന് ഏത് വിധേനയും ടി.സി വാങ്ങി പോയാൽ മതി എന്നായി. അതുകൊണ്ടാണ് അദ്ദേഹത്തെ ബന്ധപ്പെട്ടത്. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അനുഭാവിയോ, പ്രവർത്തകനോ അല്ല.

  • ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ താങ്കളെ ഇതുവരെ (20/10/2025) ബന്ധപ്പെടുകയോ, പിന്തുണ നൽകുകയോ ചെയ്തിട്ടുണ്ടോ? എൽ.ഡി.എഫ്, യുഡി.എഫ്, മുസ്‌ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ മറ്റേതെങ്കിലും മുസ്‌ലിം സംഘടനകൾ?

ഇല്ല. എന്നെ ഒരു രാഷ്ട്രീയ പാർട്ടികളും ബന്ധപ്പെടുകയോ, ഏതെങ്കിലും തരത്തിലുള്ള സഹായം നൽകാമെന്ന് അറിയിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് ന്യായമായതും, നീതിയുക്തമായതുമായ സഹായമേ ആവശ്യമുള്ളൂ. മറ്റൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല."

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hijab BanErnakulamKeralaSt Ritas School Palluruthy
News Summary - Headscarf ban: Student's father's response
Next Story