അതിസുരക്ഷ നമ്പർ പ്ലേറ്റ്: സിംഗിൾബെഞ്ച് ഉത്തരവ് ശരിവെച്ച് ഹൈകോടതി ഡിവിഷൻബെഞ്ച്
text_fieldsകൊച്ചി: കേന്ദ്ര ഏജൻസിയുടെ ടൈപ് അപ്രൂവൽ സർട്ടിഫിക്കറ്റുള്ള നിർമാതാക്കൾക്ക് സംസ്ഥാന സർക്കാറിന്റെ തുടർഅനുമതിയില്ലാതെ 2019 ഏപ്രിൽ ഒന്നിനുമുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ അതിസുരക്ഷ നമ്പർ പ്ലേറ്റ് സ്ഥാപിക്കാനാവില്ലെന്ന് ഹൈകോടതി ഡിവിഷൻബെഞ്ച്. ഈ ആവശ്യമുന്നയിച്ച് നൽകിയ നൽകിയ ഹരജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചാണ് ചെന്നൈ മോട്ടോർ സൈൻസ് ഇന്ത്യ കമ്പനി നൽകിയ അപ്പീലിൽ ചീഫ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ഉത്തരവുകളിലൂടെയും ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയുടെയും അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാറിന്റെ അംഗീകാരം ഒഴിച്ചുകൂടാനാവാത്തതാണെന്നും ദേശീയ സുരക്ഷ മുൻനിർത്തിയാണ് കേന്ദ്രസർക്കാർ നിർദേശങ്ങൾ നൽകിയിട്ടുള്ളതെന്നും വ്യക്തമാണെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു.
സർക്കാറിന് ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരമുണ്ടെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. സിംഗിൾ ബെഞ്ച് ഉത്തരവ് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ സംബന്ധിച്ച സ്കീം നടപ്പാക്കുന്നതിനുള്ള വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നായിരുന്നു അപ്പീലിലെ വാദം. സംസ്ഥാന സർക്കാറിന്റെ തുടർഅനുമതി വേണമെന്ന് ചട്ടങ്ങളിൽ വ്യവസ്ഥയില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

