‘അമ്മയുടെ കേസിന് മാത്രമായി സ്പെഷ്യൽ കോടതി വേണ്ടിവരുമല്ലോ’; താരസംഘടനയെ പരിഹസിച്ച് ഹൈകോടതി
text_fieldsഹൈകോടതി
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്നുണ്ടാകുന്ന ഹരജികളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈകോടതി. നടി അൻസിബ ഹസനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തിയെന്ന കേസിൽ നടി ലക്ഷ്മിപ്രിയക്കെതിരെ തൃപ്പൂണിത്തുറ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ രൂക്ഷമായ വിമർശനം.
'അമ്മ' സംഘടനയുടെ ജനറൽ ബോഡി യോഗത്തിന് ശേഷമാണ് സംഘടനക്കുള്ളിലെ ഭിന്നതകൾ പരസ്യമായ തർക്കങ്ങളിലേക്ക് വഴിമാറിയത്. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ അംഗങ്ങൾ തമ്മിൽ പരസ്പരം ആരോപണങ്ങളും വിമർശനങ്ങളും ഉന്നയിച്ചിരുന്നു. ഇത്തരത്തിലുള്ള തർക്കത്തിനിടെയാണ് അൻസിബയും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്നങ്ങളും പുറത്തുവന്നത്.
അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ ഹരജി പരിഗണിക്കവെ, താരസംഘടനയുമായി ബന്ധപ്പെട്ട് തുടർച്ചയായി കേസുകൾ കോടതിയിൽ എത്തുന്നതിലാണ് ജസ്റ്റിസ് രൂക്ഷമായി പ്രതികരിച്ചത്.
‘ഇവരുടെ പ്രശ്നം തീർക്കാൻ മാത്രമേ ഇനി സമയമുള്ളൂ എന്ന് തോന്നുന്നു. 'അമ്മ'യിലെ കേസുകൾ പരിഗണിക്കാൻ പ്രത്യേകം സ്പെഷ്യൽ കോടതികൾ തന്നെ വേണ്ടിവരുമല്ലോ" എന്ന് കോടതി പരിഹാസരൂപേണ ചോദിച്ചു.
സാധാരണക്കാരായ ആളുകളുടെ നിരവധി പ്രധാനപ്പെട്ട പ്രശ്നങ്ങൾ കോടതിയുടെ പരിഗണനക്കായി കാത്തിരിക്കുമ്പോഴാണ് ഇത്തരം തർക്കങ്ങൾ തുടർച്ചയായി ഹരജികളായി എത്തുന്നതെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് ഹരജി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റിവെച്ചു.
2025 ആഗസ്റ്റിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം മോഹൻലാലിന്റെ നേതൃത്വത്തിലുള്ള സമിതി രാജിവെച്ചതിനെ തുടർന്നാണ് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള പുതിയ സമിതി അധികാരത്തിൽ വന്നത്. അമ്മയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രസിഡന്റാകുന്നു എന്ന നിലയിലായിരുന്നു ഇത്. എന്നാൽ ഈ സമിതിയുടെ പ്രവർത്തനം തുടക്കം മുതൽ വിവാദങ്ങളിൽ ആയിരുന്നു.
കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗം ബഹളത്തിൽ കലാശിക്കുകയായിരുന്നു. ജനറൽ സെക്രട്ടറി അവതരിപ്പിച്ച വരവ്-ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ഒരു വിഭാഗം അംഗങ്ങൾ ആരോപിച്ചു. പിന്നീട് ശ്വേതാ മേനോനും 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും കൂട്ടരാജി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് അൻസിബയുടെ ആരോപണങ്ങൾ വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

